ഡ്രൈവിങ്ങിൽ സ്ത്രീകളെക്കാൾ മോശം പുരുഷന്മാരോ?

lady-driver
Women Driver
SHARE

മികച്ച ഡ്രൈവർമാർ തങ്ങളാണെന്നാണ് എല്ലാവരുടേയും ധാരണ. നിയമം പാലിച്ച് വാഹനമോടിക്കുന്ന റോഡിലെ ഏക വ്യക്തിയും ഈ ഞാൻ തന്നെ. പതിയപോകുന്നവരേയും സ്ത്രീ ഡ്രൈവർമാരേയും പ്രായമായവരേയും പരമപുച്ഛത്തോടെയാണ് നോട്ടം. ഇന്നു സ്ത്രീകൾ സ്കൂട്ടർ മുതൽ വിമാനം വരെ ഓടിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം എന്തോ ഭാഗ്യം കൊണ്ട് മാത്രം അപകടമുണ്ടാക്കാത്തവർ. എന്നാൽ പുരുഷന്മാരേക്കാൾ നല്ല ഡ്രൈവർമാർ സ്ത്രീകളാണെന്ന് പറയുകയാണ് മുരളി തുമ്മാരുകുടി. പല വികസിത രാജ്യങ്ങളും അപകട നിരക്ക് കുറവായതുകൊണ്ട് സ്ര്തീകൾക്ക് ഇൻഷുറൻസ് പ്രീമിയം വരെ കുറവാണെന്നും മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്കൂട്ടറമ്മ!

1970 -കളിൽ കേരളത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്നത് ഒരേ ഒരു സ്ത്രീയാണ്. അത് കൊച്ചിയിലായിരുന്നു (കൊച്ചി ഡാ!). അതിനെക്കുറിച്ച് പത്രങ്ങൾ സ്റ്റോറി എഴുതി. സ്കൂട്ടറമ്മ എന്നാണവർക്ക് പത്രങ്ങൾ കൊടുത്ത പേര്. കൊച്ചിയിലുള്ള കുറേ പേരെങ്കിലും ഈ കഥ ഓർക്കുന്നുണ്ടാകും, ചിലർ സ്കൂട്ടറമ്മയെ അറിയുന്നവരും ആകാം. അവരെ ഓർക്കുന്നുണ്ടെങ്കിൽ ഒന്നെഴുതണം.

കാലം മാറി. കേരളത്തിൽ ഇപ്പോൾ പതിനായിരക്കണക്കിന് സ്ത്രീകൾ സ്കൂട്ടറോടിക്കുന്നുണ്ട്. സ്ത്രീകൾ കാറോടിക്കുന്നതും സ്കൂട്ടറോടിക്കുന്നതും അപൂർവ്വ കാഴ്ചയല്ല, അതുകൊണ്ട് വാർത്തയുമല്ല. ട്രക്ക് ഓടിച്ച ഒരു സ്ത്രീയാണ് അടുത്ത കാലത്ത് വാർത്തയായത്. ജനീവയിൽ ബസോടിക്കുന്നത് കൂടുതലും സ്ത്രീകളാണ്, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഏറെ കണ്ടിട്ടുണ്ട്. സ്ത്രീകൾ ഇനി ടിപ്പർ ഓടിക്കാൻ തുടങ്ങിയാലും അത് റാഡിക്കലായ ഒരു മാറ്റമല്ല.

ലോകത്തെല്ലായിടത്തും പുരുഷന്മാർക്ക് ഒരു ചിന്തയുണ്ട്, സ്ത്രീകൾ മോശം ഡ്രൈവർമാരാണെന്ന്. ഇതിന് വികസിത രാജ്യമെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ല. എന്താണ് നല്ല ഡ്രൈവർ എന്നതിനെക്കുറിച്ച് എല്ലാവർക്കും വ്യത്യസ്തമായ ചിന്താഗതിയാണുള്ളത്. ഇക്കാര്യത്തിൽ നടത്തിയ പഠനങ്ങൾ പറയുന്നത് താൻ നല്ല ഡ്രൈവർ ആണെന്നാണ് എല്ലാവരും സ്വയം വിശ്വസിക്കുന്നതെന്നാണ്. (ഞാൻ എന്നെ വിമൽ കുമാർ എന്ന് വിളിക്കുന്ന രീതി).

നല്ല ഡ്രൈവിങിനെ അളക്കാൻ പറ്റുന്ന കാര്യങ്ങൾ നോക്കി ഇംഗ്ലണ്ടിൽ നടത്തിയ ഒരു പഠനം പറയുന്നത് സ്ത്രീകളാണ് കുറവ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്നും, കുറവ് സ്ത്രീകളാണ് റോഡപകടത്തിൽ മരിക്കുന്നതെന്നുമാണ്. വാഹനം സ്പീഡിൽ വണ്ടി ഓടിച്ചതിന്, മദ്യപിച്ച് വാഹനമോടിച്ചതിന്, റോഡിലെ മോശമായ പെരുമാറ്റങ്ങൾക്ക് ഒക്കെ പിടിക്കപ്പെടുന്നത് കുറച്ചു സ്ത്രീകൾ മാത്രമാണ്. ഇത് സ്ത്രീകൾ കുറച്ചു പേർ മാത്രം ഡ്രൈവ് ചെയ്യുന്നത് കൊണ്ടുള്ള കണക്കിന്റെ കളിയല്ല, മറിച്ച് ഡ്രൈവ് ചെയ്യുന്നവരിലെ സ്ത്രീ - പുരുഷ അനുപാതം കണക്കാക്കി നോർമലൈസ് ചെയ്തതിന് ശേഷമുള്ള കണക്കാണ്.

ചില യൂറോപ്യൻ രാജ്യങ്ങളിലെ ഇൻഷുറൻസ് കന്പനികൾ ഇക്കാര്യം ഔദ്യോഗികമായി സമ്മതിച്ചു കഴിഞ്ഞു. അതുകൊണ്ട് സ്ത്രീകൾക്ക് ആണുങ്ങളേക്കാൾ ഇൻഷുറൻസ് പ്രീമിയം കുറവാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എന്നും പഠനവിധേയമായിട്ടുണ്ട്. വാസ്തവത്തിൽ വാഹനം ഓടിക്കാനുള്ള കഴിവിലെ കുറവല്ല ആണുങ്ങളെ കുഴപ്പത്തിൽ ചാടിക്കുന്നത്, മറിച്ച് അവർ നല്ല ഡ്രൈവർ ആണെന്ന അമിത ആത്മ വിശ്വാസം, മറ്റുള്ളവർ റോഡിൽ എന്തെങ്കിലും ചെയ്താൽ അതിനോട് പ്രതികരിക്കുന്ന രീതി ഇതൊക്കെയാണ് പ്രശ്നം. രാത്രിയിലും, സ്മാൾ അടിച്ചിട്ടും, മോശമായ കാലാവസ്ഥയിലും ‘ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട് ഈ കെ കെ ജോസഫ്…’ എന്നും പറഞ്ഞു ജോസഫ് വണ്ടിയെടുക്കും. അടുത്താരെങ്കിലും കൊണ്ട് ടൈൽ ഗേറ്റ് ചെയ്‌താൽ, റാഷ് ആയി ഓവർ ടേക് ചെയ്തു എന്ന് തോന്നിയാൽ പഴയ വന്യമൃഗ സ്വഭാവം ആണുങ്ങളെ നിയന്ത്രിക്കാൻ തുടങ്ങും. ശേഷം ചിന്ത്യം.

കേരളത്തിലെ റോഡുകളിൽ സ്ത്രീകൾ കൂടുതലായി വണ്ടി ഓടിക്കുന്നുണ്ട്. ഇനിയും അത് കൂടുകയേ ഉള്ളൂ. സ്ത്രീകളാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാൽത്തന്നെ അവരെ സ്ട്രെസ് ചെയ്യിക്കാൻ ശ്രമിക്കുന്നവർ പോലും നാട്ടിലുണ്ട്. കേരളത്തിലെ റോഡ് അപകടങ്ങളിലും സ്ത്രീകളുടെ പങ്ക് (സ്ഥിതിവിവര കണക്കിനാൽ നോർമലൈസ് ചെയ്താലും) ഏറെ കുറവായിരിക്കും എന്നെനിക്കുറപ്പുണ്ട്. കേരളത്തിലെ ഇൻഷുറൻസ് കന്പനികളും വാസ്തവത്തിൽ ഇത്തരത്തിൽ ഒരു ഗവേഷണം നടത്തി അപകടം കൂടുതലുണ്ടാക്കുന്ന ഗ്രൂപ്പുകൾക്ക് (പ്രായം, ലിംഗം) വ്യത്യസ്ത പ്രീമിയം ചുമത്തേണ്ട സമയമായി. ഇതുവരെ അങ്ങനെ ഉള്ളതായി കേട്ടിട്ടില്ല. ആരാണ് നന്നായി ഡ്രൈവ് ചെയ്യുന്നത് എന്നറിയാൻ ഇൻഷുറൻസ് പ്രീമിയത്തിലും പറ്റിയ സൂചികയും ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA