ADVERTISEMENT

ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തിന് പിന്നാലെ മത്സരരംഗത്തുള്ള സ്ഥാനാർഥികൾക്കെതിരെ ആരോപണ പ്രത്യാരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ.  ഓഡിയോയും വിഡിയോയും ചിത്രങ്ങളുമായി ആരോപണങ്ങൾ കളം നിറയുകയാണ്.  ഇതിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കും സിപിഎം നേതാവ് പി.ജയരാജനും ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസ് പ്രതിയെ സംരക്ഷിച്ചതിൽ മുഖ്യപങ്കുണ്ടെന്ന അവകാശവാദവുമായി ഒരു ചിത്രം അടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത അറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

 ∙ അന്വേഷണം

പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയ സംഘിയെ സംരക്ഷിച്ചത് ശൈലജയും സംഘി ജയരാജനും. കേരളത്തിൽ ആദ്യം പരാജയപ്പെടേണ്ടത് പാലത്തായിലെ പിഞ്ചു മോളെ പിച്ചിച്ചീന്തിയവനെ സംരക്ഷിച്ച ഷൈലജ തന്നെ ആയിരിക്കണം. ഈ വാചകത്തിനൊപ്പം വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്  വോട്ട് അഭ്യർത്ഥന കൂടി ഉൾപ്പെടുത്തിയ ഒരു കാർഡിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.  പോസ്റ്റ്  കാണാം.

കാർഡിലെ ചിത്രത്തിൽ പി.ജയരാജന് ഒപ്പം മറ്റു മൂന്നു പേരും ചിത്രത്തിലുണ്ട്. ഇതിൽ ഇടതു നിന്ന് രണ്ടാമത് നിൽക്കുന്നയാൾക്ക് പാലത്തായി പീഡനക്കേസിലെ പ്രതിയായ പത്മരാജനുമായി രൂപ സാദൃശ്യമുണ്ട്. ഇതേ പോസ്റ്റ് കോൺഗ്രസിന്റെ INC Online എന്ന ഗ്രൂപ്പിലും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.

kannurim

പകൽ സംഘിയും രാത്രി സഖാവുമായവൻ എന്ത് ചെയ്താലും തൊടാൻ പറ്റില്ലെന്നാണ് കാർഡിൽ നൽകിയ വാചകം.

കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ 2020 മാർച്ച് 16നാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട സംഭവമുണ്ടായത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ബിജെപിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ നേതാവുമായിരുന്ന പത്മരാജനെ ഏറെ ജനകീയ പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിലെ പ്രതിയായ പത്മരാജനെ പി.ജയരാജനും കെ.കെ ഷൈലജയും സംരക്ഷിക്കുന്നു എന്ന ആരോപണമാണ് പോസ്റ്റുകളിലുള്ളത്.

ചിത്രം ഉൾപ്പെട്ട പോസ്റ്റ് പരിശോധിച്ചപ്പോൾ പോസ്റ്റിനൊപ്പമുള്ള കമന്റുകളിൽ ചിത്രം വ്യാജമാണെന്ന തരത്തിലുള്ള കമന്റുകൾ ശ്രദ്ധയിൽപ്പെട്ടു. ഈ സൂചനകൾ ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ വൈറലായ ചിത്രത്തിന്റെ യഥാർത്ഥ ചിത്രം കമന്റുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. യഥാർത്ഥ ചിത്രത്തിലുള്ള വ്യക്തിയുടെ മുഖം എഡിറ്റ് ചെയ്താണ് പാലത്തായി പീഡനക്കേസിലെ പ്രതിയായ പത്മരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. 

jayarajann

ചിത്രം പരിശോധിച്ചപ്പോൾ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.എസ്.മോഹനനാണ് ചിത്രത്തിലുള്ള ഒരാളെന്ന് വ്യക്തമായി. ചിത്രത്തെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു.

എം.എസ്‌.പ്രസാദ്‌ രക്തസാക്ഷിദിനത്തിനായി 2017 സെപ്റ്റംബർ 7ന് പി. ജയരാജൻ പെരുനാട്ടിൽ വരികയും തന്റെ വീടിന്‌ മുൻവശത്ത്‌ വച്ച് മറ്റ് സഖാക്കൾ ഒരു ചിത്രം പകർത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഞാനും പെരുനാട്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ. തോമസും വടശേരിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ബഞ്ചമിൻ ജോസ്‌ ജേക്കബുമാണ്‌ ജയരാജനൊപ്പം നിൽക്കുന്നത്‌. ഇതിൽ റോബിന്റെ തല എഡിറ്റ് ചെയ്ത് മാറ്റി പീഡന കേസ്‌ പ്രതിയുടെ ചിത്രവും വെച്ചാണ്‌‌ വ്യാജ പ്രചരണം അഴിച്ച്‌ വിടുന്നത്‌. 2017 മുതൽ ഈ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ് . ഇപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മുൻപ് നടത്തിയ തരത്തിൽ ദുഷ്ടലാക്കോടെ വ്യാജ പ്രചാരണം അഴിച്ചു വിടുകയാണ്. വടകരയിൽ സിപിഎം സ്ഥാനാർഥിയായ കെ.കെ.ശൈലജയുടെ പേരും ഉൾപ്പെടുത്തിയാണ് ഇപ്പോൾ വ്യാജ പ്രചാരണം . പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക്‌ അന്ന് തന്നെ പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു ഫെയ്‌സ്ബുക് പോസ്റ്റും 2017ൽ അദ്ദേഹം പങ്ക്‌വച്ചിരുന്നു.

എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച വൈറൽ ചിത്രത്തിന്റെ യഥാർത്ഥ ചിത്രവും ഞങ്ങൾക്ക് ലഭിച്ചു. ചിത്രം കാണാം

jayarajan

ഇതിൽ നിന്ന് പി.ജയരാജനുൾപ്പെട്ട മറ്റൊരു ചിത്രത്തിൽ പാലത്തായി പീഡന കേസ്‌ പ്രതിയുടെ ചിത്രം മോർഫ്‌ ചെയ്താണ് വൈറൽ ചിത്രം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

original

∙ വസ്തുത

പി.ജയരാജനുൾപ്പെട്ട മറ്റൊരു ചിത്രത്തിൽ പാലത്തായി പീഡന കേസ്‌ പ്രതിയുടെ ചിത്രം മോർഫ്‌ ചെയ്തുൾപ്പെടുത്തിയാണ് വൈറൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം വ്യാജമാണ്. 

English Summary :The viral Image made by morphing the picture of the rape case accused in another image with P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com