ADVERTISEMENT

മാരുതി സുസുക്കി വീണ്ടും ജിപ്സി നിർമിക്കുന്നു. കരസേനയിൽ നിന്നു ലഭിച്ച ഓർഡർ നിറവേറ്റാനാണു കമ്പനി സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യു‌വി)മായ ജിപ്സിയുടെ നിർമാണം പുനഃരാരംഭിച്ചത്. 3,051 പുത്തൻ ജിപ്സികളാണു കരസേന വാങ്ങുന്നത്. മലിനീകരണ നിയന്ത്രണത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും നടപ്പാവുന്ന പുത്തൻ നിലവാരങ്ങൾ കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു മാരുതി സുസുക്കി ജിപ്സിയുടെ ഉൽപ്പാദനം അവസാനിപ്പിച്ചത്. എന്നാൽ പ്രതിരോധ മന്ത്രാലയത്തിനായി നിർമിക്കുന്ന ജിപ്സികൾക്ക് പരിഷ്കരിച്ച സുരക്ഷ, മലിനീകരണ നിയന്ത്രണ നിലവാരങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധ സേനകൾക്കല്ലാതെ പൊതുജനങ്ങൾക്ക് പുതിയ ജിപ്സി വാങ്ങാനോ ഉപയോഗിക്കാനോ സാധിക്കില്ല.

നേരത്തെ ജിപ്സിയുടെ പകരക്കാരനായി ടാറ്റ സഫാരി സ്റ്റോമിനെയായിരുന്നു കരസേന തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ചില പ്രായോഗിക പരിഗണനകളുടെ പേരിൽ സേന തീരുമാനം മാറ്റി. ജിപ്സി തന്നെ വാങ്ങാനായിരുന്നു സൈന്യത്തിന്റെ പുതിയ തീരുമാനം. രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ പർവത പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിലെ ഉപയോഗത്തിനു ജിപ്സിയാണു കൂടുതൽ അനുയോജ്യമെന്നാണു സേനയുടെ വിലയിരുത്തൽ. പോരെങ്കിൽ ആക്രമണത്തിനു പ്രത്യാക്രമണത്തിനുമായി തോക്കുകളും മറ്റും ഘടിപ്പിക്കാനുള്ള സൗകര്യത്തിനു സോഫ്റ്റ് ടോപ് മേൽക്കൂരയുള്ള വാഹനങ്ങളും കരസേനയ്ക്ക് അനിവാര്യതയാണ്. ഈ രണ്ടു കാരണങ്ങൾ മുൻനിർത്തിയാണു കരസേന ജിപ്സിയിലേക്കു മടങ്ങിയത്.

അഞ്ചു വർഷത്തോളം നീണ്ട പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലായിരുന്നു കരസേന സഫാരി സ്റ്റോമിനെ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ജിപ്സിക്കു പുതിയ പകരക്കാരനെ കണ്ടെത്താൻ ഏറെക്കുറെ ഇത്രതന്നെ സമയം വേണ്ടിവരുമെന്നും ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഓൾ വീൽ ഡ്രൈവുള്ള ജിപ്സി തന്നെ വീണ്ടും വാങ്ങുകയെന്ന നിലപാടിലേക്കു സൈന്യവും പ്രതിരോധ മന്ത്രാലയവും എത്തിയത്. 

ജിപ്സിക്കു കരുത്തേകുന്നത് 1.3 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ്; 6,000 ആർ പി എമ്മിൽ 80 പി എസ് വരെ കരുത്തും 4,500 ആർ പി എമ്മിൽ 103 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പ്രതികൂല സാഹചര്യങ്ങളിലും തകർപ്പൻ പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫോർ വീൽ ഡ്രൈവ് സംവിധാനവും  ജിപ്സിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com