ADVERTISEMENT

കോംപാക്ട് എസ് യു വിയായ ഇകോസ്പോർട്ടിന്റെ 2019 പതിപ്പ് യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ അവതരിപ്പിച്ചു. ഒപ്പം അധിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി എത്തുന്ന 2019 ഇകോസ്പോർട് വിലയിൽ 57,400 രൂപയുടെ വരെ ഇളവും കമ്പനി പ്രഖ്യാപിച്ചു.

പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ഇകോസ്പോർട്ടിന് 7.69 ലക്ഷം മുതൽ 11.33 ലക്ഷം രൂപ വരെയാണു പുതുക്കിയ ഷോറൂം വില. പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ, ഒരു ലീറ്റർ ഇകോ ബൂസ്റ്റ് എൻജിനുകളാണ് ഇകോസ്പോർട്ടിനു കരുത്തേകുന്നത്. ഡീസൽ പതിപ്പുകൾക്കാവട്ടെ 1.5 ലീറ്റർ എൻജിനും.

കൂടാതെ ‘തണ്ടർ എഡീഷൻ’ എന്ന പുതുവകഭേദവും ഫോഡ് പുറത്തിറക്കി; പെട്രോൾ എൻജിനോടെ 10.18 ലക്ഷം രൂപയും ഡീസൽഎ ൻജിനോടെ 10.68 ലക്ഷം രൂപയുമാണ് ഈ മോഡലിന്റെ ഷോറൂം വില. നിലവിലുള്ള ‘ഇകോസ്പോർട്ടി’ന് 7.83 ലക്ഷം മുതൽ 11.90 ലക്ഷം രൂപ വരെയായിരുന്നു വില. ഇതോടെ ‘ഇകോസ്പോർട്ടി’ന്റെ വിവിധ വകഭേദങ്ങളുടെ വിലയിൽ 8,300 മുതൽ 57,400 രൂപയുടെ വരെ ഇളവാണു പ്രാബല്യത്തിലെത്തിയത്.

പുതിയ ‘ഇകോസ്പോർട്ടി’ൽ സ്പോർട്ടി 17 ഇഞ്ച് അലോയ് വീൽ, കറുപ്പ് മുൻ ഗ്രിൽ, റിയർ വ്യൂമിറർ എന്നിവയടക്കം ഡാർക്ക് തീം എക്സ്റ്റീരിയർ, ഇരട്ട വർണ ബോണറ്റ്, ഡോറിൽ പുത്തൻ ഗ്രാഫിക്സ് തുടങ്ങിയവയാണു ഫോഡ് വാഗ്ദാനം ചെയ്യുന്നത്. പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഉയർന്നതാണു വിലക്കിഴിവിനു കാരണമായി ഫോഡ് പറയുന്നത്. ഇത്തരത്തിൽ ലഭിച്ച ആനുകൂല്യം പൂർണമായും ഉപയോക്താക്കൾക്കു കൈമാറുകയാണെന്നും കമ്പനി വ്യക്തമാക്കി.

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ പുത്തൻ കോംപാക്ട് എസ് യു വിയായ ‘വെന്യൂ’ അരങ്ങേറ്റം കുറിച്ച പിന്നാലെയാണു വിലക്കിഴിവ് സഹിതം ഫോഡ് ഇന്ത്യ ‘2019 ഇകോസ്പോർട്’ അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഡൽഹി ഷോറൂമിൽ 6.50 ലക്ഷം മുതൽ 11.10 ലക്ഷം രൂപ വരെയായിരുന്നു ‘വെന്യൂ’വിന്റെ വിവിധ വകഭേദങ്ങൾക്ക് വില. ‘വെന്യൂ’വിനു പുറമെ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ടാറ്റ മോട്ടോഴ്സ് ‘നെക്സൻ’, ഹോണ്ട ‘ഡബ്ല്യു ആർ — വി’, മഹീന്ദ്ര ‘എക്സ് യു വി 300’ തുടങ്ങിയവയോടാണ് ‘ഇകോസ്പോർട്ടി’ന്റെ മത്സരം; 6.48 മുതൽ 11.99 ലക്ഷം രൂപ വരെയാണ് എതിരാളികളുടെ വിലനിലവാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com