ടി.എൻ.പ്രതാപന്റെ എംപി ഫണ്ട് വിനിയോഗം വെറും 30 ലക്ഷം! സത്യമിതാണ് | Fact Check
Mail This Article
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിൽ വാദപ്രതിവാദങ്ങളും വാക്പോരുകളും സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ തൃശൂരിലെ ലോക്സഭാംഗം ടി.എൻ.പ്രതാപൻ എംപി ഫണ്ടിൽ കുറച്ച് തുക മാത്രമാണ് വിനിയോഗിച്ചതെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
തൃശ്ശൂർകാർ ജയിപ്പിച്ചു വിട്ട MP TN പ്രതാപൻ തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി അനുവദിച്ച 9.8 കോടി രൂപയിൽ ചിലവാക്കിയത് വെറും 30 ലക്ഷം രൂപ.പാർലമെന്റിൽ പോയി 2 ഹൈമാസ്റ്റ് ലൈറ്റ് ന് വേണ്ടി അപേക്ഷിച്ചു അതാണ് 5വർഷം TN പ്രതാപൻ തന്റെ MP ഫണ്ട് ഉപയോഗിച്ച് നടത്തിയ തൃശ്ശൂർ വികസനം എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.
കീവേഡുകളുടെ പരിശോധനയിൽ ഇതേ വാദങ്ങളുന്നയിക്കുന്ന നിരവധി പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു
മറ്റൊരു പോസ്റ്റ് ഇങ്ങനെ,
തൃശ്ശൂർകാർ ജയിപ്പിച്ചു വിട്ട MP TN പ്രതാപൻ , തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി GOV of INDIA അനുവദിച്ച MP 9.8 കോടി രൂപയിൽ ഫണ്ടിൽ നിന്നും ചിലവാക്കിയത് വെറും 30 ലക്ഷം രൂപ.. ഇപ്പോൾ മനസ്സിലായില്ലേ ഒരു MP യ്ക്ക് MP ഫണ്ടിലേക്ക് എത്ര കോടി രൂപയാണ് ലഭിക്കുന്നതെന്ന് ??? എന്ത് വികസനമാണിവർ ചെയ്യുന്നതെന്നും
എംപിമാരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ വെബ്സൈറ്റാണ് ഞങ്ങൾ പരിശോധിച്ചത്.
ഇതിൽ ടി.എന്‍. പ്രതാപന്‍ എംപിയുടെ എംപി ലാഡ്സ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതിയും മിച്ചമുള്ളത് പലിശസഹിതം 10.08 കോടി രൂപയുമാണെന്നാണ് നൽകിയിരിക്കുന്നത്. MPLADS ഫണ്ടില്‍ നിന്ന് ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ട 29.67 കോടി രൂപയിൽ 18.62 കോടി രൂപ അനുവദിച്ചതായി കാണുന്നു.
കണക്കുകൾ പ്രകാരം നാലാം സ്ഥാനമാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ടി.എന്‍. പ്രതാപനുള്ളത്.
വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ ടി.എന്‍. പ്രതാപന്‍ എംപിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. 236 പദ്ധതികള്‍ക്ക് ഫണ്ട് നല്‍കിയതായി എംപിയുടെ ഓഫിസ് മനോരമ ഓൺലൈനോട് വ്യക്തമാക്കി. എംപി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച വിശദ വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചു.വിശദ വിവരങ്ങൾ കാണാം.
ആരോഗ്യ മേഖല
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ISOLATION ICU 2എണ്ണം,പീച്ചി ആശുപത്രി കെട്ടിടം, അയ്യന്തോൾ ഫാമിലി വെൽഫെയർ സെന്റർ,ജനറൽ ആശുപത്രി, താലൂക്ക് HQ ആശുപത്രികൾ,CHC എന്നിവക്ക് വെന്റിലേറ്റർ, മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും OPയിലും വാട്ടർ കിയോസ്ക്, മെഡിക്കൽ കോളേജിന് ICU ആമ്പുലൻസ്, ജനറൽ ആശുപത്രിക്ക് ICU ആമ്പുലൻസ്, ജില്ലാ ഹോമിയോ ആശുപത്രിക്ക് മൊബൈൽ ക്ലിനിക് എന്നിവയ്ക്കായി ആകെ 1.93 കോടി രൂപയും സ്മാർട് ഹൈടെക് A/C അംഗൻ വാടികൾ 33 എണ്ണത്തിൽ 18 എണ്ണം പൂർത്തിയായി, 8 എണ്ണം അന്തിമ ഘട്ടത്തിലാണ്. 7 എണ്ണം നിർവ്വഹണം നടന്നു വരുന്നു.ഇതിനായി 8.60 കോടി.
