ADVERTISEMENT

മദ്യപിച്ചു വാഹനമോടിക്കുന്നതു നിയന്ത്രിക്കാൻ നടപടികളുമായി സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. സെൻസറുകളും കാമറകളും വിന്യസിച്ച് മദ്യപിച്ചും അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാനാണു വോൾവോയുടെ നീക്കം.

vovlo-cars

അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ മദ്യലഹരിയിലും അപകടകരമായ രീതിയിലും വാഹനം ഓടിക്കുന്നവരെ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കാനാണു ചൈനയിലെ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോയുടെ ശ്രമം. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്ന കമ്പനിയെന്ന നിലയിലാണ് വോൾവോ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിനെതിരെ ശക്തമായ നടപടികളുമായി രംഗത്തെത്തുന്നത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നോ ക്ഷീണിതനാണെന്നോ തിരിച്ചറിഞ്ഞാലുടൻ കാറിന്റെ വേഗം സ്വയം കുറയുന്ന സംവിധാനമാണു വോൾവോ വികസിപ്പിക്കുന്നത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായാണ് ഓടിക്കുന്നതെങ്കിലും വേഗം കുറയ്ക്കും. ഇതോടൊപ്പം വോൾവോ ഓൺ കോൾ അസിസ്റ്റൻസ് സംവിധാനത്തിൽ വിവരം അറിയിക്കുകയും ആവശ്യമെങ്കിൽ കാർ ഓട്ടം നിർത്തി പാർക്ക് ചെയ്യാൻ സംവിധാനം ഒരുക്കും. എസ് യു വിയായ എക്സ് സി 90 പോലുള്ള വലിയ മോഡലുകൾക്ക് അടിത്തറയാവുന്ന ‘എസ് പി എ ടു’ പ്ലാറ്റ്ഫോമിലെ കാറുകളിലാണു വോൾവോ തുടക്കത്തിൽ അധിക കാമറകളും സെൻസറുകളും ഘടിപ്പിക്കുക.

വാഹന യാത്രികരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ നിരന്തര പരിഷ്കാരങ്ങളാണു വോൾവോ സ്വീകരിക്കുന്നത്. അടുത്ത വർഷത്തോടെ യാത്രക്കാർക്കു ജീവാപായം സംഭവിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാനാണു വോൾവോ ലക്ഷ്യമിട്ടിരിക്കുന്നത്. അൻപതുകളിൽ വോൾവോയായിരുന്നു വാഹന ലോകത്ത് ആദ്യമായി ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് അവതരിപ്പിച്ചത്. അപകടസാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി നിയന്ത്രിക്കുമെന്നും കഴിഞ്ഞ നാലിനു വോൾവോ പ്രഖ്യാപിച്ചിരുന്നു.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ പരിശോധിക്കുന്നത് ഒട്ടേറെ അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണു വോൾവോയുടെ വിലയിരുത്തൽ. വൈദ്യുത, സ്വയം ഓടുന്ന കാറുകളിൽ ശ്രദ്ധാകേന്ദ്രമായതോടെ ഇത്തരത്തിലുള്ള കടുത്ത നടപടികൾ സാധ്യമാക്കുന്ന സാങ്കേതികവിദ്യകൾ ലഭ്യമാണെന്നും വോൾവോ വ്യക്തമാക്കുന്നു.

നിരത്തുകളിലെ സുരക്ഷ ഉറപ്പാക്കാൻ കാർ നിർമാതാക്കൾ വല്യേട്ടൻ ചമയേണ്ട സ്ഥിതിയാണെന്ന് വോൾവോ കാഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഹാകൻ സാമുവൽസൻ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യകൾ ഇതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  സുരക്ഷയുടെ കാര്യത്തിലെ കടുംപിടുത്തം അമിതവേഗം മോഹിക്കുന്ന ഉപയോക്താക്കളെ വോൾവോയിൽ നിന്നകറ്റുമെന്നു സാമുവൽസൻ അംഗീകരിച്ചു. അതേസമയം മക്കൾക്കായി സുരക്ഷിത കാർ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ വോൾവോയെ തേടിയെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com