അഴീക്കോട്–മുനമ്പം പാലത്തിന് തറക്കല്ലിട്ടത് വി.എസ്.സുനിൽ കുമാറല്ല; സത്യമിതാണ് | Fact Check
Mail This Article
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും കേരളം ആവേശത്തോടെ ഫലം കാത്തിരിക്കുന്നതുമായ മണ്ഡലമാണ് ബിജെപിക്ക് വേണ്ടി നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാർത്ഥി തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍, എല്‍ഡിഎഫിന് വേണ്ടി മുന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവർ ജനവിധി തേടുന്ന തൃശൂർ. സ്ഥാനാർത്ഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ യഥേഷ്ടം നടക്കുന്നുണ്ട്. ഇപ്പോൾ അഴിക്കോട്-മുനമ്പം പാലത്തിന്റെ കാര്യത്തിൽ വാക്ക് പാലിക്കാത്തയാളാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വി.എസ് സുനിൽ കുമാർ എന്ന അവകാശവാദവുമായുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത്. ഇതിന്റെ വസ്തുത പരിശോധനയ്ക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ചിലർ സന്ദേശമയച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
വികസന നായകൻ VS സുനിൽകുമാർ 20 വർഷം മുൻപ് അഴിക്കോട് മുനമ്പം പാലത്തിനു തറക്കൽ ഇട്ടിരുന്നു.."അതിപ്പോഴും തറയും കല്ലുമായി കിടക്കുന്നു""..അച്ചുതാനന്ദൻ ഗവൺമെൻ്റ് കാലത്തെ തൃശ്ശൂർ കാഞ്ഞാണി വാടനപ്പള്ളി റോഡ് വികസനം ഇന്നും പണിതീരാത്ത വീടാണ് . ജയദേവൻ നിന്നപ്പോഴും എന്തോക്കെ വീരവാദം ആയിരുന്നു . ഇന്നും സുനിൽ കുമാറിനും വീരവാദങ്ങൾക്ക് കുറവില്ല ! വാൽക്കഷ്ണം : "ആകെ കൂടി വികസിച്ചത് സുനച്ചേട്ടന്റെ കുടവയറ് മാത്രം " പോസ്റ്റ് കാണാം.
അഴിക്കോട്- മുനമ്പം പാലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യം പരിശോധിച്ചത്. പബ്ലിക് റിലേഷന്‍സ് വിഭാഗം നൽകുന്ന വിവരങ്ങൾ പ്രകാരം രണ്ട് തീരദേശങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം 2011 ഫെബ്രുവരി 26നാണ് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാമതാണ് അഴീക്കോട്- മുനമ്പം പാലം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്കുള്ള എളുപ്പമാർഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽ നിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കുമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സ്ഥലമേറ്റെടുപ്പ് വൈകിയതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഞങ്ങളുടെ വിവിധ പ്രാദേശിക ലേഖകനുമായി സംസാരിച്ചപ്പോൾ പാലത്തിന്റെ ശിലാസ്ഥാപനം 2011 ഫെബ്രുവരിയിൽ ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കാണ് നിര്‍വഹിച്ചതെന്ന് വ്യക്തമായി. കൂടുതൽ വിവരങ്ങൾക്കായി പഞ്ചായത്ത് അധികൃതരുമായും ചില പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ഞങ്ങൾ സംസാരിച്ചു. ശിലാസ്ഥാപനത്തിന് ഉദ്ഘാടകനായി ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക്കും അന്നത്തെ റവന്യു മന്ത്രി കെപി രാജേന്ദ്രനും പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.വിജയകുമാര്‍, എം.കെ.പുരുഷോത്തമന്‍ എംഎല്‍എ എംപിമാർ തുടങ്ങിയവർ പങ്കെടുത്തതായി വ്യക്തമായി. എന്നാൽ വി.എസ് സുനിൽ കുമാർ ചടങ്ങിൽ പങ്കെടുത്തിട്ടില്ലെന്നാണ് സ്ഥിരീകരണം ലഭിച്ചത്. ഞങ്ങളുടെ പ്രദേശിക ലേഖകൻ 2011ൽ ശിലാസ്ഥാപന വേളയിൽ പാലത്തിൽ സ്ഥാപിച്ച ശിലാഫലകത്തിന്റെ ചിത്രം ലഭ്യമാക്കി. ചിത്രം കാണാം.
അഴിക്കോട്- മുനമ്പം പാലത്തിന്റെ നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.പാലത്തിന്റെ നിര്‍മാണം 28% പൂര്‍ത്തിയായെന്നാണ് വാർത്തയിലുള്ളത്.
കൂടാതെ ഞങ്ങളുടെ തന്നെ മറ്റൊരു വാർത്തയിൽ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് വൈകിയ അഴിക്കോട്- മുനമ്പം പാലം നിര്‍മാണത്തിന്റെ നാള്‍ വഴികള്‍ സംബന്ധിച്ച് നൽകിയ റിപ്പോർട്ട് കാണാം.
ഈ റിപ്പോർട്ടിലും 2011ൽ നടത്തിയ ഉദ്ഘാടനത്തിന്റെ വിശദാംശങ്ങൾ കാണാം. 2003ൽ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്താണ് പാലം നിർമ്മിക്കുമെന്ന പ്രഖ്യാപനവും പ്രാരംഭ സർവ്വേയും നടന്നത്. 2011ലെ ശിലാസ്ഥാപനം നടന്നിട്ട് 13 വർഷമാകുന്നതേയുള്ളു. ഇതിൽ നിന്ന് ഇരുപത് വര്‍ഷം മുന്‍പ് അഴിക്കോട്-മുനമ്പം പാലം നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തിയത് വിഎസ് സുനില്‍കുമാറാണെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
. വാസ്തവം
അഴീക്കോട്-മുനമ്പം പാലം നിര്‍മാണത്തിന് ഇരുപത് വര്‍ഷം മുന്‍പ് ശിലാസ്ഥാപനം നടത്തിയത് വി.എസ്. സുനില്‍കുമാറാണെന്ന അവകാശവാദം തെറ്റാണ്.
English Summary : The claim that VS Sunilkumar laid the stone twenty years before the construction of Azhikode-Munambam bridge is wrong