ADVERTISEMENT

വിപണി സാഹചര്യങ്ങൾ പ്രതികൂലമെങ്കിലും നടപ്പു സാമ്പത്തികവർഷം ഇതുവരെ 10 ലക്ഷത്തിലേറെ യൂട്ടിലിറ്റി വാഹന(യുവി)ങ്ങൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. 2019–20 സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസത്തിനിടെയാണ് വിവിധോദ്ദേശ്യ വാഹന(എംപിവി)മായ എർട്ടിഗയും എസ്‌യുവികളായ വിറ്റാര ബ്രേസയും എസ്ക്രോസും ചേർന്നു  മാരുതി സുസുക്കിക്ക് ഈ നേട്ടം സമ്മാനിച്ചത്.

അടുത്തയിടെയാണു മാരുതി സുസുക്കി പ്രീമിയം എംപിവിയായ എക്സ്എൽ സിക്സ് അവതരിപ്പിച്ചത്. പ്രീമിയം വാഹന വിപണന ശൃംഖലയായ നെക്സ വഴിയാണ് എക്സ്എൽസിക്സിന്റെ വിൽപ്പന. പ്രീമിയം ക്രോസോവറായ എസ് ക്രോസ് വിൽപ്പനയ്ക്കെത്തുന്നതും നെക്സ വഴിതന്നെ. യാത്രാസുഖത്തിനൊപ്പം കാഴ്ചപ്പകിട്ടും ആഗ്രഹിക്കുന്ന പുതുതലമുറ ഉപയോക്താക്കളുടെ മനം കവരാൻ എക്സ് എൽസിക്സിനാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ.

ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കൊത്തു യൂട്ടിലിറ്റി വാഹന ശ്രേണി വിപുലീകരിക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. രാജ്യത്ത് അതിവേഗ വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുന്ന വിഭാഗമാണു യു വി; ഈ വിപണിയിൽ ഉപയോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപയോക്താക്കളുടെ മാറുന്ന അഭിരുചികൾ സാക്ഷാത്കരിക്കാൻ വിറ്റാര ബ്രേസ, എസ്‌ക്രോസ്, എർട്ടിഗ എന്നിവ ഉൾപ്പെടുന്ന യുവി ശ്രേണി പര്യാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ അവതരണമായ എക്സ് എൽസിക്സ് ആവട്ടെ നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചു കൂടുതൽ നേട്ടം കൊയ്യാൻ മാരുതി സുസുക്കി ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com