ADVERTISEMENT

ഇന്ത്യയുടെ അഭിമാനമുയർത്തി ജി 20 ഉച്ചകോടി ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. ഉച്ചകോടി നടക്കുന്നതിനു തൊട്ടരികെ ചാണക്യപുരി പാർക്കിൽ കൊമോഡോ ഡ്രാഗണുൾപ്പെടെ മൃഗങ്ങളുടെ പ്രതിമകളുണ്ടാക്കി കലാകാരൻമാർ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തു പലയിടത്തു നിന്നുമായി 25 കലാകാരൻമാരാണ് ഏപ്രിലിൽ ഈ പ്രതിമകളുണ്ടാക്കിയത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ മൃഗങ്ങളോ പക്ഷികളോ ഒക്കെയാണ് ഇവ. ഇന്തൊനീഷ്യയുടെ ദേശീയ മൃഗമാണ് കൊമോഡോ ഡ്രാഗൺ. വളരെ സവിശേഷതകളുള്ള ഈ ജീവികളെപ്പറ്റി ഒന്നറിഞ്ഞാലോ...

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം. അന്ന് ഇന്തൊനീഷ്യയെ നിയന്ത്രിച്ചിരുന്ന ഡച്ച് കൊളോണിയൽ അധികൃതർക്ക് ഒരു വിവരം കിട്ടി. ഏതാണ്ട് പതിനെണ്ണായിരത്തോളം ദ്വീപുകളടങ്ങുന്ന ഇന്തൊനീഷ്യയിലെ ഒരു ദ്വീപിൽ ഡ്രാഗണോ, അതോ മുതലയോ എന്താണെന്നു പറയാൻ പറ്റാത്ത ഒരു ഭീകരജീവി വിഹരിക്കുന്നു. 20 അടിയോളം നീളമുണ്ടത്രേ ഇതിന്. കരയിൽ ജീവിക്കുന്ന മുതല എന്നർഥം വരുന്ന ഓറ എന്ന പേരാണത്രേ ആളുകൾ ഇതിനെ വിളിക്കുന്നത്.

‌തുടർന്ന് 1926 വരെ കൊമോഡോ എന്നു പേരുള്ള ഈ ദ്വീപിൽ നിരവധി പര്യവേക്ഷണങ്ങൾ നടക്കുകയും ജീവി യാഥാർഥ്യമെന്നു തെളിയുകയും ചെയ്തു. പല്ലിവർഗത്തിലെ ഏറ്റവും വലിയ ജീവിയായ അതിന് ദ്വീപിന്റെ പേര് ചേർത്തു കൊമോഡോ ഡ്രാഗൺ എന്നു പേരും കൊടുത്തു. ഭൂമിയിൽ അധികമിടങ്ങളിൽ ഇല്ലെങ്കിലും ലോകത്ത് വളരെ പ്രശസ്തനായ ജീവിയാണ് കൊമോഡോ ഡ്രാഗൺ.

ഓസ്ട്രേലിയയിൽ ജനനം കൊണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും കൊമോഡോ ദ്വീപിലും പരിസര പ്രദേശങ്ങളിലും മാത്രമാണ് നിലവിൽ കൊമോഡോ ഡ്രാഗണുകളുള്ളത്. എന്നാൽ ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കു മാറിയിരിക്കുകയാണ് ഇപ്പോൾ. കൊമോഡോ ദ്വീപിൽ വർധിച്ചു വരുന്ന മനുഷ്യ പ്രവർത്തനങ്ങൾ ഇവയെ ഭീഷണിയിലാക്കുന്നെന്ന് ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പറയുന്നു. ഡ്രാഗണുകൾ വിഹരിക്കുന്ന ഇടമായതിനാൽ ധാരാളം ടൂറിസം പ്രവർത്തനങ്ങൾ ദ്വീപ് കേന്ദ്രീകരിച്ചു നടത്തുന്നുണ്ട്.

