ADVERTISEMENT

ഹെൽമെറ്റ് ധരിക്കാതിരിക്കാൻ പല കാരണങ്ങളാണ് എല്ലാവർക്കും. മുടികൊഴിയും, മറ്റുവാഹനങ്ങൾ ഹോൺ അടിച്ചാൽ കേൾക്കില്ല, കുറച്ചു ദൂരം മാത്രമേ പോകുന്നുള്ളൂ തുടങ്ങിയ ന്യായങ്ങൾ നിരത്തി ഹെൽമെറ്റ് ധരിക്കാരിക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. പലരും പൊലീസിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ഹെൽമെറ്റ് ധരിക്കുന്നതു പോലും. എന്നാൽ നിയമങ്ങൾ നടപ്പാക്കേണ്ട പൊലീസും നിയമം ലംഘിച്ചാലോ? ഹെൽമെറ്റ് ധരിക്കാതെ എത്തിയ പൊലീസുകാരനും അയാളെ ശകാരിക്കുന്ന മേൽ ഉദ്യോഗസ്ഥന്റേയും വിഡിയിയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 

ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇൻസ്പെക്ടറെ തടഞ്ഞു നിർത്തി അസിസ്റ്റന്റ് കമ്മീഷണർ പരസ്യമായി ശകാരിക്കുന്നത് വിഡിയോയിൽ കാണാം. ഇരുചക്രവാഹന യാത്രക്കാരുടെ മരണത്തിന്റെ പ്രധാന കാരണം തലയ്ക്കേൽക്കുന്ന പരിക്കുകളാണ്. അപകടങ്ങളിൽ നിന്ന് ഇരുചക്രവാഹനയാത്രികരെ രക്ഷിക്കാനാണ് ഹെൽമെറ്റ്.

ഹെൽമെറ്റ് എന്തിന്?

ചെറിയ വീഴ്ച്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെ സഞ്ചരിക്കുന്നതിനാൽ അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല.  കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലഅടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്. 

55 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം  മനസിലാക്കിയാൽ മതി.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ച്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതു വാങ്ങുകതന്നെ വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com