ADVERTISEMENT

വൈദ്യുത വാഹന വിഭാഗത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എൻജിനീയറിങ് മേഖലയിലെ പ്രമുഖരായ ഗ്രീവ്സ് കോട്ടനും രംഗത്ത്. വേഗമേറിയ വൈദ്യുത സ്കൂട്ടറായ സീലുമായാണ് ഗ്രീവ്സ് കോട്ടൻ ഈ രംഗത്തേക്കു പ്രവേശിക്കുന്നത്. വൈദ്യുത വാഹന നിർമാണത്തിനായി ആംപിയർ വെഹിക്കിൾസ് എന്ന ഉപസ്ഥാപനവും ഗ്രീവ്സ് കോട്ടൻ സ്ഥാപിച്ചിരുന്നു. ഇതുവരെ വേഗവും വിലയും കുറഞ്ഞ വൈദ്യുത സ്കൂട്ടറുകളാണു കമ്പനി വിൽപ്പനയ്ക്കെത്തിച്ചിരുന്നത്.

വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാംഘട്ട പ്രകാരം 18,000 രൂപയുടെ ഇളവാണ് സീലിനു ലഭിക്കുക. ഇതോടെ താങ്ങാവുന്ന വിലയ്ക്കു പ്രകടനക്ഷമതയേറിയ വൈദ്യുത സ്കൂട്ടർ സ്വന്തമാക്കാൻ അവസരമൊരുങ്ങുകയാണെന്ന് ആംപിയർ വെഹിക്കിൾസ് അവകാശപ്പെട്ടു. മണിക്കൂറിൽ 55 കിലോമീറ്ററാണ് സീലിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഒറ്റത്തവണ ചാർജ് ചെയ്താൽ 75 കിലോമീറ്റർ ഓടാൻ ഈ സ്കൂട്ടറിനാവും. പോരെങ്കിൽ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാൻ അഞ്ചര മണിക്കൂർ സമയം മതിയെന്നും ആംപിയർ വെഹിക്കിൾസ് വെളിപ്പെടുത്തുന്നു.

ആകർഷക രൂപകൽപ്പനയുടെയും ബോഡി ഗ്രാഫിക്സിന്റെയും മികവോടെ എത്തുന്ന സീലിൽ എൽ ഇ ഡി ഹെഡ്‌ലൈറ്റ്, ഇരട്ട സ്പീഡ് മോഡ്(ഇക്കോണമിയും പവറും), ആന്റി തെഫ്റ്റ് അലാമുമൊക്കെ നിർമാതാക്കൾ ലഭ്യമാക്കുന്നുണ്ട്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ സീലിനു വെറും 14 സെക്കൻഡ് മതിയെന്നാണ് ആംപിയറിന്റെ അവകാശവാദം.ഒന്നു മുതൽ മൂന്നു വർഷം വരെ നീളുന്ന വാറന്റിയോടെയാണ് സീലിന്റെ വരവ്. വൈദ്യുത വാഹനങ്ങൾക്കു മികച്ച വിൽപ്പനാന്തര സേവനം ഉറപ്പാക്കാൻ രാജ്യത്ത് ഗ്രീവ്സ് കോട്ടനുള്ള മുന്നൂറോളം റീട്ടെയ്ൽ സ്റ്റോറുകൾക്ക് പുറമെ അയ്യായിരത്തോളം ആഫ്റ്റർ മാർക്കറ്റ് ഔട്ട്ലെറ്റുകളും ആംപിയർ വെഹിക്കിൾസ് സജ്ജീകരിച്ചിട്ടുണ്ട്. 

സാങ്കേതിക മേഖലയിലെ മികവിനൊപ്പം ഗ്രീവ്സിന്റെ പാരമ്പര്യം കൂടി ചേർന്നതോടെ കഴിഞ്ഞ വർഷം മികച്ച നേട്ടം കൊയ്യാൻ ആംപിയർ വെഹിക്കിൾസിനു സാധിച്ചെന്നു ഗ്രീവ്സ് കോട്ടൻ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ നാഗേഷ് ബാസവൻഹള്ളി അഭിപ്രായപ്പെട്ടു. നിലവിൽ വൈവിധ്യമാർന്ന ശ്രേണിക്കൊപ്പം മികച്ച വിൽപ്പനാന്തര സേവനവും ലഭ്യമാക്കുന്ന കമ്പനിയായ ആംപിയർ വെഹിക്കിൾസ് മാറിയിട്ടുണ്ട്. അടുത്ത തലമുറ ഗതാഗത സൗകര്യങ്ങൾ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com