രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടതല്ല; സത്യമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
രാഹുൽ ഗാന്ധിയുടെ പ്രചാരണ വാഹനത്തിൽ നിന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെ ഇറക്കി വിട്ടു എന്ന അവകാശവാദത്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
∙അന്വേഷണം
"രാഹുൽ ഗാന്ധിയുടെ വയനാട് റോഡ് ഷോയിൽ മുസ്ലീം ലീഗിൻ്റെ പച്ചക്കൊടിക്ക് മാത്രമല്ല വിലക്ക്.. രാഹുലൻ്റെ വണ്ടിയിൽ ഇടം പറ്റിയ മുസ്ലീം ലീഗിൻ്റെ അനിഷേധ്യ നേതാവ് Mr കുഞ്ഞാലിക്കുട്ടിയേയും ഇറക്കിവിട്ടു..." എന്ന് തുടങ്ങുന്ന തലകെട്ടുമായി പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.
എന്നാൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ടാണ് കുഞ്ഞാലികുട്ടി പ്രചാരണ വാഹനത്തിൽ നിന്നും താഴെ ഇറങ്ങിയത്.
പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്
പ്രചാരത്തിലുള്ള വിഡിയോയുടെ താഴെ കരുതൽ എന്ന് എഴുതിയിട്ടുണ്ട്. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ സമാനമായ വിഡിയോയുടെ കൂടുതൽ വ്യക്തതയുള്ള പതിപ്പ് മറ്റൊരു ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. "നോമ്പും ഒപ്പം പൊരിവെയിലിലും അല്പം തളർച്ച അനുഭവപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബിനോട് രാഹുൽ ഗാന്ധി അടക്കമുള്ള നേതൃത്വത്തിന്റെ കരുതൽ" എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്. കൂടുതൽ വ്യക്തതയുള്ള ഈ വീഡിയോയിൽ Sahibkerla എന്ന ഇൻസ്റ്റഗ്രാം ഐഡിയും നൽകിയിരിക്കുന്നു. ഈ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത സമാന വിഡിയോയുടെ സ്ക്രീൻഷോട്ട് ചുവടെ കാണാം.
തുടർന്ന് നടത്തിയ കീവേഡ് സെർച്ചിൽ വി വൺ മലയാളം എന്ന യൂട്യൂബ് ചാനലിൽ സംഭവത്തിന്റെ മറ്റൊരു ആംഗിളിലുള്ള വfഡിയോ കണ്ടെത്താനായി. 'രാഹുലിൻ്റെ റോഡ് ഷോക്ക് ഇടയിയിൽ ഉന്തും തള്ളും/കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം വിഡിയോ കാണാം' എന്ന തലകെട്ടോടെ പ്രസിദ്ധീകരിച്ച ഈ വിഡിയോയിൽ തളർന്ന കുഞ്ഞാലികുട്ടിയെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ചേർന്ന് പ്രചരണ വാഹനത്തിൽ നിന്നും താഴേക്ക് ഇറക്കുന്നത് വ്യക്തമായി കാണാനാകുന്നുണ്ട്. ഈ വിഡിയോ ചുവടെ കാണാം.
രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലും കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1.04 മിനുറ്റ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ പ്രചാരണ വാഹനത്തിൽ പ്രിയങ്ക ഗാന്ധി, എംഎം ഹസ്സൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ, കെസി വേണുഗോപാൽ എന്നീ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധിയുടെ സമീപത്ത് തന്നെ കുഞ്ഞാലികുട്ടി നിൽകുന്നത് കാണാം. ഈ വീഡിയോയുടെ 35.20 മിനുറ്റ് മുതലുള്ള ഭാഗത്ത് പികെ കുഞ്ഞാലികുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത് കാണാം. തുടർന്ന് നേതാക്കൾ വാഹനം നിർത്താൻ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി കുഞ്ഞാലികുട്ടിയുടെ കൈ പിടിക്കുകയും അദ്ദേഹത്തിന് വെള്ളം കുപ്പി കാണിച്ച് വേണോയെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കന്മാരും ചേർന്നാണ് അദ്ദേഹത്തെ വാഹനത്തിൽ നിന്നും കൈപിടിച്ച് പുറത്തിറക്കുന്നത്. ഈ വിഡിയോയുടെ പൂർണ രൂപം ഇവിടെ കാണാം.
ലഭ്യമായ വിവരങ്ങളിൽ നിന്നും രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ നിന്നും കുഞ്ഞാലികുട്ടിയെ ഇറക്കിവിട്ടു എന്ന പ്രചാരണം തെറ്റാണെന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞാലികുട്ടി വാഹനത്തിൽ നിന്നും ഇറങ്ങുകയായിരുന്നു എന്നും വ്യക്തമായി.
∙വസ്തുത
റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ നിന്നും ഇറങ്ങുന്ന വിഡിയോയാണിത്. രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ താഴെയിറങ്ങാൻ സഹായിച്ചു.
English Summary : This is a video of P.K. Kunhalikutty getting out of Rahul Gandhi's vehicle after feeling unwell during the rally