ADVERTISEMENT

ബ്രിട്ടിഷ് പട്ടാളത്തിന്റെ തടവിൽ നിന്നുള്ള ജയിൽ മോചനത്തിന് വി.ഡി.സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും ജയിൽ മോചിതനാകാൻ മാപ്പപേക്ഷ എഴുതി നൽകിയെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വസ്തുതയറിയാം.

∙ അന്വേഷണം

മാറി പോകരുത്... ജയിലിൽ നിന്നും ഇറങ്ങുവാൻ മാപ്പപേക്ഷ എഴുതിയവർ സവർക്കർ, താമര വിജയൻ എന്ന കുറിപ്പുമായാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

സവർക്കറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ രണ്ട് കത്തുകളുടെ രൂപത്തിലുള്ള രേഖകളാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ഇരുരേഖകളും റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. ആൻഡമാൻ ജയിലുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് വി.ഡി. സവർക്കർ അപേക്ഷ നൽകിയെന്നു കാട്ടി ജയിൽ മേധാവി സർക്കാരിനയച്ച കത്തിന്റെ പകർപ്പാണ് സവർക്കറുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്നതെന്നു  വ്യക്തമായി. ഇത്തരമൊരു കത്ത് സവർക്കർ നൽകിയതായി ചില റിപ്പോർട്ടുകളിൽ  വ്യക്തമാക്കുന്നുണ്ട്.

ഇതിൽ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ ഒരു വാർത്താ റിപ്പോർട്ടിൽ നിന്ന് സവർക്കറുടെ മാപ്പപേക്ഷയുടെ  കോപ്പിയടക്കമുള്ള വിവരങ്ങൾ ലഭിച്ചു. കൂടാതെ 1920 മാർച്ച് 30ന് സവർക്കർ സമർപ്പിച്ച മാപ്പപേക്ഷയുടെ പകർപ്പും  ലഭിച്ചു. നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പക്കലുള്ള  വിവരങ്ങളാണ് ഇവ.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലിൽ നിന്ന് ഇറങ്ങാനുള്ള മാപ്പപേക്ഷ എഴുതി നല്‍കിയതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന കത്തിനെക്കുറിച്ചാണ് പിന്നീട് പരിശോധിച്ചത്. കീവേഡുകളുടെ തിരയലിൽ 2018 മേയ് 20ന് പ്രസിദ്ധീകരിച്ച ഒരു മാധ്യമ റിപ്പോർട്ടിൽ വൈറൽ ചിത്രത്തോട് സാമ്യമുള്ള ഇതേ കത്ത് ഞങ്ങൾ കണ്ടെത്തി.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന് മേയ് 25ന് രണ്ട് വർഷം തികയുമ്പോൾ, അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരോൾ അഭ്യർത്ഥന വൈറലാണ്. 1976 നവംബർ ഒൻപതിന് പരോളിനായി പിണറായി  വിജയൻ ‘അമ്മയുടെ ചികിത്സയ്ക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്ന്’ എഴുതി. അന്ന് കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിലെ ജയിൽ വകുപ്പിന്റെ പവലിയനിൽ ‘പൊങ്കതിർ’ എന്ന പേരിൽ നടക്കുന്ന ഉത്സവത്തിൽ പിണറായി വിജയൻ എംഎൽഎയുടെ കസ്റ്റഡി നമ്പർ: 255ന്റെ കൈയെഴുത്തു കത്ത് പ്രദർശിപ്പിച്ചു.

ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിക്കാണ് പരോൾ അപേക്ഷ നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി കണ്ണൂരിലെ സെൻട്രൽ ജയിലിലായിരുന്നു. സംസ്ഥാനത്തെ മറ്റ് പത്ത് പ്രതിപക്ഷ എംഎൽഎമാർക്കൊപ്പം പിണറായിയെയും ആഭ്യന്തര സുരക്ഷാ നിയമപ്രകാരം (മിസ) അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിലാണ് ജയിൽ ഗ്രൗണ്ടിലെ പവലിയൻ ഒരുക്കിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ, സാഹിത്യകാരൻ എസ്.കെ.പൊറ്റെക്കാട്ട് തുടങ്ങി സംസ്ഥാനത്തെ നിരവധി പ്രമുഖരുടെ ജയിൽ രേഖകളും പ്രദർശനത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെയാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഇതിൽ നിന്ന് ജയിൽ മോചനത്തിനായി പിണറായി വിജയന്റെ മാപ്പപേക്ഷയല്ല അമ്മയുടെ ചികിൽസാർത്ഥമുള്ള പരോൾ അപേക്ഷയാണ് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചരിക്കുന്നതെന്ന് വ്യക്തമായി.

∙ വാസ്തവം

ജയിൽ മോചനത്തിന് വി.ഡി. സവർക്കർ മാപ്പപേക്ഷ എഴുതി നൽകിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയനും ജയിൽ മോചിതനാകാൻ മാപ്പപേക്ഷ എഴുതി നൽകിയെന്ന അവകാശവാദവുമായി പ്രചരിക്കുന്ന പോസ്റ്റ് വസ്തുതാവിരുദ്ധമാണ്. കണ്ണൂരിൽ നടന്ന ‘പൊങ്കതിർ’ എന്ന പ്രദർശനത്തിൽ ജയിൽ വകുപ്പിന്റെ സ്റ്റാളിൽ  പ്രമുഖരുടെ ജയിൽ രേഖകൾ എന്ന പേരിൽ പ്രദർശിപ്പിച്ച കത്താണ് ഇത്തരത്തിൽ തെറ്റായി പ്രചരിക്കുന്നത്.

English Summary: Pinarayi Vijayan did not apologize for his release from prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com