ADVERTISEMENT

വാഹൻ വഴിയും സാരഥി വഴിയും ശേഖരിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ വിവരങ്ങളും ലൈസൻസ് വിവരങ്ങളും ആർക്കും വാങ്ങാമെന്ന് കേന്ദ്ര സർക്കാർ. നിശ്ചിത തുക ഫീസായി അടച്ചാൽ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാജ്യത്തെ വാഹന റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വാങ്ങാം. ഇതുവരെ 87 സ്വകാര്യ കമ്പനികളും 32 സർക്കാർ സ്ഥാപനങ്ങളും ഈ വിവരങ്ങൾ വാങ്ങിയെന്നും ഇതിൽ നിന്ന് 65 കോടി രൂപ സർക്കാർ ഖജനാവിന് ലഭിച്ചുമെന്നുമാണ് രാജ്യസഭയിലെ കോൺഗ്രസ് എംപി ഹുസൈൻ ദൽവാനിയുടെ ചോദ്യത്തിനുള്ള മറുപടിയായി ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞത്.

കഴിഞ്ഞ മാർച്ചിലാണ് വാഹന റജിസ്ട്രേഷൻ, ലൈസൻസ് ബൾഗ് ഡേറ്റയായി വിൽക്കാനുള്ള പുതിയ നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ഇതു പ്രകാരമാണ് 87 സ്വകാര്യ കമ്പനികൾക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹന്‍, സാരഥി ഡാറ്റാബേസുകളിലെ വിവരങ്ങള്‍ നേടാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. എന്നാൽ എത്ര തുക നൽകിയാണ് ഒരു കമ്പനികള്‍ക്കും ഡേറ്റ നൽകിയതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.

രാജ്യത്തെ 25 കോടിയോളം വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ വിവരങ്ങളും 15 കോടി ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും ഡാറ്റാബേസുകളില്‍ സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതുവരെ പൊലീസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട ഏജന്‍സികള്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ അറിയാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ബല്‍ക്ക് ഡാറ്റാ ഷെയറിങ് നയം മുഖേനയാണ് സ്വകാര്യ കമ്പനികള്‍ക്ക് വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.

ഈ സാമ്പത്തിക വർഷത്തെ അതായത് 2019–2020 വർഷത്തെ വിവരങ്ങൾ വേണമെങ്കിൽ 3 കോടി രൂപ ഫീസ് അടച്ചാൽ ലഭിക്കുമെന്നും എഴുതി നൽകിയ മറുപടിയിൽ മന്ത്രി പറയുന്നു. എന്നാൽ 5 ലക്ഷം രൂപ നൽകിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പഠാനാവശ്യത്തിനായി ഡേറ്റ നൽകുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com