ADVERTISEMENT

വിപണിയിൽ തരംഗമായി മുന്നേറുന്ന എക്സ് യു വി 300 കോംപാക്ട് എസ് യു വിയുടെ വൈദ്യുതപതിപ്പും പുറത്തിറക്കാൻ മഹീന്ദ്ര ഒരുങ്ങുന്നു. എക്സ്‌‍യുവി 300 ന്റെ പുറത്തിറക്കിൽ ചടങ്ങിലാണ് മഹീന്ദ്രയുടെ  ഭാവി പദ്ധതികളെക്കുറിച്ച് എംഡി പവൻ ഗോയങ്ക മനസുതുറന്നത്. 380 വാട്ട് ബാറ്ററി ഉപയോഗിക്കുന്ന മഹീന്ദ്ര ഇവിക്ക് സാധാരണ ഗതിയിൽ ഒറ്റചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിയ്ക്കാൻ സാധിക്കും. ഇതുകൂടാതെ 350 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിയ്ക്കാനുള്ള ഓപ്ഷനുമുണ്ടാകും വാഹനത്തിൽ എന്നാണ് മഹീന്ദ്ര പറയുന്നത്.

സമീപഭാവിയിൽ തന്നെ എക്സ്‍യുവി 300 ഇവി വിൽപ്പനയ്ക്കെത്തിക്കും. പെട്രോൾ, ഡീസൽ എൻജിൻ മോ‍‍ഡലുകളെക്കാൾ വില കൂടുതലായിരിക്കും ഇലക്ട്രിക് പതിപ്പിന്. എൽജിയുമായി സഹകരിച്ചാണ് പുതിയ ലിഥിയം ആയൺബാറ്ററി നിർമിക്കുക. കൂടാതെ ദക്ഷിണ കൊറിയൻ ഉപസ്ഥാപനമായ സാങ്യങ്ങിന് ഈ മേഖലയിലുള്ള മികവും ഫോർമുല ഇ ചാംപ്യൻഷിപ്പിൽ നിന്നുള്ള അനുഭവസമ്പത്തുമാണു വാഹനങ്ങളുടെ വൈദ്യുത പതിപ്പ് വികസനത്തിൽ മഹീന്ദ്രയ്ക്കു കരുത്തേകും.

ഏറെ വൈവിധ്യം വാഗ്ദാനം ചെയ്യുന്ന എം ഇ എസ് എം എ (മഹീന്ദ്ര ഇലക്ട്രിക് സ്കെയിലബ്ൾ മൊഡ്യുലർ ആർക്കിടെക്ചർ) ആവും വൈദ്യുത ‘എക്സ് യു വി 300’ മോഡലിന് അടിത്തറയാവുക. മണിക്കൂറിൽ 150 കിലോമീറ്റർ ആണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. അടിത്തറയാവുന്നത് എക്സ്‌യുവി 300 ആണെങ്കിലും വൈദ്യുത പതിപ്പിനായി വേറിട്ട രൂപകൽപ്പനയും മഹീന്ദ്ര പരിഗണിക്കുന്നുണ്ട്; ഇറ്റാലിയൻ ഡിസൈനർമാരായ പിനിൻഫരിനയാവും ഈ രംഗത്ത് കമ്പനിയെ സഹായിക്കുക. യുഎസ് നിർമാതാക്കളായ ഫോഡുമായുള്ള സഖ്യവും വൈദ്യുത വാഹന വികസനത്തിൽ മഹീന്ദ്രയ്ക്കു ഗുണകരമാവുമെന്നാണു പ്രതീക്ഷ. 

ഇ ടു ഒ, ഇ വെരിറ്റൊ തുടങ്ങിയവയാണ് നിലവിൽ മഹീന്ദ്രയ്ക്കു വൈദ്യുത വാഹന വിഭാഗത്തിലുള്ളത്. എന്നാൽ അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തതകളും ഉയർന്ന വാഹന വില പോലുള്ള വെല്ലുവിളികളും മൂലം കാര്യമായ മുന്നേറ്റം കൈവരിക്കാൻ കമ്പനിക്കു ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും അടുത്ത വർഷത്തോടെ ബാറ്ററിയിൽ ഓടുന്ന കെയുവി 100 അവതരിപ്പിയ്ക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. ഇതോടൊപ്പമാണ് എക്സ് യു വി 300 വൈദ്യുത പതിപ്പിന്റെ വികസനവും പുരോഗമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com