ADVERTISEMENT

അന്തരീക്ഷ മലിനീകരണത്തിനു മുന്നിൽ മഹാരാഷ്ട്രയും മുട്ടുമടക്കേണ്ടിവരുമോ? സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അടുത്ത വർഷത്തോടെ രൂക്ഷമാകുമെന്ന പഠനറിപ്പോർട്ട് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ഓറഞ്ച് സോണിൽ നിന്ന് അപകടസാഹചര്യമുള്ള റെഡ് സോണിലേക്ക് മഹാരാഷ്ട്ര അടുത്ത വർഷം പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിൽ മലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യം സൂചിപ്പിക്കുന്ന റിപ്പോർട്ട് വലിയ ദുരിതം സംബന്ധിച്ച മുന്നറിയിപ്പാണ് നൽകുന്നത്. നിലവിൽ എയ്റോസോൾ ഒപ്റ്റിക്കൽ ഡെപ്ത്ത് (എഒഡി) 0.4 - 0.5 ആണ്. ഇത് അടുത്ത വർഷം ആകുമ്പോഴേക്കും 0.5 നു മുകളിൽ പോകുമെന്നാണ് പഠനം. ഇതോടെ അപകടസാഹചര്യമുള്ള റെഡ് സോണിലാകും സംസ്ഥാനത്തിന്റെ സ്ഥാനം

 

പുക, പൊടി, കടലിലെ ഉപ്പ്, കാർബണിന്റെ (കരി) വകഭേദങ്ങൾ എന്നീ ഘടകങ്ങളിലെ ദോഷകരമായ അംശങ്ങൾ അന്തരീക്ഷത്തെ കൂടുതൽ ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് മഹാരാഷ്ട്ര നീങ്ങുന്നത്. ‘എ ഡീപ് ഇൻസൈറ്റ് സ്റ്റേറ്റ് ലെവൽ എയ്റോസോൾ ഇൻ ഇന്ത്യ’ എന്ന പഠനത്തിലാണ് ഇൗ മുന്നറിയിപ്പ്. 2019 മുതൽ ഇതുവരെയുള്ള കാലത്ത് രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളൊഴിച്ച് മറ്റെല്ലായിടത്തും മലിനീകരണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

 

രാജസ്ഥാനും കേരളവും മാത്രമാണ് അന്തരീക്ഷ മലിനീകരണം കുറച്ചുകൊണ്ടുവന്നിട്ടുള്ളതെന്നും പഠനം പറയുന്നു. അന്തരീക്ഷ മലിനീകരണം വർധിക്കുക വഴി ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് രൂക്ഷമാകുന്നത് ഏറെ ഹാനികരവും കാൻസറിനു വരെ കാരണമാകാവുന്നതുമാണ്. പൊടിപടലങ്ങൾ വർധിക്കുന്നത് ദൂരക്കാഴ്ചയെയും ബാധിക്കും. റോ‍ഡ്, വിമാന ഗതാഗതത്തെയും ഇതു പ്രതികൂലമായി ബാധിച്ചേക്കാം. ആഗോള താപനത്തിനും അന്തരീക്ഷ മലിനീകരണം കാരണമാകും.

 

English Summary: Maharashtra to enter ‘highly vulnerable’ red zone for aerosol pollution in 2023: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com