ADVERTISEMENT

വൈദ്യുത വാഹനങ്ങളിലേക്കു നേരിട്ടു മുന്നേറുന്നതിനു പകരം സങ്കര ഇന്ധന സാങ്കേതിക വിദ്യ കൂടി പരീക്ഷിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ. പെട്രോൾ, ഡീസൽ എൻജിനുകൾക്കു പകരമായി വൈദ്യുത പവർ ട്രെയ്ൻ അളതരിപ്പിക്കുന്നതിനു മുമ്പായി സങ്കര ഇന്ധന മോഡലുകൾ കൂടി അവതരിപ്പിക്കാനാണു ഹോണ്ടയുടെ തയാറെടുപ്പ്. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വികസിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹോണ്ടയുടെ ഈ നീക്കം. 

ബാറ്ററി ചാർജിങ് സൗകര്യത്തിൽ കുതിച്ചുചാട്ടം കൈവരിക്കുംവരെ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള വിപണന സാധ്യത പരിമിതമായി തുടരുമെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയിൽ പ്രസക്തിയുണ്ടെന്നും കമ്പനി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ മൂന്നാം തലമുറയെ ഹൈബ്രിഡ് പവർട്രെയ്നോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹോണ്ട തയാറെടുക്കുന്നത്. ഇതോടെ ഇന്ത്യയിൽ സങ്കര ഇന്ധന പവർട്രെയ്ൻ സഹിതമെത്തുന്ന ആദ്യ ഹോണ്ട മോഡലുമാവും ‘2020 ജാസ് ഹൈബ്രിഡ്’.ഇന്ത്യൻ വിപണിക്കായി പെട്രോൾ മൈൽഡ് ഹൈബ്രിഡ് പവർട്രെയ്നാവും ഹോണ്ട പരിഗണിക്കുക. ‘2020 ജാസി’നു പിന്നാലെ സി വിഭാഗം സെഡാനായ ‘സിറ്റി’യുടെ അഞ്ചാം തലമുറ മോഡലിലും ഹോണ്ട ഇതേ സാങ്കേതികവിദ്യ പരീക്ഷിക്കും. മിക്കവാറും അടുത്ത വർഷം ‘സിറ്റി’യുടെ അഞ്ചാം തലമുറ അരങ്ങേറ്റം കുരിക്കുമെന്നാണു സൂചന. 

ഇക്കൊല്ലത്തെ ടോക്കിയൊ മോട്ടോർ ഷോയിലാവും ‘2020 ജാസി’ന്റെ ആഗോളതലത്തിലെ ഔപചാരിക അരങ്ങേറ്റം. അടുത്ത ഓട്ടോ എക്സ്പോയോടെ ‘2020 ജാസ്’ ഇന്ത്യയിലുമെത്തുമെന്നാണു പ്രതീക്ഷ. 2020 അവസാനിക്കുംമുമ്പ് പുതിയ ‘സിറ്റി’ സെഡാനുമെത്തും. ‘അക്കോഡി’ലെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ്(ഐ എം എം ഡി) ഹൈബ്രിഡ് കാർ സാങ്കേതികവിദ്യയാണ്‘ജാസ് ഹൈബ്രിഡും’ കടമെടുക്കുന്നത്; പക്ഷേ സെഡാനായ ‘അക്കോഡി’നെ അപേക്ഷിച്ചു ഹാച്ച്ബാക്കായ ‘ജാസി’ലെ യൂണിറ്റ് തീർത്തും ചെറുതാവും. 

വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ ‘അക്കോഡി’ന് 43 ലക്ഷം രൂപയോളമാണ് വില. എന്നാൽ പ്രാദേശികമായി സമാഹരിച്ച യന്ത്രഘടകങ്ങളോടെ ഇന്ത്യയിൽ നിർമിക്കുന്ന ‘ജാസ് ഹൈബ്രിഡി’നെ 6.50 ലക്ഷം രൂപയിൽ താഴെ വിലയ്ക്കു ലഭ്യമാക്കാനാവും ഹോണ്ടയുടെ ശ്രമം. മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള 1.5 ലീറ്റർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ സഹിതവും ‘2020 ജാസ്’ വിൽപ്പനയ്ക്കുണ്ടാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com