ADVERTISEMENT

ആമസോൺ വനത്തിൽ 40 ദിവസം അകപ്പെട്ട 4 കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ലോകം. കുട്ടികൾ എല്ലാവരും സുഖംപ്രാപിച്ചുവരികയാണെന്ന് ഡോക്ടറും വീട്ടുകാരും അറിയിച്ചിട്ടുണ്ട്. രക്ഷാദൗത്യം വിജയകരമാക്കിയതിൽ കൊളംബിയൻ സൈന്യത്തെ ഏവരും അഭിനന്ദിക്കുമ്പോഴും ഒരു ദുഃഖം ബാക്കിനിൽക്കുകയാണ്. കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച സൈന്യത്തിലെ നായയെ കാണാനില്ല. ബെൽജിയം ഷെപ്പേഡ് ഇനത്തിൽപ്പെട്ട വിൽസൺ എന്ന 6 വയസ്സുള്ള നായയെയാണ് കാണാതായത്. 

കുട്ടികളെ കണ്ടെത്തുന്നതിനായി നിയോഗിച്ച ‘ഓപ്പറേഷൻ ഹോപ്’ ദൗത്യസംഘത്തിനൊപ്പം വിൽസണും ഉണ്ടായിരുന്നു. കുട്ടികളെ ആദ്യം കണ്ടെത്തിയത് വിൽസൺ ആണ്. വിൽസണിന്റെ കാൽപാടുകൾ പിന്തുടർന്നത് കുട്ടികളിലേക്ക് അടുക്കാൻ ദൗത്യസംഘത്തിന് സഹായകമായി. 4 ദിവസം വിൽസൺ അവർക്കൊപ്പമുണ്ടായിരുന്നതായി കുട്ടികൾ വ്യക്തമാക്കിയിരുന്നു. വനത്തിൽവച്ച് രക്ഷാദൗത്യ സംഘത്തിനടുത്തേക്ക് വരാൻ വിൽസൺ തയാറായില്ല. ഒന്നരവർഷമായി സൈന്യത്തിനൊപ്പമുണ്ടായിരുന്നിട്ടും വിൽസൺ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ലെന്ന് കൊളംബിയൻ സൈന്യം പറഞ്ഞു. കാട്ടിലെ അന്തരീക്ഷവും മൃഗങ്ങളെയും കണ്ട് പേടിച്ചുപോയതാകാമെന്നാണ് നിഗമനം. 

ആമസോൺ വനത്തിൽ രക്ഷാപ്രവർത്തകനൊപ്പം വിൽസൺ. (Photo: Twitter/@evargasd)
ആമസോൺ വനത്തിൽ സൈനികനൊപ്പം വിൽസൺ. (Photo: Twitter/@evargasd)

കുട്ടികൾക്കൊപ്പമുള്ളപ്പോൾ വിൽസൺ അവശനായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. കാടിനു നടുവിൽ അവന് വേണ്ടത്ര ഭക്ഷണം ലഭിക്കില്ല. തങ്ങൾ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും സൈന്യത്തിന്റെ സ്പെഷൽ ഓപ്പറേഷൻസ് കമാൻഡർ ജനറൽ പെട്രോ സാഞ്ചേസ് പറഞ്ഞു. ‘വിൽസൺ ജനിച്ചതുമുതൽ അവനെ വളർത്തിയതും ട്രെയിൻ ചെയ്തതും ഞങ്ങളാണ്. അവനെ രക്ഷാപ്രവർത്തനത്തിനു വേണ്ടിയല്ല പരിശീലിപ്പിച്ചത്. അറ്റാക്ക് ഡോഗ് ആയിട്ടാണ് പരിശീലനം നൽകിയത്. അവനുവേണ്ടിയുള്ള തിരച്ചിൽ സൈനികർ തുടരുകയാണ്.’–വിൽസണിന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവച്ച് സൈന്യം കുറിച്ചു.

വിൽസൺ. (Photo: Twitter/@laflakatarot)
വിൽസൺ. (Photo: Twitter/@laflakatarot)

English Summary: Dog who found children lost in Amazon goes missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com