സുരേഷ്ഗോപി പറഞ്ഞത് വാസ്തവമോ? | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. ബിജെപി സ്ഥാനാർത്ഥിയായ സുരേഷ്ഗോപിയും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സിനിൽകുമാറും മൽസരത്തിന് ആവേശം കൂട്ടുന്നു. ഇതിനിടെ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ്ഗോപി ഇസ്‍ലാം മതത്തെ പ്രകീർത്തിച്ച് സംസാരിച്ചതായുള്ള ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്‍ലാം സമാധാനത്തിന്റെ മതമാണെന്നും പ്രവാചകൻ അതുല്യ വ്യക്തിത്വമാണെന്നും സുരേഷ് ഗോപി പറഞ്ഞതായി റിപ്പോർട്ടർ ടിവിയുടെ ലോഗോ സഹിതമുള്ള വാർത്താ കാർഡാണ് പ്രചരിക്കുന്നത്.
പറഞ്ഞതിനെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം നിരവധി പേരാണ് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
∙അന്വേഷണം
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, സുരേഷ് ഗോപി ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും, പ്രചരിക്കുന്ന വാർത്താകാർഡ് എഡിറ്റ് ചെയ്തതാണന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രചരിക്കുന്ന കാർഡിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിൽ നിന്നു തന്നെ അത് എഡിറ്റ് ചെയ്തതാകാമെന്ന സൂചന ലഭിച്ചു. റിപ്പോർട്ടർ ടിവിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ കാർഡുകളിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടല്ല ഇതിലുപയോഗിച്ചിരിക്കുന്നതെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമായി. കൂടാതെ സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയാൽ അത് മാധ്യമശ്രദ്ധ നേടേണ്ടതുമാണ്.
കാർഡിലെ തിയതി ഉപയോഗിച്ച് റിപ്പോർട്ടർ ടിവിയുടെ ഫെയ്‌സ്ബുക് പേജിൽ നടത്തിയ പരിശോധനയിൽ യഥാർത്ഥ കാർഡ് കണ്ടെത്തി. 2024 മാർച്ച് 16ന് പങ്കുവെച്ച കാർഡിൽ 'തൃശൂർ ജനങ്ങൾ തരും' എന്ന് സുരേഷ് ഗോപി പറഞ്ഞതായാണ് നൽകിയിരിക്കുന്നത്
ഈ രണ്ട് കാർഡുകൾ താരതമ്യം ചെയ്തതോടെ 'തൃശൂർ ജനങ്ങൾ തരും' എന്നതിന് പകരം പുതിയ ഉള്ളടക്കം എഴുതിച്ചേർത്ത് കാർഡ് എഡിറ്റ് ചെയ്താണെന്ന് വ്യക്തമായി.
തുടർന്ന് സുരേഷ് ഗോപി ഇത്തരം പ്രസ്താവനകൾ ഏതെങ്കിലും സാഹചര്യത്തിൽ നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. സമൂഹമാധ്യമ പോസ്റ്റുകളിലെ കമന്റുകളിൽ സുരേഷ് ഗോപി ഒരു മുസ്‌ലിം പള്ളിയിൽ നോമ്പുതുറയ്ക്ക് പങ്കെടുത്തതുമായി ബന്ധപ്പെടുത്തിയാണ് പ്രചരണമെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിച്ചു. 2024 ഏപ്രിൽ 7നാണ് തൃശൂർ ചെട്ടിയങ്ങാടി ജുംആമസ്ജിദിൽ നോമ്പുതുറ സമയത്ത് സുരേഷ് ഗോപി എത്തിയത്. മീഡിയവൺ പങ്കുവെച്ച ദൃശ്യങ്ങൾ കാണാം.
ജന്മഭൂമി ഓൺലൈനിലും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ നോമ്പുതുറയിൽ പങ്കെടുത്തതല്ലാതെ എന്തെങ്കിലും പ്രസ്താവന നടത്തുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തതായി എവിടെയും സൂചനകളില്ല.ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
∙വസ്തുത
ഇസ്‌ലാം മതത്തെ പ്രകീർത്തിച്ച് സുരേഷ് ഗോപി പ്രസ്താവന നടത്തിയെന്ന തരത്തിൽ വാർത്താ കാർഡിന്റെ രൂപത്തിൽ പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വാർത്താകാർഡ് എഡിറ്റ് ചെയ്തതാണെന്നും സുരേഷ് ഗോപി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
English Summary :The message circulating that Suresh Gopi made a statement glorifying Islam is untrue