ADVERTISEMENT

വീടിന്റെ പരിസരങ്ങളിലും മറ്റും ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടിയിടരുതെന്നു പറയാറുണ്ട്. ഇതിലൂടെ ഇഴജന്തുക്കൾക്കും മറ്റും പതുങ്ങിയിരിക്കാനുള്ള സൗകര്യമാണ് നമ്മൾ ഒരുക്കിക്കൊടുക്കുന്നത്. മിക്ക വീടുകൾക്കു സമീപത്തും ഉപയോഗമില്ലാത്ത പാദരക്ഷകൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഇതിലൂടെ അപകടം സ്വയം വിളിച്ചുവരുത്തുകയാണ് പലരും ചെയ്യുന്നത്. ഇങ്ങനെ വീടിനു സമീപം കൂട്ടിയിട്ടിരുന്ന ഷൂവിനുള്ളിൽ പതുങ്ങിയിരുന്ന മൂർഖൻ കുഞ്ഞിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മൂർഖൻ പാമ്പിനെ ഷൂവിനുള്ളിൽ കണ്ടെന്നു കേട്ട് ഇവിടെയെത്തിയ വാവ സുരേഷ് ആണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. തിരുവനന്തപുരത്തിനടുത്ത് പൗഡിക്കോണത്തിനു സമീപമുള്ള ആവുക്കുളത്തെ ബിനുവിന്റെ വീട്ടിൽ നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പാടശേഖരത്തിനു സമീപമാണ് ഈ വീട്. അതുകൊണ്ട് തന്നെ ഇവിടെ ഇഴജന്തുക്കൾ കാണപ്പെടുന്നത് സ്വാഭാവികമാണ്.വീടിനു സമീപം ഇഴജന്തുക്കൾ പതിയിരിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഇവയെ ഒഴിവാക്കാൻ ചെയ്യേണ്ടതെന്ന് വാവ സുരേഷ് വ്യക്തമാക്കി. ഇവിടെത്തന്നെ അപകടം ഒഴിവായത് ഇവരുടെ വളർത്തുനായ പാമ്പിനെ കണ്ട് നിർത്താതെ കുരച്ചതുകൊണ്ടാണ്. വീട്ടുകാർ വന്നപ്പോഴേക്കും പാമ്പ് കൂട്ടിയിട്ടിരുന്ന ഷൂവിനുള്ളിൽ പതുങ്ങിയിരുന്നു.

കുറച്ച് നാളുകൾക്ക് മുൻപ് തിരുവനന്തപുരം കരിക്കകത്ത് സമാനമായ സംഭവം നടന്നിരുന്നു. അന്ന് സ്കൂൾ വിദ്യാർത്ഥിനിയുടെ ഷൂവിനുള്ളിൽ നിന്നുമാണ് മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വാവ സുരേഷ് ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. അതുപോലെ തന്നെ മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ  ഹെൽമറ്റും ഷൂവുമൊക്കെ ഉപയോഗിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം  അതിനുള്ളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുണ്ട് .എത്ര മുന്നറിയിപ്പുണ്ടെങ്കിലും തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ ആരും തയാറാകില്ലെന്നതാണ് മറ്റൊരു സത്യം.തണുപ്പുകാലത്തും മഴക്കാലത്തുമാണ് ഇഴജന്തുക്കൾ നമ്മുടെ ഷൂവിനുള്ളിലും മറ്റും ചൂടുപറ്റി വിശ്രമിക്കാനെത്തുന്നത്. ഷൂസിനകത്തും ഹെൽമറ്റിനുള്ളിലുമൊക്കെ അവ മരണക്കെണിയുമായി പതിയിരിക്കും. അതുകൊണ്ട് തന്നെ പുറത്തിട്ടിരിക്കുന്ന ഷൂവും മറ്റും ധരിക്കുമ്പോൾ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. 

English Summary: Family finds baby cobra hiding in shoe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com