സ്വത്ത് തട്ടിയെടുക്കാൻ അമ്മയുടെ മൃതദേഹത്തിൽ നിന്ന് വിരലടയാളമെടുക്കുന്ന മകൻ | വാസ്തവമറിയാം | Fact Check
Mail This Article
സ്വത്തുക്കൾ കൈക്കലാക്കാൻ അമ്മയുടെ മൃതദേഹത്തിൽ നിന്ന് വിരലടയാളം പതിപ്പിക്കുന്ന മകൻ എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം
∙ അന്വേഷണം
മക്കൾക്ക് വേണ്ടി മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള സന്ദേശം .നിങ്ങൾ എത്ര ഉണ്ടാക്കിയാലും മരിച്ചാൽ ഇതാണ് അവസ്ഥ.. കൈകൂലി വാങ്ങി ഉണ്ടാക്കുന്നവർ പ്രത്യേകം കണ്ടോളു .മക്കൾക്ക് വേണ്ടി സകല തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല മക്കൾ.. സ്വത്ത് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് നല്ല മനുഷ്യൻ ആക്കി വളർത്തുകയാണ് വേണ്ടത് അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവും എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്ക്‌വച്ചിട്ടുള്ളത്.
മരിച്ചതിന് ശേഷം മാതാവിൽ നിന്ന് ഒപ്പിട്ട് എടുക്കുന്ന മകൻ എന്നും വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.വിഡിയോ കാണാം.
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീ ഫ്രെയിമുകൾ പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
റിപ്പോർട്ടിനൊപ്പമുള്ള വിശദമായ വിഡിയോ ഒരു എക്സ് പോസ്റ്റിൽ നൽകിയിട്ടുണ്ട്. കാണാം
വൈറൽ വിഡിയോയിൽ, ചില കടലാസുകളിൽ ഒരു പുരുഷൻ ഒരു സ്ത്രീയുടെ വിരലടയാളം എടുക്കുന്നതാണ് ദൃശ്യങ്ങളിൽ. 2023 ഏപ്രിൽ 12ലെ റിപ്പോർട്ടിലുള്ള വിവരങ്ങൾ പ്രകാരം സംഭവം ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നാണെന്നും 2021ലാണ് വിഡിയോ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീയുടെ ചെറുമകൻ ജിതേന്ദ്ര ശർമ്മയാണ് വിഡിയോയിൽ കാണുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. മരിച്ച കമലാ ദേവി തന്റെ അമ്മയുടെ അമ്മായിയാണെന്ന് ശർമ്മ പറഞ്ഞു. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ച കമല 2021 മെയ് 8നാണ് മരിച്ചത്. അവർക്ക് കുട്ടികളില്ലായിരുന്നു.
വ്യാജ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ വീടും കടയുമടക്കമുള്ള സ്വത്തുക്കൾ കൈക്കലാക്കുന്നതിനാണ് കമലാ ദേവിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിൽ വ്യാജ വിൽപ്പത്രത്തിൽ കമലയുടെ വിരലടയാളം എടുക്കുന്നത്.
മൃതദേഹം ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചാണ് മറ്റൊരിടത്ത് കാർ നിർത്തി അഭിഭാഷകന്റെ സാന്നിധ്യത്തിൽ വിൽപ്പത്രത്തിൽ കമലയുടെ വിരലടയാളം ശേഖരിച്ചത്.
∙ വാസ്തവം
മക്കൾ അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം പകർത്തി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മരിച്ച കമല എന്ന സ്ത്രീക്ക് യഥാർത്ഥത്തിൽ മക്കളില്ല. ബന്ധുക്കളും അഭിഭാഷകനും ചേർന്ന് മരിച്ച സ്ത്രീയുടെ വിരലടയാളം എടുത്തതിന്റെ വിഡിയോയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
English Summary: Video circulating claiming that children took fingerprints from mother's dead body is misleading