കൊമോഡോ ദ്വീപ്. (Photo: Twitter/@herilay)
കൊമോഡോ ദ്വീപ്. (Photo: Twitter/@herilay)

വർധിക്കുന്ന ആഗോള താപനം മൂലം അടുത്ത 5 ദശാബ്ദങ്ങൾക്കുള്ളിൽ കൊമോഡോ ദ്വീപിന്റെ 30 ശതമാനത്തോളം കടലെടുത്തു പോകുമെന്നും ശാസ്ത്രജ്‍ഞർ പറയുന്നു. ഇത് വൻതോതി‍ൽ കൊമോഡോ ഡ്രാഗണുകളെ ബാധിക്കാം. ഇതോടൊപ്പം അനധികൃത വേട്ടയും കൊമോഡോ ഡ്രാഗണുകൾക്കു ഭീഷണി തീർക്കുന്നു. കൊമോഡോ ഡ്രാഗണുകളെ വേട്ടയാടുന്നത് വലിയ മികവായി കരുതുന്ന വേട്ടക്കാർ ഇന്തൊനീഷ്യയിലുണ്ട്.

ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്. ഡ്രാഗണുകളുടെ പേരിലാണ് ഇതു പ്രശസ്തമെങ്കിലും രണ്ടായിരത്തോളം മനുഷ്യരും ഇവിടെ താമസക്കാരായുണ്ട്. ഇവിടെയും ചുറ്റുവട്ടത്തെ മറ്റു ചില ദ്വീപുകളിലുമായും താമസിക്കുന്ന കൊമോഡോ ഡ്രാഗണുകളുടെ എണ്ണം 4000 വരും.

(Photo: Twitter/@jinniecakes)
(Photo: Twitter/@jinniecakes)

മനുഷ്യർക്ക് ഓടാവുന്ന പോലുള്ള വേഗത്തിൽ ഓടാൻ ഇവയ്ക്കു കഴിവുണ്ടെങ്കിലും ഇരയെ ഓടിത്തോൽപിച്ച് പിടിക്കാൻ ഇവ മിനക്കെടാറില്ല. പതുങ്ങിയിരുന്ന ശേഷം ഇരയ്ക്കു മേൽ ചാടിവീഴുന്ന കൊമോഡോ ഡ്രാഗണിന്റെ കടിക്ക് വല്ലാത്ത ശക്തിയാണ്.150 കിലോയോളം ഭാരമുള്ള ഇവയുടെ കടിയിൽ ഇരകൾ ചാവും. രക്ഷപ്പെടുന്നവയ്ക്കും രക്ഷയില്ല. ഡ്രാഗണുകളുടെ കടിക്കൊപ്പം ഒരു വിഷവസ്തു ഇരയുടെ ശരീരത്തിൽ കയറിയിട്ടുണ്ടാകും. ഇത് മുറിവുണങ്ങുന്നതു തടയും. ഫലമോ, ഇര കുറച്ചുമണിക്കൂറുകൾക്കുള്ളിൽ രക്തം വാർന്നു മരിക്കും. പിന്തുടരുന്ന ഡ്രാഗണുകൾ ഇവയെ ഭക്ഷിക്കുകയും ചെയ്യും.

തങ്ങളുടെ ശരീരഭാരത്തിന്റെ 80 ശതമാനത്തോളം മാംസം അകത്താൻ ഇവയ്ക്കു കഴിവുണ്ട്. മാനുകൾ, കാട്ടുപന്നികൾ, കാട്ടുപോത്തുകൾ, കുരങ്ങുകൾ തുടങ്ങി വിവിധയിനും ജീവികളെ ഈ വേട്ടക്കാരൻ ഇരയാക്കാറുണ്ട്.മനുഷ്യരെ ഇവ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണെങ്കിലും സംഭവിച്ചിട്ടുണ്ട്.

Content Highlights: G20 Summit | Chanakyapuri Park | Wildlife Wonderland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com