ADVERTISEMENT

വൈദ്യുത വാഹന നിർമാണത്തിലെ സ്റ്റാർട് അപ് സംരംഭകരായ ടോർക്ക് മോട്ടോഴ്സിനു പിന്തുണയുമായി രത്തൻ ടാറ്റ രംഗത്ത്. ടാറ്റ സൺസിന്റെ ചെയർമാൻ രത്തൻ ടാറ്റ പുണെ ആസ്ഥാനമായ ടോർക്ക് മോട്ടോഴ്സിൽ നടത്തിയ നിക്ഷേപം എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല. മൂന്നു വർഷം മുമ്പ് 2016ൽ ഭാരത് ഫോർജും ഓൺലൈൻ റൈഡ് ഹെയ്‌ലിങ് കമ്പനിയായ ഓല കാബ്സ് സ്ഥാപകനായ ഭവിഷ് അഗർവാളും ടോർക്ക് മോട്ടോഴ്സിൽ നിക്ഷേപം നടത്തിയിരുന്നു. 

കഴിഞ്ഞ വർഷങ്ങൾക്കിടെ വൈദ്യുത വാഹനങ്ങളോടുള്ള കാഴ്ചപ്പാടിൽ ഗണ്യമായ മാറ്റം വന്നിട്ടുണ്ടെന്നു രത്തൻ ടാറ്റ അഭിപ്രായപ്പെട്ടു. വൻതോതിലുള്ള മാറ്റത്തിനാണ് ഈ വ്യവസായ മേഖല സാക്ഷ്യം വഹിക്കുന്നത്. ടോർക്ക് മോട്ടോഴ്സിന്റെ ആശയത്തിലും സമീപനത്തിലും പ്രതീക്ഷയർപ്പിച്ചാണ് തന്റെ നിക്ഷേപമെന്നും ടാറ്റ വിശദീകരിച്ചു. കമ്പനിയിൽ രത്തൻ ടാറ്റ അർപ്പിച്ച വിശ്വാസത്തിൽ ടോർക്ക് മോട്ടോഴ്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കപിൽ ഷെൽകെ ആഹ്ലാദം രേഖപ്പെടുത്തി. വൻവളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള ഘട്ടത്തിലേക്കാണ് ഇന്ത്യൻ വാഹന വ്യവസായം നീങ്ങുന്നതെന്ന തങ്ങളുടെ വിശ്വാസത്തിനുള്ള അംഗീകാരമാണ് ടാറ്റയുടെ നിക്ഷേപമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ആദ്യ മോഡലായ ‘ടി സിക്സ് എക്സ്’ ഇ ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള അവതരണത്തിനു തയാറെടുക്കുന്നതിനിടെയാണ് ടോർക്ക് മോട്ടോഴ്സിലേക്ക് ടാറ്റയുടെ നിക്ഷേപമെത്തുന്നത്. 2015 മധ്യത്തിലാണു കമ്പനി ‘ടി സിക്സ് എക്സി’ന്റെ അവതരണത്തിനുള്ള നടപടികൾ ആരംഭിച്ചത്; 2016 സെപ്റ്റംബറിൽ ഇ ബൈക്കിന്റെ ആദ്യ മാതൃകയും തയാറായി. 

ദശാബ്ദത്തോളം നീണ്ട ഗവേഷണ, വികസന പദ്ധതികൾക്കിടെ ‘ടി സിക്സ് എക്സി’നായി അഞ്ചു മാതൃകകളാണു ടോർക്ക് മോട്ടോഴ്സ് തയാറാക്കിയത്. അവതരണത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്ന വ്യക്തമായ സൂചന നൽകി ഈ വർഷം ആദ്യം ‘ടി സിക്സ് എക്സി’ന്റെ പരീക്ഷണ ഓട്ടവും നടന്നിരുന്നു. തുടക്കത്തിൽ പുണെ, ബെംഗളൂരു നഗരങ്ങളിൽ ‘ടി സിക്സ് എക്സ്’ അവതരിപ്പിക്കാനാണു ടോർക്ക് മോട്ടോഴ്സിന്റെ നീക്കം; ക്രമേണ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇ ബൈക്ക് വിൽപ്പനയ്ക്കെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com