ADVERTISEMENT

ബംഗളൂരുവിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. 

അന്വേഷണം

ബംഗളൂരുവിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി. ഇയാളെ നാട്ടുകാർ  പൊലീസിൽ ഏൽപ്പിച്ചു എന്ന കുറിപ്പുമായാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

കീവേഡുകളുടെ തിരയലിൽ ഫേയ്സ്ബുക്കിൽ നിന്ന് സമാന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. ബംഗളൂരുവിൽ പോപ്‌കോൺ വിൽപനക്കാരനായ നയാസ് എന്നയാൾ പോപ്‌കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ തുപ്പിയതിന് പിടിയിലായി. ഉപഭോക്താക്കൾ പിടികൂടിയപ്പോൾ അദ്ദേഹം ക്ഷമാപണം നടത്തിയെങ്കിലും പൊലീസ് എത്തിയപ്പോൾ നയാസ് കുറ്റം നിഷേധിച്ചു.നയാസിനെ പിടികൂടിയ പൊലീസ് എണ്ണയുടെ സാംപിളുകളും ശേഖരിച്ചിരുന്നു എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ നൽകിയിട്ടുള്ളത്. 

ഈ സൂചനയിൽ നിന്ന് ലഭിച്ച വിവരങ്ങളുപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ 2022 ജൂൺ 14ലെ ഒരു മാധ്യമ റിപ്പോർട്ടിൽ നിന്ന് ഇതേ വാർത്ത ഞങ്ങൾക്ക് ലഭിച്ചു. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ പോപ്‌കോൺ തയ്യാറാക്കാൻ ഉപയോഗിച്ച പാചക എണ്ണയിൽ തുപ്പിയെന്ന് ആരോപിച്ച് 21 കാരനായ വ്യാപാരിയെ ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടിലെ വിവരങ്ങൾ. നവാസ് പാഷ എന്നയാളാണ് അറസ്റ്റിലായതെന്നും റിപ്പോർട്ടിലുണ്ട്.

ലഭിച്ച റിപ്പോർട്ടുകളിലെല്ലാം ഇയാൾ എണ്ണയില്‍ തുപ്പിയതായുള്ള ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ മറ്റൊരു വാർത്താ മാധ്യമത്തിന്  നവാസ് നൽകിയ അഭിമുഖത്തിൽ 

തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചു.

ബംഗളുരു സിദ്ധപുര പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായതിനാൽ ഞങ്ങൾ സിദ്ധപുര പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു. ഇത് 2022 ജൂണിൽ നടന്ന സംഭവമാണെന്നും പോപ്‌കോണ്‍ തയ്യാറാക്കിയ എണ്ണയിൽ തുപ്പിയെന്ന് ആരോപിച്ചാണ് നവാസ് എന്നയാളെ  അറസ്റ്റ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. പോപ്‌കോണില്‍ മൂത്രം കലര്‍ത്തിയെന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

വസ്തുത

പോപ്‌കോണില്‍ മൂത്രം കലര്‍ത്തിയെന്ന ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്.പോപ്‌കോണ്‍ തയ്യാറാക്കിയ എണ്ണയിൽ തുപ്പിയെന്ന് ആരോപിച്ചാണ് നവാസ് എന്നയാളെ  അറസ്റ്റ് ചെയ്തതെന്ന് ബംഗളുരു സിദ്ധപുര പൊലീസ് വ്യക്തമാക്കി.

English Summary : The allegation of mixing urine with popcorn is completely baseless-factcheck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com