ഇരപിടിയൻ സ്രാവുകളെ വേട്ടയാടി കൊലയാളി തിമിംഗലങ്ങൾ; അപൂർവ കാഴ്ചയെന്ന് ഗവേഷകർ
Mail This Article
സമുദ്ര ജീവികളുടെ ജീവിത രീതികൾ ഗവേഷകർക്ക് മാത്രമല്ല ഏവർക്കും കൗതുകമുണർത്തുന്നവയാണ്. അവയുടെ രൂപവും പെരുമാറ്റ രീതികളുമെല്ലാം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്നവരുണ്ട്. ഇപ്പോഴിതാ ഓർക്ക തിമിംഗലങ്ങൾ സ്രാവുകളെ വേട്ടയാടി കൊല്ലുന്നതായി നിരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. കടലിലെ പ്രധാന ഇരപിടിയന്മാരായ ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവുകളെയാണ് ഓർക്ക അഥവാ കൊലയാളി തിമിംഗലക്കൂട്ടം വേട്ടയാടുന്നതായി കണ്ടെത്തിയത്. ഇതിന്റെ വിഡിയോയും പകർത്തിയിട്ടുണ്ട്.
ഇതാദ്യമായാണ് ഓർക്ക തിമിംഗലങ്ങൾ ഗ്രേറ്റ് വൈറ്റ് സ്രാവുകളെ വേട്ടയാടുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ മോസൽ ബെയിൽ നിന്നു പകർത്തിയ ദൃശ്യമാണത്. ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങൾ ഒരു മണിക്കൂറോളം സമയം ഗ്രേറ്റ് വൈറ്റ് സ്രാവുകളെ പിന്തുടരുകയായിരുന്നു. ഇവയിൽ ഒന്നിനെ തിമിംഗലങ്ങളിലൊന്ന് കടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം ഡ്രോൺ ഉപയോഗിച്ചാണ് പകർത്തിയിരിക്കുന്നത്. തിമിംഗലങ്ങൾ കൂട്ടമായി കടലിൽ ഒരു ഭാഗത്ത് മുങ്ങിത്താഴുന്നത് വിഡിയോയിൽ കാണാം. പിന്നാലെ കടലിലെ വെള്ളത്തിൽ രക്തം കലരുന്നതാണ് കാണാൻ കഴിയുന്നത്.
അധികം വൈകാതെ സ്രാവിനെയും കടിച്ചെടുത്ത് തിമിംഗലങ്ങളിലൊന്ന് ജലത്തിന്റെ ഉപരിതലത്തിലേക്കെത്തുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു കാഴ്ച ഇത്ര വിശദമായി ഇതാദ്യമായാണ് കാണാൻ സാധിക്കുന്നതെന്ന് മറൈൻ ഡൈനാമിക്സ് അക്കാദമിയിൽ സ്രാവുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനായ അലിസൺ ടൗണർ പറയുന്നു. അഞ്ച് തിമിംഗലങ്ങൾ ചേർന്നാണ് ഒരു ഗ്രേറ്റ് വൈറ്റ് സ്രാവിനെ കൊലപ്പെടുത്തിയത്. വേട്ടയാടലിനിടെ മറ്റ് മൂന്ന് സ്രാവുകളെയും തിമിംഗലക്കൂട്ടം കൊലപ്പെടുത്തിയിരുന്നു .
കൂട്ടമായി സഞ്ചരിക്കുന്ന ഏറ്റവും ബുദ്ധിശാലികളായ കടൽ ജീവികളാണ് ഓർക്ക തിമിംഗലങ്ങൾ. കൂട്ടം ചേർന്നുള്ള വേട്ടയാടൽ മൂലം ഇവയ്ക്ക് എളുപ്പത്തിൽ ഇരകളെ പിടികൂടാൻ സാധിക്കുന്നു. തിമിംഗലങ്ങൾ പൊതുവേ സ്രാവുകളെ വേട്ടയാടാറുണ്ടെങ്കിലും കടലിലെ തന്നെ പ്രധാനപ്പെട്ട ഇരപിടിയന്മാരിൽ ഒരു ഇനമായ ഗ്രേറ്റ് വൈറ്റ് സ്രാവുകളെ ഇവ പിടികൂടുന്നതായി അറിവുണ്ടായിരുന്നില്ല. എന്നാൽ തിമിംഗലങ്ങളുടെ ഈ പെരുമാറ്റത്തിന് പിന്നിൽ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോയെന്നത് ഇനിയും കൂടുതൽ നിരീക്ഷണങ്ങളിലൂടെ മാത്രമേ കണ്ടെത്താനാകൂവെന്ന് ഗവേഷകർ പറയുന്നു.
ടാഗിങ് നൽകിയിട്ടുള്ള തിമിംഗലങ്ങളാണ് വേട്ടയാടലിൽ ഏർപ്പെട്ടിരുന്നത്. ഇതിൽ ഒന്നുമാത്രമാണ് മുൻപ് സ്രാവുകളെ വേട്ടയാടിയിരുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാൽ ഒരു തിമിംഗലത്തിന്റെ രീതികൾ കൂട്ടത്തിലുള്ള മറ്റു തിമിംഗലങ്ങളും പിന്തുടരുന്നതായി വേണം അനുമാനിക്കാൻ എന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ആക്രമണത്തെ തുടർന്ന് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് സ്രാവുകൾ ഉടൻതന്നെ അവിടെ നിന്നും രക്ഷപ്പെട്ടു നീങ്ങിയിരുന്നു. അതിനുശേഷമുള്ള 45 ദിവസങ്ങൾക്കിടെ ഇവയിൽ ഒന്നിനെ മാത്രമാണ് ഗവേഷകർക്ക് വീണ്ടും കണ്ടെത്താനായത്. ശാസ്ത്ര ജേർണലായ എക്കോളജിയിലാണ് തിമിംഗലങ്ങളുടെ ഈ പ്രത്യേക പെരുമാറ്റ രീതിയെക്കുറിച്ചുള്ള പഠനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Video Shows First Proof Of Ocean's Predator Killing Great White Sharks