വയനാട്ടിൽ സിപിഎം പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനമോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവമറിയാം | Fact Check
Mail This Article
വയനാട്ടിൽ സിപിഎം പ്രവർത്തകരെ നാട്ടുകാർ തെരുവിൽ നേരിടുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യമറിയാം.
∙ അന്വേഷണം
സഹികെട്ട ജനം വയനാട്ടിൽ സിപിഎമ്മിനെ തെരുവിൽ നേരിടുന്ന രംഗം ആണ് . ഇത് ഇനി കേരളം മുഴുവൻ വ്യാപിപ്പിക്കാൻ അധികകാലം എടുക്കില്ല. ലാൽസലാം.
എങ്കിലും അടുത്ത ഇലക്‌ഷന് ഇവർ തന്നെ ജയിക്കും. കാരണം അണികൾക്കും ഇസ്‍ലാമികൾക്കും വേണ്ടിയുള്ള ഭരണം ആയിരുന്നു കേരളം കണ്ടത്. അനീതിയിൽ നേട്ടം കിട്ടിയവർ എല്ലാം കൂട്ടമായി ഇവർക്ക് വോട്ടു ചെയ്യും എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. വിഡിയോ കാണാം.
അക്രമം നടത്തുന്ന ജനക്കൂട്ടത്തിനിടയിൽ സിപിഎം പതാകകളുമായി നിൽക്കുന്നവരെയും കാണാം. ഈ സൂചനകളിൽ നിന്ന് വയനാട്ടിൽ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് ഞങ്ങൾ ഒരു കീവേഡ് തിരയൽ നടത്തി. തിരയലിൽ ഞങ്ങൾക്ക് ലഭിച്ച ഒരു റിപ്പോർട്ടിൽ വയനാട് മാനന്തവാടിയിൽ 2016 നവംബർ നാലിന് നടന്ന സിപിഎം–സിപിഐ സംഘർഷത്തിന്റെ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടിലുള്ളത്.
മാനന്തവാടിയിൽ സി.പി.ഐ പ്രവർത്തകർ മുനിസിപ്പൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി.പി.എം പ്രവർത്തകർ തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് പൊലീസുകാർ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റതായാണ് ഇതിലെ വിവരം. നഗരത്തിലെ നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, എല്ലാ കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്നും ചില കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെ നഗരസഭയിലെ സഖ്യകക്ഷിയായ സിപിഐ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമാണ് നടന്നതെന്ന് വാർത്തകളിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നഗരസഭയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെ ദൃശ്യങ്ങളാണ് നാട്ടുകാർ സിപിഎം പ്രവർത്തകരെ തെരുവിൽ കൈകാര്യം ചെയ്തെന്ന അവകാശവാദവുമായി പ്രചരിച്ചത്.
മാനന്തവാടി പൊലീസ് അധികൃതരുമായി സംസാരിച്ച് ദൃശ്യങ്ങൾ 2016ലെ സിപിഎം–സിപിഐ സംഘർഷത്തിന്റേതാണെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു.
∙ വാസ്തവം
വയനാട്ടിൽ സിപിഎം പ്രവർത്തകരെ നാട്ടുകാർ തെരുവിൽ നേരിടുന്നു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യഥാർത്ഥത്തിൽ വിഡിയോ വയനാട് മാനന്തവാടിയിൽ നഗരസഭാ മാർച്ചിനിടെ 2016 നവംബർ നാലിന് നടന്ന സിപിഎം–സിപിഐ സംഘർഷത്തിന്റേതാണ്.
English Summary:Video circulating with the claim that locals are confronting CPM workers on the streets in Wayanad is misleading