ADVERTISEMENT

നിരത്തിലെത്തി അഞ്ചു വർഷത്തിനിടെ പ്രീമിയം സെഡാനായ സിയാസ് 2.70 ലക്ഷം യൂണിറ്റ് വിൽപന കൈവരിച്ചതായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മുന്തിയ വകഭേദമായ ആൽഫയാണു സിയാസിന്റെ മൊത്തം വിൽപ്പനയിൽ 54 ശതമാനവും സംഭാവന ചെയ്യുന്നതെന്നും കമ്പനി അവകാശപ്പെട്ടു. സിയാസിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പനയിൽ 17 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളായിരുന്നെന്നാണു കണക്ക്. വിൽപ്പനയിൽ മുന്നിലുള്ള നിറം നെക്സ ബ്ലൂവാണ്. വിറ്റഴിഞ്ഞ ‘സിയാസി’ൽ 30 ശതമാനത്തിലേറെ ഈ നിറത്തിലുള്ളവയാണെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി.

ഇന്ത്യയിൽ 2014ൽ അരങ്ങേറിയ സിയാസിന്റെ മത്സരം ഹോണ്ട സിറ്റിയോടും ഹ്യുണ്ടേയ് വെർണയോടുമൊക്കെയാണ്. ഇടത്തരം സെഡാൻ വിഭാഗത്തിൽ സിയാസിന് 30% വിപണി വിഹിതമാണു മാരുതി സുസുക്കി അവകാശപ്പെടുന്നത്. കടുത്ത മത്സരത്തിനു വേദിയായ പ്രീമിയം സെഡാൻ വിപണിയിൽ അരങ്ങേറ്റം മുതൽ മികച്ച പ്രകടനമാണു സിയാസ് കാഴ്ചവയ്ക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വിലയിരുത്തുന്നു. ഇന്ത്യൻ ഉപയോക്താക്കളുമായി ദൃഢമായ ബന്ധം സ്ഥാപിച്ചെടുക്കുന്നതിൽ വിജയിച്ച സിയാസിന്റെ വിപണി വിഹിതം 30 ശതമാനത്തിലേറെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതയ്ക്കൊപ്പം സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ സാന്നിധ്യവും സിയാസിന്റെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ടെന്നു ശ്രീവാസ്തവ കരുതുന്നു. സ്ഥലസൗകര്യവും യാത്രാസുഖവും മികച്ച സാങ്കേതികവിദ്യയുമൊക്കെയുള്ള സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കളുടെ ഇഷ്ട മോഡലാണു സിയാസ് എന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ പ്രീമിയം ഡീലർഷിപ് ശൃംഖലയായ നെക്സ വഴി വിൽപ്പനയ്ക്കെത്തുന്ന സിയാസിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാരുതി സുസുക്കി കാര്യമായ പരിഷ്കാരവും  നടപ്പാക്കിയിരുന്നു. പുതിയ 1.5 ലീറ്റർ, കെ 15 സ്മാർട് ഹൈബ്രിഡ് പെട്രോൾ എൻജിൻ അരങ്ങേറിയതിനൊപ്പം ലിതിയം അയോൺ ബാറ്ററിയുടെ പിൻബലത്തോടെ സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി (എസ് എച്ച് വി എസ്) എന്ന മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും കമ്പനി കാറിൽ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com