ADVERTISEMENT

കാട്ടാന നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത് തടാന്‍ വനംവകുപ്പും നാട്ടുകാരും പല വഴികളും തേടുന്നുണ്ട്. കന്മതിലും കമ്പിവേലിയും ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുകയും പ്രശ്‌നക്കാരെ പിടിച്ച് കൂട്ടിലടയ്ക്കുക വരെയും ചെയ്യുന്നു. താല്‍കാലിക ആശ്വാസം കണ്ടെത്താനാകുമെങ്കിലും വീണ്ടും ആന ശല്യം തുടങ്ങും. ജനങ്ങളാണോ ആനകളാണോ പ്രശ്‌നക്കാര്‍ എന്ന ചോദ്യം സമീപകാലത്ത് ഏറെ മുഴങ്ങിക്കേട്ടതുമാണ്. മലക്കപ്പാറ റൂട്ടില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച ആനയെക്കണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ' അവന്‍ ഒന്നും ചെയ്യില്ല നമ്മുടെ ആനയാ' എന്നു പറയുന്ന വിഡിയോ വൈറലായിരുന്നു. 'ആ വണ്ടിക്കാര്‍ അവനെ ഉപദ്രവിച്ചതുകൊണ്ടാണ് അവന്‍ ഇടഞ്ഞ'തെന്നും ഡ്രൈവര്‍ പറയുന്നു. ദീര്‍ഘനാളായി ഈ റൂട്ടില്‍ വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ വാക്കുകളാണിത്. മനുഷ്യരാണോ ആനകളാണോ പ്രശ്‌നക്കാര്‍ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായാല്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ദശാബ്ദങ്ങള്‍ ആനകളുമായി അടുത്തിടപഴകുകയും ഗവേഷണം നടത്തുകയും ചെയ്ത ഡോ. ഈസ ആനശല്യത്തെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു. കെഎഫ്ആര്‍ഐ (കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ) മുന്‍ ഡയറക്ടറും ഹൈക്കോടതി വിദഗ്ധ സമിതി അംഗവും ഐയുസിഐ (ഇന്റര്‍ നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ചര്‍) ഏഷ്യന്‍ എലഫന്റ് സ്‌പെഷലിസ്റ്റ് ഗ്രൂപ്പ് മെംബറും ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമാണ് അദ്ദേഹം. 

ഏറ്റവും പുതിയ കണക്കെടുപ്പ് പ്രകാരം കേരളത്തില്‍ ആനകളുടെ എണ്ണം ഭീമമായി കുറഞ്ഞുവെന്നാണ് കണ്ടെത്തല്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് ?

2017ലെ ആന സര്‍വെയില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ സര്‍വെയില്‍ നേരിട്ട് പങ്കെടുത്തില്ല. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. ഫീല്‍ഡില്‍ നിന്നു കിട്ടുന്ന ഡാറ്റ വച്ചാണ് നിഗമനത്തിലെത്തുന്നത്. സര്‍വെ നടക്കുന്ന സമയത്ത് അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴയായിരുന്നു, അതുകൊണ്ട് അവിടെ നിന്ന് കേരളത്തിലേക്ക് ആനകളുടെ വരവ് കുറഞ്ഞു എന്നാണ് സര്‍വെ നടത്തിയവര്‍ പറയുന്നത്. ഇതേ സമയത്ത് കര്‍ണാടകയും തമിഴ്‌നാടും സര്‍വെ നടത്തിയിട്ടുണ്ട്. അവരുടെ സര്‍വേ ഫലം പരിശോധിച്ച് അവിടെ ആനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍വെ ശരിയാണെന്ന് വിലയിരുത്താം. അല്ലെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ പഠനം ആവശ്യമായി വരും. 

Read Also: കഴുത്തിൽ കടിച്ചു; കാട്ടുനായയെ വെള്ളത്തിലിറക്കി രക്ഷപ്പെട്ട് മാൻ: ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ്– വിഡിയോ

ഡോ. ഈസ
ഡോ. ഈസ

∙പ്രശ്‌നക്കാരായ ആനയെ പിടികൂടി കാട്ടില്‍ വിടുന്നതാണോ ഉചിതം ?

പ്രശ്‌നക്കാരനായ ആനയെ ഒഴിവാക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണുള്ളത്. 

1. പിടികൂടി റോഡിയോ കോളര്‍ ധരിപ്പിച്ച് കാട്ടിലേക്ക് തന്നെ വിട്ടശേഷം നിരീക്ഷിക്കുക. 

2. പിടികൂടി മറ്റൊരു സ്ഥലത്ത് കൊണ്ടുവിടുക. 

3. പിടികൂടി കൂട്ടിലടയ്ക്കുക. 

ആദ്യം ചെയ്യേണ്ടത് പ്രശ്‌നക്കാരനായ ആനയെ തിരിച്ചറിയുക എന്നതാണ്. പലപ്പോളും നാട്ടുകാരും മാധ്യമങ്ങളും ചേര്‍ന്ന് ആനയ്ക്ക് ഒരു പേരിടുകയും ഭീകരനായി ചിത്രീകരിക്കുകയും ചെയ്യും. ആനയെ കൂട്ടിലടച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ അമ്പതോളം ആനകളെ പിടിച്ചുകൂട്ടിലടച്ച് പ്രശ്‌നം പരിഹരിച്ചുവെന്നാണ് അവിടുത്തെ വനംവകുപ്പ് അറിയിച്ചത്. എന്നാല്‍ ഇപ്പോളും അവടെ ആനശല്യം തുടരുകയാണ്. ഇരുപത്തിയഞ്ചോളം ആനകള്‍ വീണ്ടും അവിടെയെത്തി. 

അരിക്കൊമ്പൻ (Photo: Facebook/ Sreejith Perumana)
അരിക്കൊമ്പൻ (Photo: Facebook/ Sreejith Perumana)

അരിക്കൊമ്പനെ തമിഴ്‌നാട് മാറ്റിപ്പാര്‍പ്പിച്ചത് വിജയകരമാണ്. അതേ സമയം, കേരളത്തില്‍ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നതിനോട് വലിയ എതിര്‍പ്പുണ്ടായി. ഇതേ സമയം തമിഴ് നാട് പിടികൂടി കൊണ്ടുവിട്ട കൊമ്പന്‍ ആ പ്രദേശങ്ങളില്‍ കറങ്ങുന്നുണ്ടായിരുന്നു. ഈറോഡില്‍ നിന്നു പിടികൂടിയ ആനയാണ് അവിടെയെത്തിയത്. ആനമലയിലാണ് ആനയെ കൊണ്ടുവിട്ടതെങ്കിലും അത് പറമ്പിക്കുളത്ത് എത്തി. പക്ഷെ അതൊന്നും പ്രശ്‌നമായില്ല. ഇവിടെ എല്ലാം രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ താല്‍പര്യമല്ലാതെ മറ്റൊന്നുമില്ല. ഓരോ സ്ഥലത്തും ആ സ്ഥലത്തെ സാഹചര്യമനുസരിച്ചാണ് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത്. അവിടെ മുന്നില്‍ നില്‍ക്കേണ്ടത് സാമാന്യബോധവും പരിസ്ഥിതി ബോധവും അനുഭവ സമ്പത്തുമൊക്കെയാണ്, അല്ലാതെ രാഷ്ട്രീയമാകരുത്. 

∙ആനകളുടെ വംശവര്‍ധനവ് കുറയ്ക്കാന്‍ സാധിക്കുമോ ?

ചിത്രം: ഗിബി സാം ∙ മനോരമ
ചിത്രം: ഗിബി സാം ∙ മനോരമ

പൊതുവെ പ്രകൃതിയില്‍ അതിന്റേതായ ചില പ്രവര്‍ത്തനങ്ങളുണ്ട്. ഭക്ഷണത്തിന്റെയും മറ്റും ലഭ്യതയ്ക്കനുസരിച്ചാണ് പല മൃഗങ്ങളും പ്രചനനം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. 

