ADVERTISEMENT

ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്‍യുവികളിലൊന്നാണ് റോള്‍സ് റോയ്സ് കള്ളിനൻ. ഏകദേശം 7 കോടി രൂപ വില വരുന്ന ഈ എസ്‌യുവിയിലെ സൗകര്യങ്ങൾ കേട്ടാൽ കണ്ണുതള്ളും. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണു എസ്‌യുവിക്കുള്ള പേര് റോൾസ് റോയ്സ് കണ്ടെത്തിയത്. 

പ്രമുഖ യൂട്യൂബർ സൂപ്പർകാർ ബ്ലോണ്‍ഡിയാണ് കള്ളിനന്റെ ഫീച്ചറുകൾ പങ്കുവെയ്ക്കുന്നത്. ഫാന്റത്തിന് അടിത്തറയാവുന്ന ആർക്കിടെക്ചർ ഓഫ് ലക്ഷ്വറി പ്ലാറ്റ്ഫോമിൽതന്നെ നിർമിച്ച കാറിന് 6.95 കോടി രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. മുന്നിൽ നിന്നുള്ള കാഴ്ചയിൽ തികഞ്ഞ റോൾസ് റോയ്സായ കള്ളിനന് വലുപ്പവുമേറെയാണ്; 5,341 എം എം നീളം, 2,164 എം എം വീതി, ഒപ്പം 3,295 എം എം വീൽബേസും. ബോണറ്റിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റസിക്കു പുറമെ ചതുരാകൃതിയിലുള്ള എൽ ഇ ഡി ഹെഡ്​ലൈറ്റിനു താഴെയായി വലുപ്പമേറിയ എയർ ഇൻടേക്കുകളുമുണ്ട്. ആഡംബരവാഹനങ്ങളിലെ ഹെഡ്‍‍ലാംപുകൾ എൽഇഡിയാണെങ്കിലും അവയെയെല്ലാം കടത്തിവെട്ടും കള്ളിനന്റെ ഹെഡ്‍ലാംപുകൾ. 600 മീറ്റർ‌ വരെ പ്രകാശം പൊഴിക്കുന്ന ഇവ വളരെ കുറച്ച് കറണ്ട് മാത്രമേ ഉപയോഗിക്കുകയുള്ളു. 

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണു കള്ളിനനിലുമുള്ളത്. സ്വിച്ച് അമർത്തിയാൽ തനിയെ തുറക്കുന്ന വാതിലുളാണ്. ക്രോമിയം വാരിയണിഞ്ഞെത്തുന്ന എസ്‌യുവിയിൽ 22 ഇഞ്ച് അലോയ് വീലുകളുമുണ്ട്. പിന്നിൽ റൂഫ് മൗണ്ടഡ് സ്പോയ്‌ലർ, കുത്തനെയുള്ള എൽഇഡി ടെയിൽ ലാംപ്, ഇരട്ട എക്സോസ്റ്റ് പോർട്ട്.

ഫാന്റത്തിനു സമാനമായ അകത്തളമാണു കള്ളിനനിലും. പിന്നിൽ മൂന്നു സീറ്റ് ലേഔട്ടും രണ്ട് സീറ്റ് ലേഔട്ടും ലഭിക്കും. രണ്ട് സീറ്റ് ലേഔട്ട് തിരഞ്ഞെടുത്താൽ മധ്യത്തിൽ സ്റ്റോറേജ് സ്പെയ്സും ചെറിയ ഫ്രിഞ്ചുമുണ്ട്. മുന്തിയ നിലവാരമുള്ള ബെസ്പോക്ക് ലതർ, വുഡ് — മെറ്റൽ ട്രിം തുടങ്ങിയവയുള്ള കാബിനിൽ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, അനലോഗ് ക്ലോക്ക് എന്നിവയുമുണ്ട്. ഇതിനു പുറമെ റോൾസ് റോയ്സ് നിരയിൽ ആദ്യമായി ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കള്ളിനനിലുണ്ട്. പിൻസീറ്റ് യാത്രികർക്കായി 12 ഇഞ്ച് സ്ക്രീൻ. 560 ലീറ്ററാണു ബൂട്ട് സ്പേസ്; പിൻസീറ്റുകൾ മടക്കിയാൽ സംഭരണസ്ഥലം 1,930 ലീറ്ററോളമാവും. ഡിക്കിയിൽ ചെറിയ സീറ്റുകളും നൽകിയിട്ടുണ്ട്. 

കള്ളിനനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 പെട്രോൾ എൻജിനാണ്; 571 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഒപ്പം ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ആദ്യ റോൾസ് റോയ്സുമാണ് കള്ളിനൻ. ഉപഭോക്താവിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ച് കള്ളിനനെ അണിയിച്ചൊരുക്കാനുള്ള അവസരവും റോൾസ് റോയ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് റോൾസ് റോയ്സ് എസ്‌യുവി മേഖലയിലേക്കു ചുവട് വയ്ക്കുന്നത്‌. അതുപോലെ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിൽ കമ്പനി പുറത്തിറക്കുന്ന ആദ്യ മോഡലും കള്ളിനൻ തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com