ഹെക്ടർ വിറ്റുതീർന്നു, ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ച് എംജി

mg-hector
MG Hector
SHARE

പുറത്തിറങ്ങി ഒരു മാസം തികയുംമുമ്പേ തന്നെ സൂപ്പർഹിറ്റായി എംജി ഹെക്ടർ. നിലവിലുള്ള ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് ഹെക്ടറിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് എംജി. ഇതുവരെ 21000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്, കുറച്ചു മാസങ്ങൾകൊണ്ടു മാത്രമേ അത്രയും വാഹനം ഉപഭോക്താക്കൾക്ക് നൽകാനാവൂ എന്നതിനാൽ ബുക്കിങ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് എന്നാണ് എംജി അറിയിച്ചത്. 

mg-hector-1

ഈ വർഷം ഓക്ടോബറിൽ പ്രതിമാസ ഉത്പാദനം 3000 യൂണിറ്റിലെത്തിക്കുമെന്നും എംജി അറിയിച്ചു. ജൂൺ 4 നാണ് ബുക്കിങ് തുടങ്ങിയത്. വില പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ പതിനായിരത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചിരുന്നു. തികച്ചും മത്സരക്ഷമമായ വിലയിലാണ് എംജി ഹെക്ടർ എത്തുന്നത്. കൂറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻജനപ്രീതിക്കു പിന്നിൽ.

mg-hector-1

പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതൽ ഡീസൽ എൻജിനുള്ള മുന്തിയ വകഭേദമായ ഷാർപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എൻജിൻ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്; രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 143 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എൻജിൻ ലഭ്യമാവും. സ്റ്റാർട് സ്റ്റോപ് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിങ്, ടോർക്ക് ഫിൽ ഫങ്‌ഷൻ തുടങ്ങിയവയാണ് ഈ കൂട്ടുകെട്ടിന്റെ സവിശേഷത. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പി എസോളം കരുത്തും 350 എൻ എം ടോർക്കുമാണ് ഹെക്ടറിൽ ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സും പെട്രോൾ എൻജിനൊപ്പം ഡി സി ടി ഗീയർബോക്സുമാവും ട്രാൻസ്മിഷൻ സാധ്യതകൾ.

mg-hector-3

നാലു വകഭേദങ്ങളിലാണു ഹെക്ടർ വിൽപനയ്ക്കെത്തുക: സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ്പ്. കാൻഡി വൈറ്റ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, ബർഗണ്ടി റെഡ്, ഗ്ലെയ്സ് റെഡ് നിറങ്ങളിലാണു കാർ ലഭിക്കുക. ഹെക്ടറിന്റെ സ്മാർട്, ഷാർപ് വകഭേദങ്ങൾ മാത്രമാണു ഗ്ലെയ്സ് റെഡ് നിറത്തിൽ വിപണിയിലുണ്ടാവുക. ഹെക്ടറിന്റെ മുന്തിയ പതിപ്പായ ഷാർപ്പിൽ എസ് യു വി വിഭാഗത്തിൽ ഇതുവരെ കാണാത്ത പുതുമകളും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണ് എം ജി മോട്ടർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. വോയ്സ് കമാൻഡും കണക്ടഡ് കാർ സാങ്കേതികവിദ്യയും സഹിതം വലിപ്പമുള്ള 10.4 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ഔട്ടർ മിറർ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, ഓട്ടമാറ്റിക് ഹെ‍ഡ്‌ലാംപ്, നാലു വിധത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എട്ടു നിറങ്ങളിലുള്ള മൂഡ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയൊക്കെ കാറിലുണ്ടാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA