ADVERTISEMENT

കഴിഞ്ഞ ആഴ്ച തെലങ്കാനയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് രണ്ട് യുവനടിമാരാണ്. വാഹനം മരത്തിലിടച്ചുണ്ടായ അപകടത്തിൽ ഡ്രൈവറും സഹായിയും രക്ഷപ്പെട്ടപ്പോൾ നടിമാർ മരിച്ചത് സീറ്റ് ബെൽറ്റ് ധരിക്കാത്തതുമൂലമോ?. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. വികാരാബാദിലെ അനന്തഗിരി വനത്തില്‍ ഒരു സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേക്ക് മടങ്ങവെയാണ് പുലർച്ചെ അപകടം നടന്നത്.

കാറിന്റെ ഡ്രൈവർ തങ്ങൾക്ക് നേരെ പാഞ്ഞുവന്ന ട്രക്കിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ കാർ ചെന്നിടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു. ഇരുവരും പിൻസീറ്റിലായിരുന്നു ഇരുന്നത് എന്നാണ് കരുതുന്നത്. വാഹനത്തിന്റെ മുൻഭാഗം മരത്തിലിടിച്ചിട്ടും ഡ്രൈവറും സഹായിയും രക്ഷപ്പെടുകയും നടിമാർ മരിക്കുകയും ചെയ്തത് സീറ്റ്ബെൽറ്റ് ധരിക്കാത്തതു മൂലമാണെന്നാണ് പ്രാഥമികവിവരം.

ധരിക്കാം ജീവിതത്തിലേക്കൊരു സീറ്റ് ബെല്‍റ്റ്  

പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. 

അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനം വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

രാത്രിയാത്ര ഓഴിവാക്കു

റോഡപകടമരണങ്ങളിൽ ഏകദേശം 20 ശതമാനത്തോളം – അഞ്ചിൽ ഒന്ന് – വാഹനമോടിക്കുന്നയാളുടെ ആലസ്യം/ഉറക്കം (Driver fatigue) കാരണമാണെന്നു പല പഠനങ്ങളും പറയുന്നു. അതിൽത്തന്നെ ഉറക്കംമൂലം ഉണ്ടായ കൂടുതൽ വാഹനാപകടങ്ങളും രാത്രി 2നു ശേഷവും രാവിലെ 6നു മുൻപും ആണെന്നാണു പഠനങ്ങൾ പറയുന്നത്. ഈ മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണ്, ഉറങ്ങാനുള്ള സമയം. അപ്പോൾ, വളയം പിടിക്കരുത്. നിങ്ങൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്നു. ഒരൊറ്റത്തവണ നിങ്ങൾ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കാർ 16 മീറ്റർ സഞ്ചരിച്ചിരിക്കും.

നിങ്ങളുടെ പ്രകാശം മറ്റുള്ളവർക്ക് ഇരുട്ട് സൃഷ്ടിക്കരുത്

ഹെഡ്‌ലൈറ്റ് ബ്രൈറ്റ് ആക്കുമ്പോൾ നമുക്ക് ലോകം മുഴുവൻ കാണാം. എന്നാൽ, എതിരെ വരുന്ന ഡ്രൈവറുടെ കാഴ്ചപോകും. ആ വാഹനം നിയന്ത്രണംവിട്ട് നമ്മുടെ വാഹനത്തിൽത്തന്നെ ഇടിക്കും. എപ്പോഴും ലൈറ്റ് ഡിം ചെയ്തു വാഹനം ഓടിക്കണം. അത്യാവശ്യ സമയത്തു മാത്രം ബ്രൈറ്റ് മതി. രാത്രിയല്ലേ എന്തു ട്രാഫിക് സിഗ്നൽ, എന്തു വൺവേ എന്നൊക്കെ കരുതുന്നവരാണു നമ്മളിൽ പലരും. അരുത്, ചെയ്യരുത്. അപകടത്തിലേക്കുള്ള വാതിലാണ് ആ തോന്നൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com