ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞോ? വസ്തുതയറിയാം | Fact Check
Mail This Article
ഭാരത് റൈസിന്റെ വിതരണമാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ഇതിനിടെ ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കുന്നവരെ കണ്ടെത്താൻ സംഘം ജാഗ്രത പാലിക്കുക എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
∙ അന്വേഷണം
ഇല്ലമ്പ്രാ ഒരു ദിവസത്തെ പൂജയും നാല്പത്തൊന്നു ദിവസം വൃതവും നോക്കിയിട്ടേ തൊടു എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.
ഒരു വാർത്താ കാർഡിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കരുത്. അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താന്‍ സംഘം ജാഗ്രത പാലിക്കുക കെ.സുരേന്ദ്രന്‍ എന്നാണ് പ്രചരിക്കുന്ന കാർഡിലുള്ളത്.
ആദ്യം തന്നെ ഭാരത് റൈസിനൊപ്പം ബീഫ് കഴിക്കരുതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ഞങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ കെ സുരേന്ദ്രന്റെ ഇത്തരത്തിലൊരു പ്രസ്താവന സംബന്ധിച്ച വാർത്താ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചില്ല.
24 ന്യൂസിന്റെ പേരിലുള്ള കാർഡാണ് പ്രചരിക്കുന്നത്. 24 ന്യൂസിന്റെ പേജുകളില്‍ ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് കണ്ടെത്താനായില്ല. കാർഡിൽ തീയതിയും നൽകിയിട്ടില്ല. കൂടുതൽ തിരഞ്ഞപ്പോൾ അവരുടെ സമൂഹമാധ്യമ പേജുകളിൽ ഈ കാർഡ് സംബന്ധിച്ച് വിശദീകരണം നൽകിയതായി വ്യക്തമായി.
ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞതായി ട്വന്റിഫോർ റിപ്പോർട്ട് ചെയ്തുവെന്നാണ് വാർത്ത. എന്നാൽ ഇത്തരമൊരു വാർത്ത ട്വന്റിഫോർ നൽകിയിട്ടില്ല എന്നാണ് ചാനലിന്റെ ഔദ്യോഗിക വിശദീകരണം.
പ്രചാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കെ.സുരേന്ദ്രന്റെ ഓഫിസുമായി ബന്ധപ്പെട്ടു. വൈറൽ പ്രചാരണം തീർത്തും വ്യാജമാണെന്നും കെ.സുരേന്ദ്രൻ ഇത്തരമൊരു പ്രസ്താവന എവിടെയും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഇതിൽ നിന്ന് ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞതായുള്ള അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി
∙ വാസ്തവം
ബീഫിനൊപ്പം ഭാരത് റൈസ് കഴിക്കരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞതായുള്ള അവകാശവാദം തെറ്റാണ്. അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല.
English Summary: The claim that K.Surendran said that Bharat Rice should not be eaten with beef is false