കരകൗശല വിദഗ്ധരുമായി സംസാരിക്കുന്ന മോദിയുടെ ചിത്രം ഫോട്ടോ ഷൂട്ടോ? സത്യമറിയാം | Fact Check
Mail This Article
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ കരകൗശല വിദഗ്‍ധരോടൊപ്പം നില്‍ക്കുന്ന നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടെന്ന അവകാശവാദവുമായാണ് ചിത്രം പ്രചരിക്കുന്നത്. ഇതിന്റെ സത്യമറിയാം.
∙ അന്വേഷണം
നരേന്ദ്ര മോദിയുടെ ലാളിത്യത്തിന്റേയും മറ്റും പ്രതീകമായി അദ്ദേഹത്തിന്റെ ഭക്തകോടാലികൾ ലോകമാകെ പ്രചരിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണിത്. ഒരുമിച്ചല്ല, രണ്ട് സന്ദർഭങ്ങളിൽ . പക്ഷേ, ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് ചെറിയൊരു അബദ്ധം പറ്റി. ചെരുപ്പ് വിൽക്കുന്നവനും മൺപാത്രം വിൽക്കുന്നവനും ഒരാൾ തന്നെ.....
ഫോട്ടോ ഷൂട്ട് നടത്തുമ്പോൾ ഒന്ന് ആളെ മാറ്റിപ്പിടിയടേ.അല്ലെങ്കിൽ അവരോട് പറഞ്ഞിട്ടെന്താ ?
രാഹുൽ ഗാന്ധി ബാഗ് ചുമക്കുന്ന വിഡിയോ ഇടുന്ന സംഘി കുഞ്ഞുങ്ങളോടാണ്, മോദീജി അപ്പുറത്തുള്ളപ്പോൾ ട്രോളിന് ആരും മെനക്കടെണ്ട പുള്ളി തന്നെ ഇഷ്ടം പോലെ ഉണ്ടാക്കി തരും – ഇങ്ങനെയാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
മോദിയോടൊപ്പം ചെരുപ്പ് തുന്നുന്നയാളും മണ്‍പാത്രം നിര്‍മിക്കുന്ന മറ്റൊരാളുമുള്ള ചിത്രമാണ് ഫോട്ടോ ഷൂട്ടെന്ന തരത്തിൽ പ്രചരിക്കുന്നത്. ചിത്രം പരിശോധിച്ചപ്പോൾ സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി തുടക്കമിട്ട പിഎം വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ത്യ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ നടന്ന കരകൗശല പ്രദര്‍ശനം കാണാനെത്തിയ പ്രധാനമന്ത്രി കരകൗശല കലാകാരന്മാരുമായി സംവദിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. കരകൗശല വിദഗ്ദരുടെ മോദിയുമായുള്ള സംഭാഷണത്തിന്റെ പൂർണ്ണ രൂപമടങ്ങിയ വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.
മാധ്യമങ്ങള്‍ പങ്കുവച്ച ഉദ്ഘാടന ചടങ്ങിന്റെ ലൈവ് വിഡിയോകളിൽ പ്രധാനമന്ത്രി ചെരുപ്പ് തുന്നുന്നയാളുടെയും മണ്‍പാത്രം നിര്‍മിക്കുന്നയാളുടെയും അടുത്തെത്തി സംസാരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. വിഡിയോ പരിശോധിച്ചതില്‍ നിന്ന് രണ്ട് വിഡിയോയിലും രണ്ട് തൊഴിലാളികളാണ് ഉള്ളതെന്ന് വ്യക്തമായി. ഒരേയാളുകളെ ഉപയോഗിച്ച് വ്യത്യസ്ത തീമുകളിൽ മോദിയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയെന്ന പ്രചാരണം തെറ്റാണ്. വിഡിയോയിലുള്ളത് രണ്ട് വ്യക്തികളാണ്.
∙ വസ്തുത
ഒരേയാളുകളെ ഉപയോഗിച്ച് വ്യത്യസ്ത തീമുകളിൽ മോദിയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയെന്ന പ്രചാരണം തെറ്റാണ്. ഡല്‍ഹിയിലെ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കരകൗശല പ്രദര്‍ശനം നരേന്ദ്രമോദി കാണാനെത്തിയപ്പോഴുള്ളതാണ് ചിത്രങ്ങള്‍.എക്സ്പോയ്ക്കെത്തിയ കരകൗശല വിദഗ്ദരാണ് ചിത്രത്തിലുള്ളത്.
English Summary: The picture of Modi talking to artisans is not a photo shoot