വാഹനത്തെ അക്രമിക്കുന്ന പുലിയുടെ വിഡിയോ മുംബൈയിൽ നിന്നുള്ളതല്ല | Fact Check
Mail This Article
മുംബൈയിലെ ഗൊരെഗാവിൽ ഒരു വാഹനത്തെ പുള്ളിപ്പുലി അക്രമിച്ചു എന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോയുടെ വാസ്തവം അറിയാം.
അന്വേഷണം
യൂണിറ്റ് #7 മുംബൈ, റോയൽ പാംസ്, ഗൊരെഗാവിലെ ആരേ ഡയറിക്ക് പിന്നിൽ നടന്ന സംഭവം. ഭാഗ്യവശാൽ വിൻഡോ ഗ്ലാസ് ഉയർത്തി അടച്ചു എന്ന അടിക്കുറിപ്പോടെ സത്യപാൽ എന്നയാളാണ് വൈറലായ വിഡിയോ പങ്കിടുന്നത്.
കീവേഡുകൾ ഉപയോഗിച്ച് യുട്യൂബിൽ തിരഞ്ഞപ്പോൾ വൈറലായ വിഡിയോയെക്കുറിച്ച് 2022 ഡിസംബറിൽ അസമിലെ ജോർഹട്ടിൽ നിന്നുള്ള നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്ന് കണ്ടെത്തി. ജോർഹട്ടിൽ ഒരു പുള്ളിപ്പുലി മുള്ളുവേലിക്ക് മുകളിലൂടെ ചാടുകയും ആളുകളുമായെത്തിയ ഒരു വാനിനെ അക്രമിക്കുകയും ചെയ്യുകയായിരുന്നു. റെയിൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (ആർഎഫ്ആർഐ) സംഭവം നടന്നതെന്നും ക്യാംപസിന് ചുറ്റുമുള്ള വനത്തിൽ നിന്നാണ് പുള്ളിപ്പുലി പുറത്തു വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറലായ വിഡിയോയിലെ അതേ ദൃശ്യങ്ങൾ വിഡിയോ റിപ്പോർട്ടുകളിൽ കാണാം
കാടുകളാൽ ചുറ്റപ്പെട്ട ജോർഹട്ടിന്റെ പ്രാന്തപ്രദേശത്താണ് ആർ.എഫ്ആർ.ഐ സ്ഥിതി ചെയ്യുന്നത്, 2022 ഡിസംബർ 27-ന് പുള്ളിപ്പുലി ക്യാംപസിലേക്ക് നുഴഞ്ഞുകയറിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മനോരമ ഒാൺലൈൻ, വിഡിയോ സംബന്ധിച്ച വാർത്ത 2022 ഡിസംബർ 30ന് നൽകിയിരുന്നു. വാർത്ത കാണാം.
വസ്തുത
മുംബൈയിലെ ഗൊരെഗാവിൽ നിന്നുള്ളതെന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ വിഡിയോ 2022 ഡിസംബറിൽ അസമിലെ ജോർഹട്ട് ജില്ലയിൽ നടന്ന പുള്ളിപ്പുലി ആക്രമണത്തിൽ നിന്നുള്ളതാണ്.
English Summary : Viral Video Of Leopard Attack Vehicles