ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്കായ ടിയാഗൊയുടെ ഇതുവരെയുള്ള വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇതോടെ ടാറ്റ ശ്രേണിയിൽ ഏറ്റവും മികച്ച വിൽപ്പന നേടുന്ന മോഡലുമായി ടിയാഗൊ; പ്രതിമാസം 7,000 — 8,000 യൂണിറ്റാണു ‘ടിയാഗൊ’യുടെ ശരാശരി വിൽപ്പന. തകർപ്പൻ രൂപകൽപ്പനയുടെയും ഈ വിഭാഗത്തിൽ പതിവില്ലാത്ത സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ലഭ്യതയുമൊക്കെയാണ് കടുത്ത മത്സരത്തിനു വേദിയായ ചെറുഹാച്ച്ബാക്ക് വിപണിയിൽ വിജയം കൊയ്യാൻ ‘ടിയാഗൊ’യെ സഹായിച്ചത്. ടാറ്റയുടെ പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ‘ഇംപാക്ട്’ ശൈലി പിന്തുടരുന്ന ‘ടിയാഗൊ’ ഏഴു നിറങ്ങളിലും 22 വകഭേദങ്ങളിലുമാണു വിൽപ്പനയ്ക്കുള്ളത്. 2016 ഏപ്രിലിലായിരുന്നു ‘ടിയാഗൊ’യുടെ അരങ്ങേറ്റം.

ഉപയോക്താക്കളെ വശീകരിച്ചതിനൊപ്പം ധാരാളം അവാർഡുകളും വാരിക്കൂട്ടിയാണു ‘ടിയാഗൊ’യുടെ മുന്നേറ്റം. നിരത്തിലെത്തി മൂന്നു വർഷത്തോളമാവുമ്പോഴും പ്രതിമാസവിൽപ്പനയിൽ തുടർച്ചയായ വർധന കൈവരിക്കാനും കാറിനു സാധിക്കുന്നുണ്ടെന്നതു ശ്രദ്ധേയമാണ്.

കടന്നു പോയ വർഷങ്ങൾക്കിടെ ‘ടിയാഗൊ’യെ നിരന്തരം പരിഷ്കരിക്കാനും ടാറ്റ മോട്ടോഴ്സ് തയാറായി. 2017ൽ ‘എക്സ് സെഡ് എ’, ‘എക്സ് ടി എ’ എന്നീ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുള്ള വകഭേദങ്ങളും ഉത്സവകാല പതിപ്പായ ‘ടിയാഗൊ വിസ്സു’മാണു ടാറ്റ പുറത്തിറക്കിയത്. കഴിഞ്ഞ വർഷമാവട്ടെ അർബൻ ടഫ്റോഡറായ ‘ടിയാഗൊ എൻ ആർ ജി’യും പ്രകടനക്ഷമതയേറിയ ജെ ടി സ്പെഷൽ വെഹിക്ക്ൾസുമെത്തി. ഒപ്പം ‘ടിയാഗൊ’യുടെ മുന്തിയ വകഭേദമായ ‘എക്സ് സെഡ് പ്ലസും’ വിൽപ്പനയ്ക്കെത്തി. 

സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ പണത്തിനു മികച്ച മൂല്യം ഉറപ്പാക്കിയതാണു ‘ടിയാഗൊ’യെ ജേതാവാക്കിയതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്ക്ൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടു. ഉൽപ്പാദനം മൂന്നാം വർഷത്തിലെത്തിയിട്ടും വിൽപ്പന വളർച്ച കൈവരിക്കാനാവുന്ന അപൂർവ മോഡലുകൾക്കൊപ്പമാണു ‘ടിയാഗൊ’യുടെ സ്ഥാനം. 18 ബഹുമതികൾ നേടിയ ‘ടിയാഗൊ’ രാജ്യത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെട്ട കാറുമാണെന്ന് പരീക്ക് അവകാശപ്പെട്ടു. 

രണ്ട് എൻജിൻ സാധ്യതകളോടെയാണു ‘ടിയാഗൊ’ വിൽപ്പനയ്ക്കുള്ളത്; കാറിലെ 1.2 ലീറ്റർ,  മൂന്നു സിലിണ്ടർ റെവൊട്രോൺ  പെട്രോൾ എൻജിന് 85 പി എസ് വരെ കരുത്തും 114 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവൊടോർക് ഡീസൽ എൻജിനാവട്ടെ 70 പി എസ് വരെ കരുത്തും 140 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ഡീസൽ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ; അതേസമയം പെട്രോൾ എൻജിൻ അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളോടെ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com