ADVERTISEMENT

ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം ലോകം മുഴുവൻ ചർച്ചയാകുമ്പോൾ ഫുട്ബോൾ ഗ്രൗണ്ടിൽ പലസ്തീൻ പതാക ഉയർത്തിപ്പിടിച്ച ഒരു ഫുട്ബോളറുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലെ തരംഗം. പലസ്തീന് പിന്തുണ നൽകുന്നതിന് പതാക ഉയർത്തിപ്പിടിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണ് പോസ്റ്റിലെ അവകാശവാദം. പ്രചരിക്കുന്ന വിഡിയോയുടെ നിജസ്ഥിതിയറിയാൻ  മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വസ്തുതയറിയാം.

അന്വേഷണം

"സ്റ്റാർ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയത്തിന് ശേഷം പതാക ഉയർത്തി പലസ്തീനെ പിന്തുണയ്ക്കുന്നു"എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ് .

പ്രചരിക്കുന്ന പോസ്റ്റുകൾ
പ്രചരിക്കുന്ന പോസ്റ്റുകൾ

കീവേഡുകളുടെ പരിശോധനയിൽ ലോകകപ്പിൽ കാനഡയ്‌ക്കെതിരായ വിജയം മൊറോക്കോയുടെ ജവാദ് എൽ യാമിക് പലസ്തീനിയൻ പതാകയുമായിആഘോഷിക്കുന്നു എന്ന തലക്കെട്ടോടെ ഒരു വിഡിയോ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

ചിത്രം റിവേഴ്സ് ഇമേജിൽ തിരഞ്ഞപ്പോൾ  ജവാദ് എൽ യാമിഖ് പലസ്തീൻ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഗെറ്റി ഇമേജിലും ഞങ്ങൾ കണ്ടെത്തി.  2022 ഡിസംബർ 1–ന് ദോഹയിലെ അൽ-തുമാമ് സ്റ്റേഡിയത്തിൽ കാനഡയും മൊറോക്കോയും തമ്മിലുള്ള ഖത്തർ 2022 ലോകകപ്പ് ഗ്രൂപ്പ് എഫ് ഫുട്ബോൾ മത്സരത്തിന് ശേഷം മൊറോക്കോയുടെ ഡിഫൻഡർ #18 ജവാദ് എൽ യാമിക് പലസ്തീൻ പതാക വീശുന്നു എന്നാണ് ചിത്രത്തിനൊപ്പമുള്ള  വിവരണം.

കൂടുതൽ കീവേഡുകളുടെ തിരയലിൽ ചിത്രവുമായി ബന്ധപ്പെട്ട് ചില വാർത്ത റിപ്പോർട്ടുകളും കണ്ടെത്തി.  ഖത്തറിലെ 2022ലെ ഫിഫ ലോകകപ്പിൽ മൊറോക്കോ സ്പെയിനിനെ തോൽപ്പിച്ച ശേഷം, ടീം മൈതാനത്ത് പലസ്തീൻ പതാക പ്രദർശിപ്പിച്ചതായി റിപോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

ഇതിൽ നിന്ന്  വൈറൽ വിഡിയോയിൽ പലസ്തീന് പിന്തുണ നൽകുന്നതിന് പതാക ഉയർത്തിപ്പിടിച്ചത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയല്ലെന്ന് വ്യക്തമായി.

വാസ്തവം

പലസ്തീന് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിൽ പലസ്തീൻ പതാക വീശുന്നതെന്ന വൈറൽ ചിത്രത്തിനൊപ്പമുള്ള അവകാശവാദം തെറ്റാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല, മൊറോക്കൻ ഫുട്ബോൾ താരം ജവാദ് എൽ യാമിക് ആണ് പലസ്തീൻ പതാക ഉയർത്തുന്നത്.

English Summary : Claims accompanying viral video of Cristiano Ronaldo waving Palestinian flag on ground in support of Palestine Is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com