ADVERTISEMENT

കഴിഞ്ഞ വര്ഷത്തിന്റെ തനിയാവർത്തനം പോലെ വീണ്ടും നമ്മുടെ നാട് പ്രളയത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. മഴയും വെള്ളക്കെട്ടുകളും ജീവന് വലിയ ഭീഷണിയുയർത്തിക്കൊണ്ടിരിക്കുമ്പോൾ  അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും പരിചിതമല്ലാത്ത പാതകളിലൂടെയുള്ള സഞ്ചാരം വേണ്ട എന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നറിയിപ്പ് നൽകുകയാണ് മീര മനോജ് എന്ന യുവതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

മീരയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഭീകരമായൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഇപ്പോ വെറും ഒരു മണിക്കൂറേ ആയിട്ടുള്ളു...ശ്വാസം നേരെ വീഴാന്‍ ഇനിയും സമയമെടുക്കും. ഇന്നലെ ഏകദേശം പത്തരയോടെയാണ് സംഭവം. എറണാകുളത്ത് താമസിക്കുന്നവർക്കറിയാം. വെണ്ണലയ്ക്കും എരൂരിനുമിടയിൽ നിന്ന് ഇരുമ്പനത്തേക്ക് (Seaport Airport road) ഒരു ഷോർട്ട്കട്ടുണ്ട്. കാറില്‍ ആ വഴി വരുകയാണ് ഞങ്ങൾ, കുഞ്ഞുങ്ങളുമുണ്ട്. അത്ര വെളിച്ചമില്ലാത്ത വഴി. പാടത്തിന്റെ നടുവിലൂടെയുള്ള വഴി എന്നാൽ പാടമേത് റോഡേത് അറിയാന്‍ പറ്റുന്നില്ല, അതുപോലെ വെള്ളം. ഒരു ഭാഗത്തെത്തിയപ്പോൾ ഒരു ബൈക്ക് യാത്രക്കാരന്‍ വളരെ കഷ്ടപ്പെട്ട് ആ വെള്ളത്തില്‍ കൂടി വരുന്നത് കണ്ടു. എങ്ങനെയുണ്ട് അവിടെ വെള്ളമുണ്ടോയെന്ന്‌ മനോജ് ചോദിച്ചപ്പോ, ബൈക്ക് ഓഫായി‌‌പ്പോയി, നല്ല വെള്ളമുണ്ട്, ബുദ്ധിമുട്ടിയാണ് ചേട്ടാ ഞാനിങ്ങ് വന്നത്, നിങ്ങൾ സൂക്ഷിച്ചു പോണേ എന്ന്‌ പറഞ്ഞ്‌ അയാൾ പോയി. സാധാരണ ഈ സമയം അധികം വണ്ടികളൊന്നും ആ വഴി കാണാറില്ല. മനോജ് സാവധാനം കാർ മുന്നോട്ടെടുത്തു.

ടയർ മൂടി വെള്ളമുണ്ടെന്ന് മനസ്സിലായി. മുന്നോട്ട് പോകാതെ വേറെ വഴിയില്ല. ഏറെ ദൂരത്തോളം വെള്ളം കാണാം, പാടമായതുകൊണ്ട് റോഡിന്റെ വക്കേതെന്ന് തിരിച്ചറിയാനും പറ്റുന്നില്ല. എത്രയും പെട്ടെന്ന് ഇതൊന്ന് കടന്നു കിട്ടിയാ മതിയെന്നായി. വണ്ടി നീങ്ങുംതോറും ആഴം കൂടുന്നത് മനസ്സിലായി. വേഗം കുറഞ്ഞു. എൻജിന്റെ ശബ്ദം കേള്‍ക്കാതായി.. ഹെഡ്‌ലൈറ്റിന് മുകളില്‍ വെള്ളം കയറി, ഞാന്‍ നോക്കുമ്പോ ഡോറിന്റെ  സൈഡിൽ വെള്ളം അലയടിക്കുന്നു. മനോജ് എത്ര ശ്രമിച്ചിട്ടും സ്റ്റിയറിങ് ബാലൻസ് ചെയ്യാന്‍ പറ്റിയില്ല. വണ്ടി ഫ്ലോട്ട് ചെയ്ത് തെന്നിത്തെന്നി ഒരു വശത്തേക്ക് പോകുന്നു. ആറടിയിലേറെയെങ്കിലും താഴ്ചയുള്ള പാടം. ഞങ്ങൾക്ക് രണ്ടുപേര്‍ക്കും അയ്യോ എന്നൊരു ശബ്ദം പോലും വെക്കാന്‍ പറ്റാത്തത്രയും ഭയാനകമായ അവസ്ഥ. ദൈവമെ എന്ന് വിളിക്കാന്‍ പോലുമുള്ള മനസ്സാന്നിധ്യം ഉണ്ടായില്ല... 250 അടിയോളം ദൂരം എങ്ങനെ ആ വെള്ളക്കെട്ടിൽ നിന്ന് അതും കുറ്റാക്കുറ്റിരുട്ടില്‍ പുറത്ത്‌ വന്നെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍, ഫ്ലോട്ട് ചെയ്യുന്ന ഞങ്ങളുടെ കാറിനെ് സുരക്ഷിതമായി ഇപ്പുറം എത്തിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല.

കാർ തെന്നി പാടത്ത് പോയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല.. ഇപ്പോഴും മനോജ് ആ ഷോക്കിൽ നിന്നും മുക്തനായിട്ടില്ല.(നെഞ്ചുവേദനയും വിറയലും) എറണാകുളത്ത് താമസിക്കുന്നവരോട് മാത്രമല്ല, ഇത് വായിക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ... ഇതുപോലെ യാത്ര ചെയ്യുമ്പോള്‍, വെള്ളക്കെട്ട് കാണുന്ന ആഴമറിയാത്ത സ്ഥലങ്ങളില്‍ നമ്മുടെ കണക്കുകൂട്ടലിൽ വാഹനം മുന്നോട്ട് കൊണ്ടുപോകരുത്... കഴിവതും അപകടം പിടിച്ച ഇത്തരം പാടത്തിനു നടുവിലൂടെയുള്ള റോഡുകളിൽ കൂടിയുള്ള യാത്ര ഒഴിവാക്കുക... പ്രത്യേകിച്ച് പ്രളയകാലത്ത്‌.... എല്ലാവരും സൂക്ഷിക്കുക.... ആർക്കും ആപത്തൊന്നും വരാതിരിക്കട്ടെ എന്ന് മാത്രമേയുള്ളൂ പ്രാർത്ഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com