ADVERTISEMENT

ശക്തിയുടെ കാര്യത്തിൽ മുതലകളും ചീങ്കണ്ണികളും മുൻനിരക്കാരാണ്. ഒത്തുകിട്ടിയാൽ ഏത് മൃഗത്തെയും അതിന്റെ വലുപ്പമോ ശൗര്യമോ വകവയ്ക്കാതെ പിടികൂടാൻ ഇവയ്ക്കാവും. എന്നാൽ ഇവയുടെ യഥാർത്ഥ ശക്തി എത്രത്തോളമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നാം കരുതുന്നതിലും എത്രയോ മടങ്ങ് അപകടകാരികളാണ് ചീങ്കണ്ണികൾ എന്ന് വ്യക്തമായി കാണിച്ചു തരുന്ന വിഡിയോ അമേരിക്കയുടെ മുൻ പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാൻ പങ്കുവച്ചതോടെയാണ് ഏറെ ശ്രദ്ധ നേടിയത്.

 

ബലമേറിയ കമ്പിയഴികളുള്ള ഒരു വേലി നിസ്സാരമായി വളയ്ക്കുന്ന ചീങ്കണ്ണിയാണ് ഫ്ലോറിഡയിൽ നിന്നും പകർത്തിയിരിക്കുന്ന ദൃശ്യത്തിലുള്ളത്. മുന്നോട്ടു നീങ്ങുന്നതിനിടെയില്‍ കണ്ട വേലി മറികടക്കാൻ ശ്രമിക്കുകയായിരുന്നു കൂറ്റൻ ചീങ്കണ്ണി. എന്നാൽ ചീങ്കണ്ണിയുടെ ശരീരം കടന്നുപോകത്തക്ക അകലം വേലിക്കട്ടിന്റെ കമ്പിയഴികൾക്കില്ലായിരുന്നു . പക്ഷേ ഈ കാരണംകൊണ്ട് പിന്തിരിയാൻ ചീങ്കണ്ണി തയാറായിരുന്നില്ല. മുഖം ഒന്നുയർത്തി കമ്പി അഴികൾക്കിടയിലേക്ക് കടത്താൻ ശ്രമിച്ചപ്പോൾ തന്നെ അഴികൾ വളഞ്ഞു പോകുന്നത് വിഡിയോയിൽ കാണാം. 

 

ഇരുവശങ്ങളിലേക്കും കമ്പി അഴികൾ പൂർണമായി വളഞ്ഞതോടെ നിസ്സാരമായി ചീങ്കണ്ണിക്ക് മറുവശത്തേക്ക് കടക്കാനും സാധിച്ചു. കാലാവസ്ഥാ നിരീക്ഷകനായ മാറ്റ് ഡേവിറ്റിന്റെ  ട്വിറ്റർ പേജിലൂടെയാണ് ആദ്യമായി ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ലക്ഷക്കണക്കിനാളുകൾ ഭയപ്പെടുത്തുന്ന വിഡിയോ കണ്ടുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകൾ കമന്റ് ബോക്സിൽ പ്രതികരണങ്ങളും അറിയിക്കുന്നുണ്ട്. ശക്തിയേറിയ ഒരു കമ്പിവേലി സെക്കന്റുകൾകൊണ്ട് ഈ രൂപത്തിലാക്കാൻ സാധിക്കുമെങ്കിൽ ഇവയ്ക്ക് മുന്നിൽ മനുഷ്യൻ ചെന്നുപെടുമ്പോഴുള്ള അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന തരത്തിലാണ് പ്രതികരണങ്ങളേറെയും.

 

എന്നാൽ മൃഗങ്ങൾ അധിവസിക്കുന്ന സ്ഥലം കയ്യേറി മനുഷ്യൻ അവരുടേതായ നിർമിതികൾ നടത്താൻ ശ്രമിച്ചാൽ ഇതല്ല ഇതിനപ്പുറവും കാണേണ്ടിവരും എന്ന് മറ്റൊരാൾ കുറിക്കുന്നു. അതേസമയം നിർമാണത്തിലെ ഗുണനിലവാരമില്ലായ്മ മൂലമാണ് ചീങ്കണ്ണിക്ക് കമ്പി അഴികൾ ഇത്ര എളുപ്പത്തിൽ വളയ്ക്കാൻ സാധിച്ചതെന്നാണ് ഒരാളുടെ നിരീക്ഷണം. എത്രയൊക്കെ വേലികെട്ടി കൈപ്പിടിക്കുള്ളിൽ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ ജയം പ്രകൃതിക്ക്  തന്നെ ആയിരിക്കുമെന്ന ഓർമപ്പെടുത്തലാണ് വിഡിയോ എന്നും കമന്റുകളുണ്ട്. അതേസമയം ചീങ്കണ്ണി ജുറാസിക് പാർക്ക് സിനിമ ആദ്യമായി കണ്ട ശേഷമുള്ള വരവായിരിക്കും ഇതെന്നാണ് രസകരമായ മറ്റൊരു കമന്റ്.

 

English Summary: Alligator bends fence in Florida, leaves Internet shocked: Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com