ADVERTISEMENT

സ്വതന്ത്ര സംരംഭമായ റിവോൾട്ട് ഇന്റെലികോർപിന്റെ വൈദ്യുത മോട്ടോർ സൈക്കിൾ ഈ 18ന് അരങ്ങേറ്റത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഏപ്രിലിൽ ആദ്യ പ്രഖ്യാപനം നടന്ന വാഹനമാണ് ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുന്നത്. രാജ്യത്ത് കൃത്രിമ ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ)യുടെ പിൻബലമുള്ള ആദ്യ മോട്ടോർ സൈക്കിളാവും കമ്പനി അവതരിപ്പിക്കുകയെന്നു റിവോൾട്ട് മുമ്പേ വ്യക്തമാക്കിയിരുന്നു. എൽ ടി ഇ കണക്റ്റഡ് മോട്ടോർ സൈക്കിളിൽ ഈ സംവിധാനത്തിന്റെ പ്രവർത്തനത്തിനായി ഫോർ ജി സിം കാർഡും ലഭ്യമാണ്. ബാറ്ററി മാനേജ്മെന്റ് സംവിധാന(ബി എം എസ്)വും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും(ഇ സി യു) സ്വന്തമായി വികസിപ്പിച്ചെങ്കിലും ബൈക്കിന്റെ മോട്ടോറും ബാറ്ററികളും റിവോൾട്ട് ഇറക്കുമതി ചെയ്യുകയാണ്.

ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 85 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്; ഒപ്പം ഒറ്റത്തവണ ചാർജ് ചെയ്താൽ ബൈക്ക് 156 കിലോമീറ്റർ ഓടുമെന്ന് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തുന്നു. പോരെങ്കിൽ ചാർജ് കഴിയാറായ ബാറ്ററിക്കു പകരം പുതിയതു സ്ഥാപിച്ചു യാത്ര തുടരാൻ അവസരമൊരുക്കുന്ന ബാറ്ററി സ്വാപ് സൗകര്യവും ബൈക്കിലുണ്ട്. 

ആകർഷക രൂപകൽപ്പനയുടെ പിൻബലത്തോടെ എത്തുന്ന റിവോൾട്ട് ബൈക്കിൽ മുൻ സസ്പെൻഷൻ അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോ ഷോക്കുമാണ്; മുന്നിൽ ഡിസ്ക് ബ്രേക്കും ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും എൽ ഇ ഡി ലൈറ്റുകളാണു ബൈക്കിലുള്ളതെന്നാണു സൂചന. നിലവിൽ വൈദ്യുത ബൈക്കുകൾ വിപണിയില്ലെങ്കിലും അടുത്തുതന്നെ ‘ആതർ 450’, ‘ടോർക്ക് ടി സിക്സ് എക്സ്’, ‘ഇവോക്ക്’ തുടങ്ങിയവ റിവോൾട്ടിന്റെ ബൈക്കുമായി മത്സരിക്കാനെത്തുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com