ADVERTISEMENT

പൗരത്വ നിയമം പരാമർശിച്ച് രാജ്യത്തെ എല്ലാ  ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പുറത്താക്കുമെന്ന്  അമിത് ഷാ പ്രസംഗിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. 

അന്വേഷണം

ബിജെപിക്കാരോട് അമിത് ഷാ ചോദിക്കുന്നു ഇവിടെ ജോലിചെയ്യുന്ന മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും പുറത്താക്കണോ? സംഘികള്‍ അതെ വേണം എന്ന് ഉറക്കെ വിളിച്ചു പറയുന്നു ബിജെപിക്ക് ഭരണം കിട്ടിയാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അസം മുതല്‍ ഗുജറാത്ത് വരെയുമുള്ള എല്ലാ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും എൻആർസിയിലൂടെ പുറത്താക്കുമെന്ന്, ഇതൊന്നും ഒരു മാധ്യമവും വാര്‍ത്ത ചെയ്യില്ല ചെയ്താല്‍ അവരെ ഭീഷണിപ്പെടുത്തി പൂട്ടിക്കും എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത് . വിഡിയോ കാണാം.

പൗരത്വ നിയമത്തിനെക്കുറിച്ചുള്ള വിഡിയോയിലെ സൂചനകൾ വച്ച് ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ അമിത് ഷായുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ നിന്ന് സമാന വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

2019 മെയ് ഒന്ന് നോര്‍ത്ത് 24 പര്‍ഗനാസ്, വെസ്റ്റ് ബംഗാള്‍ എന്ന് വിഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് 2019ലെ തിരഞ്ഞെടുപ്പ്  പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലെ ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി. 

മുഴുവൻ വി‍ഡിയോയും പരിശോധിച്ചപ്പോൾ  ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ വിഡിയോയിൽ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. വൈറൽ വിഡിയോയിലെ ഭാഗത്ത് അമിത് ഷാ മുസ്ലിം സമുദായത്തെക്കുറിച്ച് എവിടെയും പരാമർശിച്ചിട്ടില്ല എന്നതാണ് വസ്തുത.

പിന്നീട് ഇതേ വിഡിയോ ഞങ്ങൾക്ക് അമിത് ഷായുടെ ഔദ്യോഗിക എക്സ് പേജിലും ലഭിച്ചു.

ആദ്യം ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ പാസാക്കുകയും എല്ലാ അഭയാർഥികൾക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. അതിനുശേഷം എൻആർസി നടപ്പിലാക്കും. പിന്നീട്  മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തും എന്നാണ് എക്‌സിൽ പങ്ക്‌വച്ച പ്രസംഗത്തിൽ വ്യക്തമാക്കുന്നത്. ഈ വിഡിയോയിലും ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ എവിടെയും സൂചിപ്പിച്ചിട്ടില്ല. 

വാസ്തവം

മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും പൗരത്വ ഭേദഗതി നിയമത്തിലൂടെ  രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് വൈറൽ വിഡിയോയിൽ അമിത് ഷാ പറയുന്നത്.  

English Summary: The posts circulating claiming that Amit Shah said that Muslims and Christians will be thrown out of the country through the Citizenship Amendment Act are misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com