വിദ്യാഭ്യാസ മേഖല
സ്കൂൾ ബസുകൾ,കോളേജ് ബസ്, ഡിജിറ്റൽ ഓണലൈൻ ക്ലാസ് റൂംസ്+ഡിജിറ്റൽ പ്രൊഡക്ഷൻ പ്രിന്റർ 22.50 ഡിഎച്ച്, ഓൺലൈൻ ഇന്റർവ്യു എക്സാമിനേഷൻ ട്രെയിനിംഗ്,പ്ലേസ്മെന്റ് ലാബ് ലാപ്ടോപ് സഹിതം ,യൂണിവേഴ്സിറ്റി ക്വസ്റ്റ്യൻ പേപ്പർ പ്രിന്റിംഗ് മെഷീൻ, മലയോര മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് WIFI സംവിധാനം എന്നിവയ്ക്ക് ആകെ 2.72 കോടി.
മലയോര മേഖലയ്ക്ക്
പൊലീസ് സഹകരണത്തോടെ ക്യാമറ പ്രോജക്ട് ശക്തൻ ബസ് സ്റ്റാൻറിലും KSRTC ബസ് സ്റ്റാന്റിലും കൺട്രോൾ റൂം, സി.എൻ ജയദേവൻ 2014-15 ൽ നിർദ്ദേശിച്ച് നടപ്പിലാക്കാത്ത വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ കല്ലായി മൂല കുട്ടഞ്ചിറ ഫോറസ്റ്റ് റോഡ്, മണലൂർ പാവറട്ടി റോഡിലെ ഏനാമാവ് കെട്ടിലെ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏനാമാക്കൽ റോഡ്, അരിമ്പൂർ PA റോഡ് സ്ട്രീറ്റ്, ചാവക്കാട് മുനിസിപ്പാലിറ്റി വേതിൽക്കാവ് ഡ്രെയിൻ എന്നിവയ്ക്ക് ആകെ 102.91 ലക്ഷം. 120 ഹൈമാസ്റ്റ് ലൈറ്റുകൾക്കായി 1.21 കോടി, വിവിധ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി 3.16 കോടി രൂപ, പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾക്കായി 78.71 ലക്ഷം എന്നിങ്ങനെയാണ് എംപി ഫണ്ടിൽ നിന്നുള്ള തുക വകയിരുത്തിയിട്ടുള്ളത്.
വൈറൽ ചിത്രത്തിലെ കണക്കുകൾ ഉൾപ്പെടുന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് MPLADS ഫണ്ടില്‍ നിന്ന് മാത്രമുള്ള തുകയാണ്. മറ്റ് പദ്ധതികളും ചേര്‍ത്താണ് മൊത്തം ചെലവഴിച്ച തുക കണക്കാക്കുന്നത്. എംപിയുടെ ഓഫീസ് വ്യക്തമാക്കി.
ജില്ലാ പ്ലാനിങ് ഓഫീസുമായും ഞങ്ങൾ ബന്ധപ്പെട്ടു. എംപി ലാഡ്‌സ് സംബന്ധിച്ച് എംപിയുടെ ഓഫിസിൽ നിന്ന് ലഭ്യമായ അതേ വിവരങ്ങൾ തന്നെയാണ് ഞങ്ങൾക്ക് പ്ലാനിംഗ് ഓഫിസ് അധികൃതരിൽ നിന്നും ലഭിച്ചത്.
∙ വസ്തുത
ടി.എന്‍. പ്രതാപന്‍ എംപിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary : The social media campaign regarding TN Prathapan MP's misappropriation of funds is misleading