മീൻപിടുത്തക്കാരനെ കടലിലേക്ക് വലിച്ചിട്ട് വമ്പൻ മത്സ്യം; ജഡം കണ്ടെത്താനാവാതെ അധികൃതർ

A Hawaii man told his friend he had hooked a
പ്രതീകാത്മക ചിത്രം. Image Credit: LUNAMARINA/Istock
SHARE

കടലിൽ മീൻപിടിക്കാനിറങ്ങുമ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ ഏറെയാണ്. സമുദ്ര ജീവികളുമായി ഏറ്റുമുട്ടലുണ്ടായാൽ ഒരുപക്ഷേ ജീവൻ തന്നെ നഷ്ടപ്പെട്ടെന്നും വരാം. അങ്ങനെയൊരു അപകടമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ഹാവായിൽ നടന്നത്. ബോട്ടിൽ മീൻ പിടിക്കാനായിറങ്ങിയ ഒരു വ്യക്തിയെ കൂറ്റൻ മത്സ്യം വലിച്ചു കടലിലിട്ടതിനെ തുടർന്ന് കാണാതായതായാണ് വാർത്ത. ജനുവരി 15 നായിരുന്നു സംഭവം. മാർക് നിറ്റിൽ എന്ന 63 കാരനെയാണ് കാണാതായത്.

സുഹൃത്തുക്കൾക്കൊപ്പമാണ് മാർക് മീൻ പിടിക്കാനായി ബോട്ടിൽ കടലിലേക്കിറങ്ങിയത്. മാർക്കിന്റെ ചൂണ്ടയിൽ കൂറ്റൻ ഒരു ട്യൂണ മത്സ്യം കുടങ്ങുകയായിരുന്നു. മീനിനെ വലിച്ച് ബോട്ടിലേക്ക് ഉയർത്താൻ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ അത് വലിയ മത്സ്യമാണെന്ന് മാർക് പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. യെല്ലോഫിൻ ട്യൂണ വിഭാഗത്തിൽപ്പെട്ട മീനായിരുന്നുവത്. എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മീൻ ശക്തമായി ചൂണ്ട താഴേക്ക് വലിച്ചതോടെ മാർക്ക് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

വെള്ളത്തിലേക്ക് വീണ മാർക് അൽപസമയത്തിനുശേഷം ഉപരിതലത്തിലേക്കുയർന്നു വന്നെങ്കിലും സെക്കൻഡുകൾക്കുള്ളിൽ വീണ്ടും ആഴത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ മാർക്കിനെ കണ്ട ഭാഗത്തേക്ക് തിരിഞ്ഞിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇവർ കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമായിരുന്നു.

പിന്നീട് നാല് ദിവസത്തോളം ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മാർക്കിന്റെ ജഡം പോലും കണ്ടെത്താനായില്ല. ഇതോടെ തിരച്ചിൽ നിർത്തിവച്ചതായി ഉദ്യോഗസ്ഥർ അറിയിക്കുകയും ചെയ്തു. മീൻപിടുത്ത ബോട്ട് നങ്കൂരമിട്ടിരുന്ന പ്രദേശത്തു നിന്ന് ഏറെ ദൂരത്തേക്ക് മീൻ മാർക്കിനെ വലിച്ചുകൊണ്ട് പോയിട്ടുണ്ടാകാമെന്നാണ് നിഗമനം. തീരദേശത്തോട് അടുത്തുള്ള മേഖലകളിലാണെങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങളിൽ ജഡം കണ്ടെത്താനാവൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏഴ് അടി നീളത്തിൽ വരെ വളരുന്നവയാണ് യെല്ലോഫിൻ ട്യൂണ മത്സ്യങ്ങൾ. പൂർണവളർച്ചയെത്തുന്നവയ്ക്ക് 450 പൗണ്ട്  (205 കിലോഗ്രാം)വരെ ഭാരവും ഇവയ്ക്കുണ്ടാകും. എഴു മുതൽ എട്ടുവർഷം വരെയാണ് ഇവയുടെ ശരാശരി  ആയുസ്സ്. സമുദ്രജീവികളിൽ തന്നെ വേഗമേറിയവയിൽ മുൻനിരക്കാരാണ് യെല്ലോഫിൻ ട്യൂണകൾ. ഇരപിടിയന്മാരിൽ നിന്നും വേഗത്തിൽ രക്ഷപ്പെടാനും അതേപോലെ ഇരയെ കണ്ടെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ഭക്ഷണമാക്കാനും ഇവയ്ക്ക് സാധിക്കും. മാർക്കിനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്ന് അറിയിപ്പുണ്ട്.

English Summary: A Hawaii man told his friend he had hooked a "huge" tuna while deep-sea fishing. He went overboard and is still missing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS