ADVERTISEMENT

ഇന്ത്യയിലെപ്പോലെ തന്നെ ആനകൾക്ക് പേരുകേട്ട രാജ്യമാണ് നമ്മുടെ അയൽദ്വീപ രാജ്യമായ ശ്രീലങ്ക. ഏഷ്യൻ ആനകളെ 3 ഉപവിഭാഗമായി തിരിച്ചിട്ടുള്ളതിൽ ഒരു ഉപവിഭാഗം തന്നെ ശ്രീലങ്കൻ ആന എന്ന വകഭേദത്തിലാണ്. സമകാലീന ശ്രീലങ്കയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകൾ അത്ര സുഖകരമായ അവസ്ഥയിലല്ല. പ്രക്ഷുബ്ധത എല്ലാ മേഖലയിലുമുണ്ട്. ശ്രീലങ്കൻ ആനകളുടെ കാര്യത്തിലും ഇതുണ്ടെന്നാണു റിപ്പോർട്ടുകൾ. ഇന്ന് ലോക ആനദിനം.

രണ്ട് പതിറ്റാണ്ടുമുൻപ് ശ്രീലങ്കയ്ക്കു സമ്മാനമായി നൽകിയ തങ്ങളുടെ ഒരു ആനയെ കഴിഞ്ഞമാസം തായ്‌ലൻഡ് തിരികെ വാങ്ങിയിരുന്നു. ശ്രീലങ്കയിൽ ആനകളുടെ പരിപാലനത്തിൽ അതൃപ്തിയുണ്ടായതാണ് 29 വയസ്സ് പ്രായമുള്ള മുത്തുരാജയെ തിരികെ തായ്‌ലൻഡിൽ എത്തിക്കാൻ കാരണമായത്.

ഈ വർഷം ഏപ്രിൽ വരെയുള്ള കാലയളവിൽ ഒരു ദിവസം ഒരു ആനയുടെ മരണം എന്ന അപകടകരമായ നില ശ്രീലങ്കൻ ആനകൾക്ക് സംഭവിച്ചു. മനുഷ്യരുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടാണ് ഇവയിൽ പകുതിയും നടന്നത്. കൃഷിയിടങ്ങളിൽ നിന്ന് ആനകളെ അകറ്റാനായി കൃഷിക്കാർ സൂക്ഷിക്കുന്ന സ്‌ഫോടകവസ്തു കടിച്ച് 8 ആനകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 433 ആനകളാണ് ശ്രീലങ്കയിൽ ചരിഞ്ഞത്.

ശ്രീലങ്കയിൽ മാലിന്യം ഇറക്കിയിടുന്ന കുപ്പനിലത്തു നിന്നു, പട്ടിണി മൂലം മാലിന്യം ഭക്ഷിച്ചു വിശപ്പടക്കുന്ന ആനകളുടെ ചിത്രം കഴിഞ്ഞവർഷം പുറത്തിറങ്ങിയത് മൃഗസ്‌നേഹികളെ ഞെട്ടിച്ചിരുന്നു. കിഴക്കൻ ശ്രീലങ്കയിലെ അമ്പാര ജില്ലയിലുള്ള പല്ലാക്കാട് ഗ്രാമത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്നായിരുന്നു ആ ചിത്രം.  മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പ്ലാസ്റ്റിക് അധികമായി ഉള്ളിൽ ചെന്ന് 2022 വരെ എട്ടുവർഷങ്ങൾക്കിടയിൽ 20 ആനകളാണ് ചരിഞ്ഞത്.

ചരിഞ്ഞ ആനകളുടെ ആമാശയത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം വലിയതോതിൽ വെളിപ്പെട്ടു.

Read Also: പട്ടാള സുരക്ഷയിൽ നടുംഗമുവ രാജ, പെയിന്റർ റൂബി, ബ്രിട്ടന്റെ പ്രിയ ജംബോ; ലോകപ്രശസ്ത ആനകളെ അറിയാം

ആനകളെ പുണ്യമൃഗങ്ങളായാണ് ശ്രീലങ്കയിൽ കണക്കാക്കപ്പെടുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രശസ്ത ആനയായ നടുംഗമുവ രാജയ്ക്ക് പൊലീസ്, സൈനിക അകമ്പടി വരെയുണ്ട്. എന്നാൽ ഈ മൃഗങ്ങളുടെ പൊതുവിലുള്ള സ്ഥിതി ദ്വീപരാജ്യത്ത് അത്ര ശുഭകരമല്ലെന്നാണു പഠനം. പത്തൊൻപതാം നൂറ്റാണ്ടിൽ ആകെ 14000 ആനകൾ ശ്രീലങ്കയിലുണ്ടായിരുന്നു. എന്നാൽ 2011ൽ നടത്തിയ കണക്കെടുപ്പിൽ വെറും 6000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.

വനനശീകരണം മൂലം പ്രകൃതിദത്തമായ ആവാസവ്യവസ്ഥ നശിക്കുന്നതാണു ശ്രീലങ്കയിലെ ആനകളുടെ ദുർഗതിക്കു കാരണമാകുന്നതെന്നാണു പരിസ്ഥിതി വിദഗ്ധർ പറയുന്നത്. ഇതോടെ കടുത്ത ഭക്ഷ്യ ദൗർലഭ്യം നേരിടുന്ന ഇവ ഭക്ഷണം തേടി ജനവാസ മേഖലകളിലേക്കിറങ്ങി. വിളനാശത്താൽ പ്രകോപിതരായി കർഷകരും, കൊമ്പിനായി വേട്ടക്കാരും ഇവയെ കൊല്ലുന്നതു പതിവാണ്.

ലോകത്തെ അതിപ്രശസ്തരായ ചില ആനകളും ശ്രീലങ്കയിലുണ്ടായിട്ടുണ്ട്. ഇതിൽ വിഖ്യാതമാണ് നടുംഗമുവ വിജയ രാജ. ശ്രീലങ്കയിലെ നിരത്തുകളിലൂടെ നടക്കുന്ന രാജ ആനകളുടെ മൊത്തം രാജയായിരുന്നു. അകമ്പടിക്ക് പൊലീസ്, പട്ടാള വാഹനങ്ങൾ, തോക്കുകളുമായി പ്രത്യേക കമാൻഡോ സംഘങ്ങൾ എന്നിവ രാജയ്ക്കുണ്ടായിരുന്നു.

നടുംഗമുവ രാജ (Photo: Twitter/ @inkoshi_ ) (Photo: Twitter/@Chandinoj)
നടുംഗമുവ രാജ (Photo: Twitter/ @inkoshi_ ) (Photo: Twitter/@Chandinoj)

ലോകത്തിലെ ഏറ്റവും പൊക്കമുള്ള ഏഷ്യൻ ആനകളിലൊന്നായിരുന്നു 67 വയസ്സുകാരനായ രാജ. 12 അടിയോളം ഉയരം ഇതിനുണ്ട്. ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദലാഡ മാലിഗവ എന്ന ബുദ്ധവിഹാരം ലോകപ്രശസ്തനാണ്. ശ്രീബുദ്ധൻ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ചിതയിൽ നിന്നു ദന്തശേഷിപ്പുകൾ ശേഖരിച്ച് ഇവിടെയെത്തിച്ചെന്നാണ് ഐതിഹ്യം. ശ്രീലങ്കൻ ബുദ്ധമതവിഭാഗത്തിന്റെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായാണ് ദലാഡ മാലിഗവ അറിയപ്പെടുന്നത്. ഇവിടെ എല്ലാവർഷവും നടക്കുന്ന മഹാ ആഘോഷമാണ് ഇസല പെരിഹാര എന്ന ഉത്സവം. ഈ ഉത്സവത്തിൽ ശ്രീബുദ്ധന്റെ ദന്തങ്ങളെ പ്രതിനിധീകരിച്ച് ഒരു പെട്ടി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും. ശ്രീലങ്കയിലെ ഏറ്റവും മികച്ച ആനയ്ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിക്കുക. ഈ അവസരം ഒരുപാടു വർഷങ്ങളായി ലഭിച്ചതും രാജയ്ക്കാണ്. കഴിഞ്ഞ മാർച്ചിൽ രാജ ചരിഞ്ഞു.

ശ്രീലങ്കയിൽ ഇന്ന് 7000 ആനകളുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ ഇതിലൊക്കെ കുറവായിരിക്കും ഇവയുടെ എണ്ണമെന്ന് പരിസ്ഥിതി സ്‌നേഹികൾ വാദമുയർത്തുന്നു.

Content Highlights: Sri Lanka | Elephant | Wild Animal | World Elephant Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com