ADVERTISEMENT

പാമ്പിനെ പിടികൂടുന്നത് അത്ര നിസ്സാരമായ ജോലിയല്ല. പാമ്പുകളോടുള്ള പ്രത്യേക ഇഷ്ടം മൂലം സേവനമെന്ന നിലയിൽ അവയെ പിടികൂടി സുരക്ഷിത സ്ഥലങ്ങളിലേക്കെത്തിക്കുന്നവരുണ്ട്. എന്നാൽ ഉരഗവർഗങ്ങൾ ധാരാളമുള്ള ഓസ്ട്രേലിയയിൽ പാമ്പുപിടുത്തം ഒരു തൊഴിൽ മേഖലയായി തെരഞ്ഞെടുക്കുന്നവരാണ് അധികവും. മറ്റ് ഏതൊരു ജോലിയും പോലെ തന്നെയാണിതും. വ്യത്യസ്ത ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടുന്നതിനായി പരിശീലനം സിദ്ധിച്ചവരുള്ള നിരവധി സ്ഥാപനങ്ങളാണ് ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്നത്. അവശ്യഘട്ടങ്ങളിൽ വിളിച്ചാൽ പാമ്പുകളെ പിടികൂടിയ ശേഷം ഇവർക്ക്  നിശ്ചിത ഫീസ് നൽകുകയും വേണം. എന്നാൽ ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം പണം നൽകാൻ വിസമ്മതിച്ച ഒരു വീട്ടുടമയോട് താൻ പ്രതികരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൗത്ത് വെയിൽസ് സ്വദേശിയായ കോളിൻ ഷൂമാർക്ക് എന്ന പാമ്പുപിടുത്ത വിദഗ്ധൻ.

 

ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് കോളിൻ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. 2017ലായിരുന്നു സംഭവം. ഒരു വീട്ടിൽ അപകടകാരിയായ പാമ്പ് കയറിയതായി അറിയിച്ചതിനെത്തുടർന്നാണ് കോളിൻ അവിടേക്കെത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ വീട്ടിലെ റഫ്രിജറേറ്ററിനു പിന്നിൽ മറഞ്ഞിരുന്ന റെഡ് ബെല്ലിഡ് ബ്ലാക്ക് ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തുകയും ചെയ്തു. ഉഗ്രവിഷമുള്ള ഇനമായതിനാൽ റെഡ് ബെല്ലിഡ് ബ്ലാക്ക് ഇനത്തിൽപ്പെട്ട പാമ്പുകളെ പിടികൂടുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ തന്റെ ജോലിയുടെ ഭാഗമായതിനാൽ ജീവൻ പണയംവച്ച് തന്നെ കോളിൻ പാമ്പിനെ പിടികൂടുകയും ചെയ്തു.

 

പാമ്പിനെ പിടികൂടിയ ശേഷം പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുടമയുടെ തനിനിറം പുറത്തുവന്നത്. അത്രയും നേരം വീടിനുള്ളിൽ പാമ്പു കയറിയതിന്റെ പരിഭ്രാന്തിയിൽ കഴിഞ്ഞിരുന്ന ഉടമ അപകടം ഒഴിവായതോടെ കോളിന് പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. വീടിനുള്ളിൽ കയറുന്ന പാമ്പുകളെ പിടികൂടുന്നത് സൗജന്യ സേവനമാണെന്നായിരുന്നു വീട്ടുടമയുടെ വാദം. പല ആവർത്തി ആവശ്യപ്പെട്ടിട്ടും അദ്ദേഹം പണം നൽകാൻ കൂട്ടാക്കിയില്ലെന്ന് കോളിൻ വ്യക്തമാക്കി. ചെയ്ത ജോലിക്ക് പ്രതിഫലം നൽകാത്തതിനു പുറമേ ഉടമ തട്ടിക്കയറുകയുംകൂടി ചെയ്തതോടെ കോളിന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

പിടികൂടി ബാഗിലാക്കിയ പാമ്പിനെ അപ്പോൾ തന്നെ അദ്ദേഹം  വീടിനുള്ളിലേക്ക് തുറന്നു വിട്ടു. ഇത്തരം ഒരു പ്രതികരണം ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഉടമ ഭയന്നു നിലവിളിച്ചുകൊണ്ട് മേശപ്പുറത്തേക്ക് ചാടിക്കയറുകയായിരുന്നു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് കോളിനെ ഭീഷണിപ്പെടുത്തിയെങ്കിലും പോലീസെത്തിയാലും പാമ്പിനെ പിടികൂട്ടണമെങ്കിൽ തന്റെ സഹായം അവർക്ക് തേടേണ്ടി വരുമെന്നായിരുന്നു കോളിന്റെ മറുപടി. ഒടുവിൽ മറ്റു മാർഗമില്ലെന്ന് കണ്ടതോടെ വീട്ടുടമ പണം നൽകാൻ തയാറാവുകയായിരുന്നു.

 

ഈ സംഭവത്തിനുശേഷം ആവശ്യക്കാർ പണം അടയ്ക്കുന്നുണ്ടെന്ന് രണ്ടുവട്ടം പരിശോധിച്ചുറപ്പുവരുത്തിയ ശേഷമേ ജോലിക്ക് ഇറങ്ങാറുള്ളുവെന്ന് കോളിൻ പറയുന്നു. ഈ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മറ്റെല്ലാവരെയും പോലെ വീട്ടുചിലവുകൾ നിറവേറ്റുന്നത്. എന്നാൽ മൃഗങ്ങളുമായി ഇടപെടുന്ന ജോലികൾ ചെയ്യുന്നവരെ മറ്റു ജോലിക്കാരെ പോലെ കണക്കാക്കാൻ മടിക്കുന്നവർ സമൂഹത്തിൽ ധാരാളമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ ജോലിയിൽ എത്രത്തോളം അപകടസാധ്യത ഉണ്ടെന്ന് പലരും മനസ്സിലാക്കുന്നില്ല. 2016 മുതൽ പ്രൊഫഷണലായി പാമ്പുപിടുത്തം നടത്തിവരികയാണ് കോളിൻ.

 

English Summary: Snake catcher throws killer reptile back into man's house after he refuses to pay him

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com