ADVERTISEMENT

ആട്ട ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏറെ ഉപയോഗിക്കുന്നവരാണ് നമ്മൾ. മായം കലർന്ന ഭക്ഷണങ്ങളും പലപ്പോഴും ചർച്ചയാകാറുമുണ്ട്. എന്നാൽ ആശീർവാദ് ആട്ടയിൽ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു  വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു വിഡിയോ വസ്തുതാപരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ചു. ഇതിന്റെ സത്യമറിയാം.

അന്വേഷണം

ഇത് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും വളരെ ദോഷകരമാണ് എന്ന സന്ദേശത്തോടൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. 

പ്രസക്തമായ കീവേഡുകളുടെ തിരയലിൽ മറ്റൊരു വ്യക്തിയുടെ ട്വിറ്റർ ഹാൻഡിലിൽ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് കണ്ടെത്തി. 0% മൈദയും 100% ആട്ടയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുമ്പോഴും മാവ് റബർ പോലെയാണ് കാണപ്പെടുന്നത്. ഇത് ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും വളരെ ദോഷകരമാണെന്നാണ് ഒരു ചെറു വിഡിയോയ്ക്കൊപ്പം പ്രചരിക്കുന്നത്.

പോസ്റ്റ് പരിശോധിച്ചപ്പോൾ കമന്റ് വിഭാഗത്തിൽ വൈറലായ വിഡിയോയ്ക്ക് ആശിർവാദ് ആട്ടയുടെ ഉടമസ്ഥരായ ഐടിസി പ്രൈവറ്റ് ലിമിറ്റഡ് നൽകിയിരിക്കുന്ന മറുപടി ഞങ്ങൾ കണ്ടെത്തി. അഞ്ച് ഭാഗങ്ങളായാണ് ഐടിസി മറുപടി നൽകിയിരിക്കുന്നത്.

Ashirvad

ആട്ടയിൽ പ്ലാസ്റ്റിക് അഥവാ റബർ അടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചില വിദ്വേഷകരമായ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത് തീർത്തും തെറ്റാണെന്നും  ഐടിസി ട്വീറ്റിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഞങ്ങളിലുള്ള വിശ്വാസം നശിപ്പിക്കാനുള്ള ഒരു  ശ്രമമാണിത്. പ്ലാസ്റ്റിക് അഥവാ റബർ എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ ഗോതമ്പ് പ്രോട്ടീൻ ആണ്.

ഈ ഗോതമ്പ് പ്രോട്ടീൻ ഗ്ലൂട്ടൻ എന്നും അറിയപ്പെടുന്നു, ഇതാണ് ആട്ടയെ ബന്ധിപ്പിക്കുന്നതും മാവിന് ഇലാസ്തികത നൽകുന്നതും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് 2006 പ്രകാരം ആട്ടയ്ക്ക് നിർബന്ധമാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ ഡ്രൈ മാസ് അടിസ്ഥാനത്തിൽ കുറഞ്ഞത് 6% ഗ്ലൂറ്റൻ വ്യവസ്ഥ ചെയ്യുന്നു. ആട്ട പൂർണമായും സുരക്ഷിതമാണെന്നും അതിൽ മായം കലർന്നിട്ടില്ലെന്നും ഉപഭോക്താക്കൾക്ക്  ഐടിസി ഉറപ്പ് നൽകുന്നുണ്ട്. ആട്ട വളരെ ശ്രദ്ധയോടെയാണ് നിർമിക്കുന്നത്. അത് നിയമപ്രകാരമാണ് നിർമിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതായി കമ്പനി അധിക‍ൃതർ വ്യക്തമാക്കുന്നു.

ആട്ടയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഏതെങ്കിലും വാചകങ്ങളോ ചിത്രങ്ങളോ വിഡിയോകളോ പോസ്റ്റു ചെയ്യുകയോ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐടിസി വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ തിരഞ്ഞപ്പോൾ ഗോതമ്പ് പൊടിയിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സംബന്ധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ( FSSAI)നൽകിയിട്ടുള്ള വിശദീകരണവും ഞങ്ങൾ കണ്ടെത്തി.ആട്ടയിൽ പ്ലാസ്റ്റിക് ഇല്ലെന്നും പൂർണ്ണമായും സുരക്ഷിതമാണെന്നും ഇത് തെളിയിക്കുന്നു. 

gluten

കൂടുതൽ കീവേഡുകളുടെ തിരയലിൽ ആട്ടയിലെ ഗ്ലൂട്ടന്റെ പ്രാധാന്യവും സാന്നിധ്യവും വിശദീകരിക്കുന്ന പ്രോട്ടീൻ ഫുഡ്‌സ് ആൻഡ് ന്യൂട്രീഷൻ ഡെവലപ്‌മെന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ മറ്റൊരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. അവകാശവാദം പൂർണ്ണമായും തെറ്റാണെന്ന് വിഡിയോയിൽ ഡോക്ടർ കൂടിയായ അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സ്ഥിരീകരണത്തിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായും ആരോഗ്യ വിധഗ്ദനുമായും സംസാരിച്ചപ്പോൾ,ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൻ. ഗ്ലൂട്ടൻ എന്ന് പറയുന്നത് ഒരു സീഡ് സ്റ്റോറേജ് പ്രോട്ടീൻ ആണ് അതായത് ഗോതമ്പ്, ബാർലി പോലുള്ള ധാന്യങ്ങളിലെ വിത്തുകളിൽ സംഭരിക്കപ്പെട്ട പ്രോട്ടീൻ . ബ്രെഡും അതുപോലെ ബേക്കറി ഉത്പന്നങ്ങളുമുണ്ടാക്കാൻ ഗ്ലൂട്ടൻ അത്യാവശ്യമാണ്. ചപ്പാത്തിയും ബ്രെഡും  ബേക്കറി ഉത്പന്നങ്ങളായായ ബിസ്കറ്റും കേക്കും  ഒക്കെ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണമാണ്. ഭക്ഷണ പദാർത്ഥങ്ങൾക്ക് ഇലാസ്തികത ലഭിക്കാനും അതു വഴി മാവ് പരത്തൽ എളുപ്പത്തിലാക്കാനും സാധിക്കും. ഗ്ലൂട്ടൻ അലർജി ഉള്ളവർക്കല്ലാതെ, എല്ലാവർക്കും ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ഒന്നല്ല എന്നാണ് വ്യക്തമാക്കി.

അതിനാൽ പ്രചരിക്കുന്ന പോസ്റ്റിൽ വിശദീകരിക്കുന്നത് പോലെ ആട്ടയിൽ പ്ലാസ്റ്റിക് ഇല്ലെന്നും വിഡിയോയിലൂടെ, മാവിൽ പ്ലാസ്റ്റിക് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വസ്തു ഗ്ലൂട്ടൻ ആണെന്നും  വ്യക്തമാണ്.

വാസ്തവം

ഗോതമ്പടക്കമുള്ള ധാന്യങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഗ്ലൂട്ടൻ.ഭക്ഷണ പദാർത്ഥങ്ങൾക്ക് ഇലാസ്തികത നൽകുന്ന ഗ്ലൂട്ടനാണ് ആട്ടയിൽ പ്ലാസ്റ്റിക് എന്ന തരത്തിൽ പ്രചരിക്കപ്പെടുന്നത്.വിഡിയോയിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary :Aashirvaad Atta Doesn’t Have Plastic

 

 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com