ആനകളുടെ എണ്ണം കൂടി എന്ന നിഗമനത്തിലാണല്ലോ വംശവര്‍ധന കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 1885ല്‍ ബോഡിലോണ്‍ പറഞ്ഞുവച്ചിട്ടുണ്ട് ആനകളുടെ എണ്ണം കൂടിയതല്ല, ആനകളുടെ ആവാസവ്യസ്ഥയില്‍ കയറി ആളുകള്‍ കൃഷി ചെയ്യുന്നതാണ് പ്രശ്‌നമെന്ന്. കാട്ടിലൊന്നും ഭക്ഷണമില്ലാതാകുമ്പോളാണ് നാട്ടില്‍ ആക്രമണം വര്‍ധിക്കുന്നതെന്ന് പറയുന്നു. ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടാകുന്നത് ധാരാളം ഭക്ഷണം കാട്ടിലുള്ളപ്പോള്‍ തന്നെയാണ്. അതായത് ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ മാസങ്ങളില്‍. പല സ്ഥലങ്ങളിലും ആനയ്ക്ക് മനുഷ്യ നിര്‍മിതികള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യനുമായി ഇടപഴകാനുള്ള സാധ്യത വളരെ കൂടി. ചിലര്‍ പറയുന്നു ആനകള്‍ക്ക് ഉപ്പ് ലഭിക്കാത്തതുകൊണ്ടാണ് കാടിറങ്ങുന്നതെന്ന്. ഇതു പരീക്ഷിക്കാനായി ആനമലയില്‍ ഉപ്പു കൊണ്ടുവച്ചു നോക്കി. എന്നാല്‍ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് തെളിഞ്ഞു. ആനകള്‍ക്ക് അറിയാം എവിടെ പോയാല്‍ എന്ത് കിട്ടുമെന്ന്. വിദേശ സസ്യങ്ങള്‍ വന്നതുകൊണ്ടാണ് ആനശല്യം കൂടിയതെന്നും പറയുന്നു. ഈ സസ്യങ്ങള്‍ വരുന്നതിനു മുന്‍പും ഇവിടെ ആനശല്യം ഉണ്ടായിരുന്നു. ഇത്തരം സസ്യങ്ങള്‍ വന്നതും ഇപ്പോള്‍ നീക്കം ചെയ്യണമെന്നും പറയുന്നതിനു പിന്നിലും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. 

പോത്തുണ്ടി-നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാനകൾ.
പോത്തുണ്ടി-നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടാനകൾ.

Read Also: 85 ലക്ഷം രൂപയുടെ പൂച്ച; ആഢംബര ചിഹ്നമായി അഷേറ: ഇനിയുമുണ്ട് ലക്ഷങ്ങൾ വിലയുള്ള താരങ്ങൾ

∙തേക്ക് യൂക്കാലിപ്റ്റസ് പോലള്ള മരങ്ങള്‍ മുറിച്ചുനീക്കി സ്വാഭാവിക വനമാക്കിയാല്‍ വന്യമൃഗശല്യം കുറയ്ക്കാനാകില്ലേ ?

വയനാട്ടില്‍ ബത്തേരി, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വന്യമൃശല്യം. അതേ സമയം തന്നെ കുറച്ചപ്പുറത്ത് കുറിച്യാട് പ്രദേശം മുഴുവനും തേക്കാണ്. അവിടെ പ്രശ്‌നമില്ല. അവിടെ ആന നിന്നാല്‍ പോലും കാണാത്ത അത്ര വലിയ അടിക്കാടുകളുണ്ട്. ഇഷ്ടപോലെ ഭക്ഷണം ഉണ്ട്. അതുകൊണ്ട് തേക്കുവച്ചതിനെ ന്യായീകരിക്കുകയല്ല.  1990 കളില്‍ വന്യമൃഗശല്യത്തെക്കുറിച്ച് പഠിക്കാന്‍ വരുമ്പോള്‍ സെന്ന പോലുള്ള സസ്യങ്ങളൊന്നുമില്ലായിരുന്നു. 

1, നെയ്ക്കുപ്പയിൽ കല്ലുകൊണ്ടു നിർമിച്ച കയ്യാല കാട്ടാന തകർത്ത നിലയിൽ. ഒപ്പം റോഡിലേക്കു പറിച്ചിട്ട വാഴയും.  
2, കായക്കുന്നിൽ കോലത്തേട്ട് ജിമ്മിയുടെ വൈക്കോൽ കാട്ടാന വാരിവലിച്ചിട്ട നിലയിൽ.  3, രണ്ടാംമൈലിൽ ഇടയത്ത് ഗലീലിയോയുടെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ.
1, നെയ്ക്കുപ്പയിൽ കല്ലുകൊണ്ടു നിർമിച്ച കയ്യാല കാട്ടാന തകർത്ത നിലയിൽ. ഒപ്പം റോഡിലേക്കു പറിച്ചിട്ട വാഴയും. 2, കായക്കുന്നിൽ കോലത്തേട്ട് ജിമ്മിയുടെ വൈക്കോൽ കാട്ടാന വാരിവലിച്ചിട്ട നിലയിൽ. 3, രണ്ടാംമൈലിൽ ഇടയത്ത് ഗലീലിയോയുടെ തെങ്ങ് കാട്ടാന നശിപ്പിച്ച നിലയിൽ.

