ആമസോൺ വനത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾക്ക് സുഖം, പക്ഷേ വിൽസൺ...
Mail This Article
വിമാനപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ 40 ദിവസം കുടുങ്ങിയ കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച കൊളംബിയൻ സൈന്യത്തിന്റെ നായ വിൽസൺ ഇതുവരെ തിരിച്ചെത്തിയില്ല. കുട്ടികളെ കണ്ടെത്താനായി രൂപീകരിച്ച ‘ഓപ്പറേഷൻ ഹോപ്’ എന്ന ദൗത്യസംഘം ഇപ്പോൾ വിൽസനുവേണ്ടി ആമസോൺ കാട്ടിൽ തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും വിൽസന് പിന്തുണച്ച് ആളുകൾ എത്തിയിട്ടുണ്ട്. ഹാഷ്ടാഗും ക്യാംപയിനും തുടങ്ങിയിട്ടുണ്ട്.
‘വിൽസൺ, ഞങ്ങളുടെ നാലുകാലുള്ള ഹീറോ. കുട്ടികൾ എത്തിയതുപോലെ നീയും വീട്ടിലേക്ക് തിരിച്ചെത്തും. നിനക്കായി ഞങ്ങളുടെ രാവും പകലും മാറ്റിവച്ചിരിക്കുന്നു. നിനക്കായുള്ള ‘ഓപ്പറേഷൻ ഹോപ്’ പൂർത്തിയാക്കുക തന്നെ ചെയ്യും.’– കൊളംബിയൻ മിലിട്ടറി എൻജിനീയറിങ് വിഭാഗം കുറിച്ചു. നായയുടെ കാൽപ്പാട് പിന്തുടർന്ന് അവനെ തിരിച്ചുകൊണ്ടുവരണമെന്നാണ് സൈനികർക്ക് കൊളംബിയൻ മിലിട്ടറി ഫോഴ്സ് കമാൻഡർ ജനറൽ ഹെൽഡർ ജിറാൾഡോയുടെ ഉത്തരവ്. വീണുപോയവനെ യുദ്ധമുഖത്ത് ഉപേക്ഷിച്ച് വരുന്നതല്ല തങ്ങളുടെ രീതിയെന്നും ജനറൽ അറിയിച്ചു.
ഇതിനിടെ രക്ഷപ്പെട്ട കുട്ടികളിലെ മൂത്തവൾ, 13കാരിയായ ലെസ്‌ലി ആശുപത്രിയിൽ ചികിത്സയ്ക്കിടെ വിൽസന്റെ ചിത്രം വരച്ചത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒൻപതു വയസ്സുകാരൻ സൊളൈനിയും വലിയ പൂവിനിടയിൽ മറഞ്ഞിരിക്കുന്ന വിൽസന്റെ ചിത്രം വരച്ചു. വിൽസൺ തങ്ങൾക്കൊപ്പം നാലുദിവസം ഉണ്ടായിരുന്നതായി കുട്ടികൾ നേരത്തെ അറിയിച്ചിരുന്നു. നാലു കുട്ടികളുടെ ആരോഗ്യവും തൃപ്തികരമാണ്.
16 ബെൽജിയൻ പട്ടികളിൽ വിൽസൺ മാത്രമാണ് തങ്ങൾക്കരികിൽ എത്തിയതെന്ന് കുട്ടികൾ വ്യക്തമാക്കിയിരുന്നു. നാല് ദിവസമാണ് നായ കുട്ടികൾക്കൊപ്പം ഉണ്ടായത്. മറ്റ് മൃഗങ്ങളെ കണ്ട് ഓടിമറഞ്ഞതാകാമെന്ന് സൈന്യം കരുതുന്നു.
English Summary: Operation hope for Colombian missing dog Wilson.