ADVERTISEMENT

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്‌ ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. കൂടെ തീവ്രത കൂടിയ ആഫ്റ്റർ മാർക്കറ്റ് ഹെഡ്‌ലൈറ്റുകളാണെങ്കിൽ പറയുകയേ വേണ്ട. അതു മൂലമുണ്ടാകുന്ന അപകടങ്ങളും കുറവല്ല. എന്നാൽ ഇനി അമിത പ്രകാശമുള്ള ഹെഡ്‍ലാംപുകൾ ഉപയോഗിച്ചാൽ പിടി വീഴും. ഇത്തരക്കാർക്കെതിരെ കർശന നടപടികള്‍ എടുക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. 

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കുമെന്നാണ് കേരള പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റുകൾ ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്‍ഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നും എഫ് ബി പോസ്റ്റിലൂടെ അറിയിക്കുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകും

അമിത പ്രകാശമുള്ള ഹെഡ് ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കും. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ രജിസ്ട്രേഷന് സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുക മാത്രമല്ല, ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻ‍ഡ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും.

ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എതിർദിശയിൽ നിന്ന് വാഹനത്തിന്റെ പ്രകാശം നേരെ കണ്ണിലേക്ക് അടിക്കുമ്പോൾ വാഹനമോടിക്കുന്നവർക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഏതു വാഹനമായാലും, രാത്രിയിൽ എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റിനാൽ ഉണ്ടാകുന്ന അപകടങ്ങൾ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവർമാർക്ക് നിമിഷനേരത്തേക്ക് കാഴ്ച്ച നഷ്ടപ്പെടുന്നതിനാൽ കാൽ നട യാത്രക്കാരും അപകടത്തിൽപ്പെടുന്നു.

ഓട്ടോമോട്ടീവ് ഇന്ഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം ഇരട്ടഫിലമെന്റുള്ള ഹാലജൻ ബൾബുകളുടെ ഹൈബീം 60 ഉം ലോ ബീം 55 വാട്സും അധികരിക്കാൻ പാടില്ല. പ്രധാന കാർ നിർ‌മാതാക്കളെല്ലാം 55-60 വാട്സ് ഹാലജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്. എച്ച്ഐഡി (ഹൈ ഇന്റൻസിറ്റി ഡിസ്ചാർജ് ലാമ്പ്) ലൈറ്റുകളിൽ 35 വാട്ട്സിൽ അധികമാകാൻ പാടില്ല. എന്നാൽ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്ഐഡി ലൈറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിർമാതാക്കൾ നൽ‌കുന്ന ഹെഡ് ലൈറ്റ് ബൾബ് മാറിയ ശേഷം പ്രത്യേക വയറിങ് കിറ്റോടെ കിട്ടുന്ന എച്ച്ഐഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയർ‌ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണ് ഇവ. ഇത്തരം ലൈറ്റുകൾ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക.

ഡിം അടിക്കൂ പ്ലീസ്

പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം.  വാഹനത്തിൽ ലൈറ്റ് ഡിം അടിക്കാനുള്ള സൗകര്യമുണ്ടെന്ന് ചിലർക്ക് അറിയുക പോലുമില്ലെന്നു തോന്നുന്നു. കൂടാതെ, മോട്ടോർ വാഹന നിയമപ്രകാരം, നഗരവീഥികളിലും എതിരെ വാഹനം വരുമ്പോഴും ഡിം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രികാലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം - ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ വേണ്ടിയാണിത്.  (രാത്രിയിൽ ഹോൺ ഉപയോഗിക്കുന്നത് ഡ്രൈവിങ് മര്യാദയല്ല). 

വാഹനങ്ങളിൽ ഫോഗ് ലാംപ് ഘടിപ്പിക്കുന്നതിന് ചില നിബന്ധനകളുണ്ട്. കടുത്ത മഞ്ഞുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങളിൽ ഫോഗ് ലാംപ് ഉപയോഗിക്കാൻ അനുമതിയുള്ളൂ. അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും പറ്റില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല. 

 

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമോ അസൗകര്യമോ ഉണ്ടാക്കുന്ന വിധം ലൈറ്റ് പ്രവർത്തിപ്പിക്കുന്നതും ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമമനുസരിച്ച് 500 രൂപ മുതല്‍ 1000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ലൈറ്റുകളുടെ മേല്‍ അനുവദനീയമല്ലാത്ത നിറങ്ങള്‍ പൂശുകയോ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയോ ചെയ്യുക, റജിസ്‌ട്രേഷന്‍ സമയത്തുണ്ടായിരുന്ന ലൈറ്റുകൾക്കു പുറമേ സ്‌പോട്ട് ലൈറ്റുകള്‍, കളര്‍ എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക, കൂടിയ പ്രകാശമുള്ള ഹൈ- ഇന്റന്‍സിറ്റി ബള്‍ബുകൾ ഹെഡ് ലൈറ്റുകളില്‍ ഉപയോഗിക്കുക എന്നിവ റജിസ്‌ട്രേഷന്‍ വ്യവസ്ഥകളുടെ ലംഘനമായതിനാൽ 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com