∙ടൂറിസം വന്യമൃഗശല്യത്തിന് കാരണമാകുന്നുണ്ടോ ?

ഇക്കോ ടൂറിസം വലിയ പ്രശ്‌നമാണ്. ഇക്കോ ടൂറിസത്തിന്റെ നിര്‍വചനം പോലും അറിയാത്തവരാണ് അത് നടത്തുന്നത്. കൊല്ലങ്കോടേക്ക് മനോഹരമായൊരു സ്ഥലമാണ്. ആളുകള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങിയത് കൊണ്ട് അവിടത്തെ നാട്ടുകാര്‍ പൊറുതിമുട്ടി.  ഇനി ഇങ്ങോട്ട് വരരുതെന്ന് പറയേണ്ട അവസ്ഥയായി. ഇതേ അവസ്ഥയാണ് വനാതിര്‍ത്തിയിലും നടക്കുന്നത്. 

ആനകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നടക്കുന്നു. ആനകളുടേത് പലപ്പോഴും റീഡയറക്ടഡ് അഗ്രഷനാണ്. പ്രകോപനത്തിന് കാരണം മറ്റു പലടത്തു നിന്നും കിട്ടിയതാകാം. പ്രകോപിപ്പിക്കുന്നിടത്തായിരിക്കില്ല ആന പ്രതികരിക്കുക. അത് വേറെ എവിടെയെങ്കിലും പോയായിരിക്കും ആക്രമണം നടത്തുന്നത്. 

കേരള വനംവകുപ്പിന്റെ പ്രവര്‍ത്തനത്തെപ്പറ്റി

വനംവകുപ്പിന്റെ അടുത്തും പ്രശ്‌നങ്ങളുണ്ട്. തമിഴ് നാട് വനംവകുപ്പ് നടത്തുന്ന എന്തെങ്കിലും കാര്യം പുറത്തറിയുന്നുണ്ടോ. അരിക്കൊമ്പനെ തന്നെ പിടിച്ചുകൊണ്ടുപോയത് ആരും അറിഞ്ഞില്ല. കേരള വനംവകുപ്പില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. വാച്ചര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാന്‍ തുടങ്ങും. 

കാട്ടില്‍ ചക്കയും മാങ്ങയും പൈനാപ്പിളും വച്ചുപിടിപ്പിച്ചാൽ ആനയിറങ്ങുന്നത് തടയാന്‍ സാധിക്കില്ലെ എന്ന് ചോദ്യമുണ്ടായിരുന്നു. ഇത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് ചോദിച്ചതാണ്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് കാടിനെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വനത്തിനുള്ളില്‍ ചക്കക്കുരു നട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എന്തടിസ്ഥാനത്തിലാണ് ചെയ്തതെന്ന് അറിയില്ല. വനത്തിന് അതിന്റേതായ വ്യവസ്ഥയുണ്ട്. അവിടെ പ്ലാവും മാവും മുളപ്പിക്കുന്നതും പൈനാപ്പില്‍ കൃഷിയിറക്കുന്നതും സാധ്യമല്ല.  പലയിടത്തും നിക്ഷിപ്ത താല്‍പര്യങ്ങളാണ് നടക്കുന്നത്. പ്രത്യേക താല്‍പര്യങ്ങള്‍ കടന്നു കൂടുമ്പോളാണ് പ്രകൃതി സംരക്ഷണം തകിടം മറിയുന്നത്. മനുഷ്യനെയും മൃഗങ്ങളും പാലിക്കാന്‍ സാധിക്കുന്ന ഒരു നയം കേരളത്തിന് ആവശ്യമുണ്ട്. അത് വെള്ളം ചേര്‍ക്കാതെ നടപ്പാക്കാനും സാധിച്ചാല്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ സാധിക്കും. 

Content Highlights: Elephant | Conflict | Dr.Easa | Elephant Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com