ADVERTISEMENT

ഓഫ് റോഡ് മികവിലൂടെ വിപണിയുടെ മനംകവർന്ന ജിപ്സിയുടെ പകരക്കാരനായി അടുത്ത വർഷത്തോടെ ജിമ്നി ഇന്ത്യയിലുമെത്തുമെന്നു സൂചന. ജിമ്നിയുടെ ആദ്യ തലമുറ മോഡലായ ജിപ്സിയുടെ നാലാം തലമുറ വകഭേദമാവും അടുത്ത വർഷത്തോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിച്ചു തുടങ്ങുക. ഇന്ത്യൻ വിപണി ലക്ഷ്യമിട്ടു ജിമ്നി സിയറയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എസ് യു വി വികസനം ഊർജിതമാക്കിയിട്ടുണ്ടത്രെ. ഓഫ് റോഡ് മികവിനൊപ്പം ദൈനം ദിന ഉപയോഗത്തിന് അനുയോജ്യമായ യാത്രാസുഖം  കൂടി വാഗ്ദാനം ചെയ്യുന്ന വാഹനം സാക്ഷാത്കരിക്കുകയാണ് വികസന പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ വർഷമായിരുന്നു പുതുതലമുറ ജിമ്നി ജപ്പാനിൽ അരങ്ങേറിയത്; പിന്നാലെ വിവിധ വിദേശ വിപണികളിലും ഈ മോഡൽ വിൽപ്പനയ്ക്കെത്തി. ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്കൊത്ത തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ജിമ്നിക്കായെന്നാണു പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ ജപ്പാനിൽ നിർമിച്ച ജിമ്നിയാണു സുസുക്കി ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. എന്നാൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദനം ആരംഭിക്കുന്നതോടെ ജിമ്നിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയും മാറിയേക്കും. ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ജിമ്നി പുറത്തെത്തുകയെന്നാണു സൂചന. തുടർന്ന് റൈറ്റ് ഹാൻഡ് ഡ്രൈവ് ശൈലി പിന്തുടരുന്ന വിപണികളിലേക്കുള്ള ജിമ്നി കയറ്റുമതിയും ഈ ശാലയിൽ നിന്നാവും. 

അതിനിടെ ജിമ്നിയുടെ ദീർഘിപ്പിച്ച വീൽബേസുള്ള മോഡൽ യാഥാർഥ്യമാക്കാനുള്ള നടപടികളും ജപ്പാനിൽ പുരോഗമിക്കുന്നുണ്ട്. അഞ്ചു വാതിൽ സഹിതമെത്തുന്ന ഈ മോഡലിന്റെ അകത്തളത്തിൽ കൂടുതൽ സ്ഥലസൗകര്യവും ലഭ്യമാവും. മൂന്നു വാതിലുള്ള മോഡലുകളോട് ഇന്ത്യക്കാർക്ക് പ്രതിപത്തിയില്ലാത്ത സാഹചര്യത്തിൽ ജിമ്നിയുടെ എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാവും ഈ വിപണിയിലെത്തുക. വിദേശത്തു രണ്ട് എൻജിൻ സാധ്യതകളോടെയാണ് ജിമ്നി ലഭിക്കുക: ജപ്പാനിൽ 660 സി സി, മൂന്നു സിലണ്ടർ, ടർബോ പെട്രോൾ എൻജിനോടെയും മറ്റു രാജ്യങ്ങളിൽ 1.5 ലീറ്റർ, നാലു സിലിണ്ടർ, കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനോടെയും. ഇതിലെ 1.5 ലീറ്റർ എൻജിൻ ഇപ്പോൾ തന്നെ ഇന്ത്യയിൽ വിൽക്കുന്ന എർട്ടിഗയിലും സിയാസിലും ഇടംപിടിച്ചിട്ടുണ്ട്; വൈകാതെ വിറ്റാര ബ്രേസയിലും ഈ എൻജിൻ മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 104 ബി എച്ച് പിയോളം കരുത്തും 138 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ എൻജിനു കൂട്ട് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്. കൂടാതെ നാലു സ്പീഡ് ടോർക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും ഈ എൻജിൻ എത്തുന്നുണ്ട്.

അതേസമയം ജിമ്നിയിൽ ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസാണ് ഈ എൻജിനു കൂട്ട്. റിയർ വീൽ ഡ്രൈവ് ഡ്രൈവ് ലേ ഔട്ടുള്ള ‘ജിമ്നി’ ആവശ്യഘട്ടത്തിൽ മാത്രമാണ് ഓൾ വീൽ ഡ്രൈവായി മാറുക. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന ‘ജിമ്നി’യിൽ എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസർ, എയർ കണ്ടീഷനിങ്, ആപ്ൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സഹിതമുള്ള ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയൊക്കെ സുസുക്കി ലഭ്യമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com