ADVERTISEMENT

25 അടി ആഴമുള്ള കിണറിനുള്ളിൽ അകപ്പെട്ട് മൂർഖനും കുറുനരിയും. ജുന്നാർ താലൂക്കിലെ രജൂരി ഗ്രാമത്തിലാണ് സംഭവം. കിണറിനുള്ളിൽ മൂർഖനും കുറുനരിയും കിടക്കുന്നത് ഗ്രാമവാസികളാണ് കണ്ടെത്തിയത്. ഇരു മൃഗങ്ങളും കിണറിന്റെ രണ്ടു ദിശയിലായി ചുരുണ്ട് കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വയമേ പുറത്തുവരാനാവാത്ത വിധം അവ കുടുങ്ങിക്കിടക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഗ്രാമവാസികൾ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്തെത്തി.

രണ്ടു മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെയും കുറുനരിയെയും പുറത്തെത്തിക്കാനായത്. കുറുനരിക്ക് പുറത്ത് കടക്കാനായി വല കിണറ്റിനുള്ളിലേക്ക് ഇറക്കി കൊടുക്കുകയായിരുന്നു. അതേസമയം രക്ഷാ ദൗത്യ സംഘത്തിലെ പാമ്പുപിടുത്ത വിദഗ്ധരിൽ ഒരാൾ കിണറിനുള്ളിൽ ഇറങ്ങിച്ചെന്നാണ് അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തിയത്. ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനുള്ള സംവിധാനങ്ങളും സംഭവസ്ഥലത്തു തന്നെ ഏർപ്പെടുത്തിയിരുന്നു. 

രണ്ടു വയസ്സ് പ്രായം ചെന്ന ആൺ കുറുനരിയാണ് ഇതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കിണറ്റിൽ വീണതിനെ തുടർന്ന് ഇരു മൃഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവയെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുകയും ചെയ്തു. ഉപദ്രവകാരികളായ മൃഗങ്ങളെ കണ്ടാൽ ജനങ്ങൾ കൂട്ടമായി ആക്രമിച്ച് അവയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് പലയിടങ്ങളിലും പതിവാണ്. എന്നാൽ  സമീപപ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവായതിനാൽ ഗ്രാമവാസികൾക്ക് പ്രത്യേക ബോധവൽക്കരണം നൽകിയതാണ് ഇവിടെ ഗുണകരമായത്.

വനമേഖലയിൽ അങ്ങേയറ്റം ശത്രുതയോടെ പെരുമാറുന്ന രണ്ട് മൃഗങ്ങളും പരസ്പരം ഒരു പ്രകോപനത്തിനും മുതിരാതെ കിടക്കുന്ന കാഴ്ച അദ്ഭുതമുണർത്തിയെന്ന് വൈൽഡ് ലൈഫ് എസ്ഒഎസിന്റെ കൺസർവേഷൻ പദ്ധതികളുടെ ഡയറക്ടറായ ബൈജു രാജ് പറഞ്ഞു. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ കുറുനരിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇവിടെ അപകട സാഹചര്യം തിരിച്ചറിഞ്ഞ് ഇരുമൃഗങ്ങളും ഐക്യതയിൽ എത്തിയെന്നാണ് മനസ്സിലാക്കാനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂർഖൻ പാമ്പുകളും കുറുനരികളും പൊതുവേ പരസ്പരം ശത്രുതാ മനോഭാവം വച്ചുപുലർത്തുന്നവയാണ്. വനമേഖലയിൽ ഇവ  കണ്ടുമുട്ടിയാൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ മനുഷ്യരായാലും മൃഗങ്ങളായാലും ഒരേസമയം ആപത്തു നേരിട്ടാൽ ശത്രുക്കളാണെന്ന ചിന്തവെടിഞ്ഞ്  ഒരുമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ബുദ്ധി. ഇത്തരത്തിൽ ആപത്ത് സമയത്ത് ശത്രുത കൈവെടിഞ്ഞ് പരസ്പരം ആക്രമിക്കാതെ രക്ഷകരെയും കാത്തിരിക്കുന്ന ഒരു മൂർഖന്റെയും കുറുനരിയുടെയും ദൃശ്യമാണിത്.

English Summary: Cobra, jackal rescued from well in Pune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com