ADVERTISEMENT

ഭോജ്പുരി ഗായകൻ പ്രദീപ് മൗര്യയുമായി ഉസാമ ബിൻ ലാദന്റെ മകൾ സോയ വിവാഹിതയാകുന്നുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു ഫോട്ടോയ്ക്കൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന്റെ  വാസ്തവമറിയാം.

∙ അന്വേഷണം

ലോകത്തെ മുഴുവൻ ഇസ്ലാമിന്റെ കാൽച്ചുവട്ടിൽ കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച് ചാവാലി പട്ടിയെപോലെ അമേരിക്ക തല്ലിക്കൊന്ന ഒസാമ ബിൻലാദന്റെ മകൾ സോയ ഖാൻ ഹിന്ദു മതത്തിൽ ആകൃഷ്ടയായി മുംബൈ ആര്യസമാജത്തിൽ വെച്ച് ഹിന്ദു ധർമം സ്വീകരിച്ചു.ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട മതമാണ് ഇസ്ലാം മതമെന്നും ഹിന്ദുമതവും ഹിന്ദു സംസ്കാരവുമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായതെന്നും സോയാ ഖാൻ മുംബൈയിൽ പറഞ്ഞു. ഫേസ്ബുക് വഴി പരിചയപ്പെട്ട ഭോജ്പുരി/ബോളിവുഡ് നടൻ പ്രദീപ് ശർമയുമായി വിവാഹം ഉറപ്പിച്ചു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദമ്പതികൾക്ക് പൂർണ പിന്തുണയും സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്‌തു. ഈ വാർത്ത കേരളത്തിലെ ഒരു മതേതര ചാനലിലോ പത്ര-മാധ്യമങ്ങളിലോ വരില്ല എന്നതുകൊണ്ടാണ് ഇവിടെ പോസ്റ്റിയത്. സോയ ഖാൻ - പ്രദിപ് ശർമ്മ ജോഡിക്ക് അഭിനന്ദനങ്ങൾ എന്നാണ് പ്രചരിക്കുന്ന സന്ദേശം.

 ബിൻ ലാദന്റെ കുടുംബത്തെക്കുറിച്ചാണ് ആദ്യം ഞങ്ങൾ അന്വേഷിച്ചത്. നിരവധി ഭാര്യമാരും മക്കളുമുള്ള ബിൻ ലാദനെ കുറിച്ചുള്ള ഔദ്യോഗിക രേഖകളിലൊന്നും സോയ എന്ന മകളെക്കുറിച്ചുള്ള പരാമർശങ്ങളില്ല. 

കൂടാതെ മകളായി ചിത്രത്തിൽ അവകാശപ്പെടുന്ന സ്ത്രീയെക്കുറിച്ച് പരിശോധിച്ചപ്പോൾ പാകിസ്ഥാൻ മോഡലും നടിയുമായ സൈറ യൂസഫാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി.പാകിസ്ഥാൻ നടൻ ഷെഹ്‌റോസ് സബ്‌സ്വാരിയെ വിവാഹം കഴിച്ച ഇവർ പിന്നീട് വിവാഹ മോചനം നേടിയിരുന്നു. 

കൂടാതെ കീവേഡുകളുടെ തിരയലിൽ ഈ അവകാശവാദം ഉന്നയിക്കുന്ന ട്വീറ്റുകൾ 2014 മുതലുള്ളതാണെന്നും കണ്ടെത്തി. 

ബിൻലാദന്റെ മകൾ ഹിന്ദു മതം സ്വീകരിച്ചതായുള്ള അവകാശവാദം സംബന്ധിച്ചാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടുകളൊന്നും എവിടെയും പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയില്ല. 

പ്രദീപ്‌ മൗര്യ ഭോജ്‍പുരി ഗായകനും അഭിനേതാവുമാണ് .  ഇഷിക സിംഗ് രജപുതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെന്നും തിരച്ചിലിൽ വ്യക്തമായി. ഉസാമ ബിന്‍ ലാദന്‍റെ മകളെ വിവാഹം ചെയ്യുന്നതായി ഇതുവരെ വാര്‍ത്തകള്‍ ഒന്നും തന്നെ വന്നിട്ടില്ല. 

∙ വാസ്തവം

ബിൻലാദന്റെ മകൾ ഹിന്ദു മതത്തിൽ ചേർന്നതായുള്ള പ്രചാരണം വ്യാജമാണ്. ഉസാമ ബിൻ ലാദന്റെ മകളുടെ പേരില്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം പാകിസ്ഥാനി ചലച്ചിത്ര നടി സൈറ യൂസഫിന്‍റെതാണ്. സൈറ യൂസുഫിന്‍റെയും പ്രദീപ്‌ മൌര്യയുടെയും ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്തതാണ് പ്രചരിക്കുന്ന ചിത്രം. 

English Summary: The propaganda that Bin Laden's daughter has converted to Hinduism is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com