മുതലയുടെ പുറത്ത് കയറിയിരുന്ന് ഭക്ഷണം കൊടുത്തു; രൂക്ഷ വിമർശനവുമായി കാഴ്ചക്കാർ–വിഡിയോ

Man Rides A Crocodile And Feeds Him A Piece Of Meat, Internet Petrified
Grab Image from video shared on Indtagram by bilal.ahm4d
SHARE

മുതലകൾ എത്രത്തോളം അപകടകാരികളാണെന്ന് എല്ലാവർക്കുമറിയാം. മിക്കവർക്കും അവയെ കാണുന്നതുപോലും ഭയമായിരിക്കും. അവസരം ഒത്തുകിട്ടിയാൽ എത്ര ശക്തന്മാരായ ജീവികളെയും നിമിഷങ്ങൾകൊണ്ട് കീഴടക്കാനുള്ള ശക്തി അവയ്ക്കുണ്ട്. അതിനാൽ മുതലകളുടെ സമീപത്ത് എത്തുന്നവർ അതീവ ജാഗ്രത പാലിക്കുകയും വേണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ അവയെ പാർപ്പിച്ചിരിക്കുന്ന മൃഗശാലകളിൽ കൂടുതൽ സുരക്ഷയൊരുക്കുകയും ചെയ്യാറുണ്ട്. എന്നാൽ കണ്ടാൽ തന്നെ ഭയം തോന്നുന്ന കൂറ്റൻ മുതലയുടെ പുറത്ത് കയറിയിരുന്ന് അതിന് തീറ്റ കൊടുക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആനകൾ അടക്കമുള്ള ജീവികളോട് ഏറെ സൗഹൃദത്തോടെ മനുഷ്യൻ അടുത്തിടപഴകാറുണ്ടെങ്കിലും ഒരു മുതലയുടെ പുറത്തു കയറിയിരിക്കാൻ ധൈര്യപ്പെടുന്നവർ ചുരുക്കമായിരിക്കും. എന്നാൽ വിഡിയോയിലുള്ള വ്യക്തി ഭയമില്ലാതെ മുതലയുടെ പുറത്ത് സുഖമായി ഇരിക്കുന്നത് കാണാം. മുതല ആക്രമിക്കുമോ എന്ന പരിഭ്രാന്തിയില്ലെന്നു മാത്രമല്ല കുട്ടികളെയെന്നപോലെ അതിനെ കളിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു കയ്യിൽ ഇറച്ചിക്കഷ്ണവും പിടിച്ചാണ് അദ്ദേഹത്തിന്റെ ഇരിപ്പ്. അത് മുതലയ്ക്ക് കാണത്തക്ക വിധത്തിൽ ഇടയ്ക്ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുമുണ്ട്.

ഓരോ തവണ ഇറച്ചിക്കഷണം കാണുമ്പോഴും അത് കടിച്ചെടുക്കാനായി മുതല ശരീരം പിന്നിലേക്ക് തിരിക്കും. വായ പിളർത്തി ഭക്ഷണത്തിൽ കടിക്കാൻ ഒരുങ്ങുമ്പോൾ പുറത്തിരിക്കുന്ന വ്യക്തി അത് മാറ്റിക്കളയും. അല്പമൊന്ന് ശ്രദ്ധ തെറ്റിയാൽ കൈ മുതലയുടെ വായിലാകുമെന്നുറപ്പ്. എന്നാൽ അത്തരം ഒരു ആശങ്ക അദ്ദേഹത്തിന്റെ മുഖത്തില്ല. മൂന്നു നാല് ആവർത്തി മുതലയെ പറ്റിച്ചശേഷം അതിന്റെ പുറത്തിരുന്നുകൊണ്ടു തന്നെ തീറ്റ അദ്ദേഹം വായിലേക്ക് കൊടുക്കുന്നതും വിഡിയോയിൽ കാണാം.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ ചുരുങ്ങിയ സമയംകൊണ്ട് ഏറെ ജനശ്രദ്ധ നേടി. മുതലയുടെ പുറത്തിരിക്കുന്ന വ്യക്തി ജീവിതം മടുത്ത ആളായിരിക്കും എന്നാണ് പലരുടെയും രസകരമായ പ്രതികരണം. അതേസമയം സാഹസികത കാണിക്കുന്ന വ്യക്തിയുടെ കയ്യിൽ ഒരു വടിയുള്ളതിനാൽ അദ്ദേഹം വിദഗ്ധനായ ഒരു പരിശീലനകനായിരിക്കുമെന്നാണ് ചിലരുടെ നിരീക്ഷണം. എന്നാൽ എത്ര പരിശീലനം നേടിയ വ്യക്തിയാണെങ്കിലും സ്വന്തം ജീവൻ പണയംവച്ച് ഇത്തരം ഒരു സാഹസികതയ്ക്ക് മുതിരുന്നത് ബുദ്ധിപരമായ പ്രവർത്തിയല്ലെന്ന് ഭൂരിഭാഗവും ചൂണ്ടിക്കാണിക്കുന്നു.

English Summary: Watch: Man Rides A Crocodile And Feeds Him A Piece Of Meat, Internet Petrified

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA