ADVERTISEMENT

വൈമാനികരുടെ നിയന്ത്രണമില്ലാതെ, ബാറ്ററി കരുത്തിൽ പറക്കുന്ന ‘എയർ ടാക്സി’യുടെ പരീക്ഷണപ്പറക്കൽ പ്രഖ്യാപിച്ചു ജർമൻ സ്റ്റാർട് അപ് കമ്പനിയായ ലിലിയം. ആഗോളതലത്തിൽതന്നെ വിവിധ നഗരങ്ങളിൽ 2025ൽ ജെറ്റ് എൻജിനുള്ള ഈ വൈദ്യുത ‘എയർ ടാക്സി’ സർവീസിനെത്തിക്കുമെന്നാണു ബവേറിയ ആസ്ഥാനമായ ലിലിയത്തിന്റെ പ്രഖ്യാപനം.

അഞ്ചു പേർക്കു യാത്ര ചെയ്യാവുന്ന ചെറു വിമാന മാതൃകയാണു ലിലിയം പരീക്ഷണസജ്ജമാക്കിയിരിക്കുന്നത്. എന്നാൽ വൻകിട വിമാന നിർമാതാക്കളായ എയർ ബസും ബോയിങ്ങും ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ യൂബറുമൊക്കെ ഒക്കെ ഈ രംഗത്തേക്കു കടക്കാൻ തയാറെടുക്കുന്നുണ്ടെന്നതാണു ലിലിയത്തെ പോലുള്ള സ്റ്റാർട് അപ്പുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. എങ്കിലും റോട്ടർ സംവിധാനത്തെ ആശ്രയിക്കുന്ന എതിരാളികളിൽ നിന്നു വ്യത്യസ്തമായി ജെറ്റ് ശൈലിയിലുള്ള ‘പറക്കും ടാക്സി’യിലൂടെ ഈ മേഖലയിൽ വേറിട്ടു നിൽക്കാനാവുമെന്നാണു ലിലിയത്തിന്റെ പ്രതീക്ഷ.

ഹെലികോപ്റ്റർ പോലെ കുത്തനെ പറന്നുയരാൻ കഴിവുള്ള ‘എയർ ടാക്സി’ക്കു ചിറകുകളുള്ളതിനാൽ പരമ്പരാഗത ശൈലിയിലും പറക്കാനാവുമെന്ന് ലിലിയം അവകാശപ്പെടുന്നു. പോരെങ്കിൽ മണിക്കൂറിൽ 186 മൈൽ(അഥവാ 300 കിലോമീറ്റർ) ആണ് ലിലിയത്തിന്റെ ‘പറക്കും ടാക്സി’യുടെ പരമാവധി വേഗം; എയർബസും ബോയിങ്ങുമൊക്കെ വികസിപ്പിക്കുന്ന സമാന മാതൃകകളുടെ പരമാവധി വേഗം മണിക്കൂറിൽ 50 മൈൽ(അഥവാ 80.5 കിലോമീറ്റർ) മാത്രവും. 

നിലത്തു നിന്നു നിയന്ത്രിക്കുന്ന വിധത്തിലാണു ലിലിയത്തിന്റെ ‘എയർ ടാക്സി’യുടെ രൂപകൽപ്പന; മ്യൂനിച്ചിൽ ഈ മാസം ആദ്യമായിരുന്നു ഇത്തരം ആകാശയാനത്തിന്റെ കന്നിപ്പറക്കൽ. എന്നാൽ പരീക്ഷണ പറക്കൽ എത്ര സമയം നീണ്ടു നിന്നെന്നു ലിലിയം വ്യക്തമാക്കിയിട്ടില്ല. പ്രതീക്ഷിച്ചതു പോലെ തന്നെയായിരുന്നു ജെറ്റിന്റെ പ്രതികരണമെന്നു മാത്രമാണു കമ്പനിയുടെ ഫ്ളൈറ്റ് ടെസ്റ്റ് മേധാവി ലിയാൻഡ്രൊ ബിഗറെല്ലയുടെ പ്രതികരണം. രണ്ടു വർഷം മുമ്പ് 2017ൽ രണ്ടു സീറ്റുള്ള ‘എയർ ടാക്സി’ മാതൃക ലിലിയം വിജയകരമായി പരീക്ഷിച്ചിരുന്നു.

അഞ്ച് വർഷത്തിനകം ഇത്തരം ആകാശയാനങ്ങൾ ഉപയോഗിച്ച് ‘ഓൺ ഡിമാൻഡ് എയർ ടാക്സി സർവീസ്’ തുടങ്ങാനാണു ലിലിയം തയാറെടുക്കുന്നത്. ഇതിനുള്ള പരീക്ഷണവും വൈകാതെ ആരംഭിക്കും. ശബ്ദരഹിതവും പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ആകാശയാത്രയ്ക്കു ലോക നഗരങ്ങളിൽ ആവശ്യക്കാരേറെയുണ്ടാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. സമീപത്തെ ലാൻഡിങ് പാഡ് കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനും ലിലിയം അവതരിപ്പിക്കും. തുടർന്ന് ‘ടാക്സിക്കു സമാനമായ നിരക്കിൽ നാലിരട്ടി വേഗത്തിലുള്ള സഞ്ചാരം’ സാധ്യമാക്കുമെന്നാണു ലിലിയത്തിന്റെ വാഗ്ദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com